ജീവന്റെ സുവിശേഷ പ്രഘോഷകരാകുവാൻ വിളിക്കപ്പെട്ട വലിയ കുടുംബങ്ങളുടെ സംഗമമായ ബിഗ് ഫാ
ഇരിങ്ങാലക്കുട: ജീവന്റെ സുവിശേഷ പ്രഘോഷകരാകുവാൻ വിളിക്കപ്പെട്ട വലിയ കുടുംബങ്ങളുടെ സംഗമമായ ബിഗ് ഫാ കൊടകര സഹൃദയയിൽ വെച്ച് ഇരിങ്ങാലക്കുട രൂപതാ ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. കുടുംബവർഷത്തിന്റെ രൂപതാ തല സമാപനത്തിന്റെയും രൂപതാ പ്രോലൈഫ് ട്രസ്റ്റിന്റെ ഒന്നാം വാർഷികത്തിന്റെയും ഭാഗമായി നടന്ന പരിപാടിയിൽ രൂപതാ പ്രോലൈഫ് ട്രസ്റ്റ് ഡയറക്ടർ റവ. ഫാ. ജോജി പാലമറ്റത്ത് സ്വാഗതം ആശംസിച്ചു. സ്നേഹത്തിന്റെയും ജീവന്റെയും കൂടാരങ്ങളായ മുന്നൂറിലധികം വലിയ കുടുംബങ്ങൾ പങ്കെടുത്ത സംഗമത്തിൽ പ്രശസ്ത സിനിമാ താരം സിജോയ് വർഗീസ് മുഖ്യാതിഥി ആയിരുന്നു. മാതാപിതാക്കളുടെ വിശുദ്ധിയും പ്രാർത്ഥനയുമാണ് നല്ല കുടുംബങ്ങൾക്ക് അടിസ്ഥാനമെന്ന് സിജോയ് വർഗ്ഗീസ് സാക്ഷ്യപ്പെടുത്തി. രാവിലെ നടന്ന പഠന ക്ലാസ്സുകൾക്ക് പ്രമുഖ പൾമനോളജിസ്റ്റും പ്രോലൈഫറുമായ് ഡോ. അബ്രാഹം ജേക്കബ് നേതൃത്വം നൽകി. ചടങ്ങിന് അവസാനം സിനിമാ താരം ശ്രീ സിജോയ് വർഗ്ഗീസിന്റെ സാന്നിദ്ധ്യത്തിൽ രൂപതാ മെത്രാൻ എല്ലാ കുടുംബങ്ങൾക്കും സ്വർണ പതക്കം നൽകി കൊണ്ട് ആദരിച്ചു. രൂപതാ വികാരി ജനറാൾമാരായ മോൺ ഫാ. ജോസ് മഞ്ഞളി, മോൺ. ഫാ. ജോയി പാലിയേക്കര, രൂപത ചാൻസലർ റവ ഫാ . നെവിൻ ആട്ടോക്കാരൻ, ജനറൽ കൺവീനർ ഡോ റെജു വർഗ്ഗീസ് തുടങ്ങിയവർ കുടുംബ സംഗമത്തിന് നേതൃത്വം നൽകി.