വൃദ്ധമന്ദിരം സന്ദര്‍ശനം നടത്തി ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ആന്‍ഡ് ആര്‍ഡിഒ
ഇരിങ്ങാലക്കുട: മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ആന്‍ഡ് റവന്യു ഡിവിഷണല്‍ ഓഫീസര്‍ എം.എച്ച്. ഹരീഷ് ഠാണാവിലുള്ള ശാന്തിസദനം ഓള്‍ഡ് ഏജ് ഹോമില്‍ സന്ദര്‍ശനം നടത്തി. നിലവില്‍ 25 ഓളം വയോധികരെ പുനരധിവസിപ്പിച്ചിരിക്കുന്ന ഈ സ്ഥപനത്തിന്റെ പ്രവര്‍ത്തനം, അന്തേവാസികളുടെ ക്ഷേമം എന്നിവ ആര്‍ഡിഒ വിലയിരുത്തി. ഓള്‍ഡ് ഏജ് ഹോം സുപ്പീരിയര്‍ സിസ്റ്റര്‍ സ്മിത മരിയ, കറസ്പോണ്ണ്ടന്റായ സിസ്റ്റര്‍ മെര്ലിന് ജോസ് എന്നിവര്‍ സ്ഥാപനത്തേക്കുറിച്ചും പ്രവര്‍ത്തങ്ങളെക്കുറിച്ചും വിശദീകരിച്ചു. ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും നേതൃത്വത്തില്‍ മക്കള്‍ സംരക്ഷിക്കാത്ത ഒരു വൃദ്ധമാതാവിനെ മാസങ്ങള്‍ക്ക് മുന്നേ ശാന്തിസദനം ഓള്‍ഡ് ഏജ് ഹോമിലേയ്ക്കു മാറ്റുകയും ചികിത്സ, സംരക്ഷണം എന്നിവ മികച്ച രീതിയില്‍ ഉറപ്പാക്കുകയും ചെയ്തിരുന്നു.
ഇവരുടെ തുടര്‍ ചികിത്സയ്ക്കും മറ്റുമായി ചെലവായ തുകയിലേയ്ക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം അനുവദിച്ച വിവരവും ഇരിങ്ങാലക്കുട ആര്‍ഡിഒ സ്ഥാപന നടത്തിപ്പുകാരെ അറിയിച്ചു. സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനും സംരക്ഷണത്തിനും നമ്മുടെ രാജ്യത്ത് നിയമമുണ്ടെന്നും, വയോജങ്ങളുടെ സംരക്ഷണമുറപ്പാക്കുക എന്നത് സമൂഹത്തിന്റെ കടമയാണെന്നും ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ആന്‍ഡ് റവന്യു ഡിവിഷണല്‍ ഓഫീസര്‍ എം.എച്ച്. ഹരീഷ് പറഞ്ഞു. സീനിയര്‍ സൂപ്രണ്ട് പി. രേഖ, ജൂണിയര്‍ സൂപ്രണ്ട് ഐ.കെ. പൂക്കോയ, മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് മാര്‍ഷല്‍ സി. രാധാകൃഷ്ണന് എന്നിവര്‍ ആര്ഡിഒയ്ക്കൊപ്പം ഉണ്ടായിരുന്നു.