കനത്ത മഴ, കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആനയില്ലാ ശീവേലി
ഇരിങ്ങാലക്കുട: കനത്ത മഴയെ തുടര്‍ന്ന് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇന്നലെ ആനയില്ലാ ശീവേലി. ഞായറാഴ്ച രാവിലെ മഴ രൂക്ഷമായതോടെ ക്ഷേത്രമതില്‍ക്കെട്ടിനകത്ത് വെള്ളം കയറി. ഇതേ തുടര്‍ന്നാണ് ശീവേലിക്ക് മേളവും ആനയും ഒഴിവാക്കിയത്. ആനകളുടെയും മേളത്തിന്റെയും അകമ്പടിയില്ലാതെ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തന്ത്രിമാര്‍ ഭഗവാന്റെ തിടമ്പ് കയ്യിലേന്തിയാണ് ശീവേലി ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. ഉത്സവനാളുകളില്‍ ഏറെ തിരക്ക് അനുഭവപ്പെടേണ്ടിയിരുന്ന ദിവസമാണ് ഒഴിവുദിനമായ ഞായറാഴ്ച. ക്ഷേത്രമതില്‍ക്കെട്ടിനകത്തും എക്സിബിഷന് ഹാളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ഇത് എക്സിബിഷനെ സാരമായി ബാധിച്ചിട്ടുണ്ട്. 167 മില്ലി മീറ്റര്‍ മഴയാണ് ഇന്നലെ ഇരിങ്ങാലക്കുടയില്‍ രേഖപ്പെടുത്തിയത്.
കൂടല്‍മാണിക്യത്തില്‍ ഇന്ന്-നാലാം ദിവസം
രാവിലെ 8.30 മുതല്‍ ശീവേലി, ഉച്ചയ്ക്ക് രണ്ടു മുതല്‍ 2.30 വരെ എന്‍.കെ. ശങ്കരന്‍കുട്ടി അവതരിപ്പിക്കുന്ന കര്‍ണാടക സംഗീതം, 2.30 മുതല്‍ മൂന്നു വരെ തെക്കെ മനവലശേരി എന്‍എസ്എസ് വനിതാസമാജം അവതരിപ്പിക്കുന്ന തിരുവാതിരക്കളി, മൂന്നു മുതല്‍ നാലുവരെ കലാമണ്ഡലം ഊര്‍മിളയും സംഘവും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍, നാലു മുതല്‍ അഞ്ചുവരെ രജിത ചന്ദ്രന് അവതരിപ്പിക്കുന്ന കുച്ചിപ്പുടി, അഞ്ചു മുതല്‍ ഏഴുവരെ പുല്ലാങ്കുഴല്‍കച്ചേരി (പുല്ലാങ്കുഴല്‍-മൈസൂര്‍ ചന്ദന്‍കുമാര്‍, വയലിന്-ട്രിവാന്‍ഡ്രം സമ്പത്ത്, മൃദംഗം-ബാലകൃഷ്ണ കമ്മത്ത്, ഗഞ്ചിറ-ഉടുപ്പി ശ്രീകാന്ത്), രാത്രി ഏഴു മുതല്‍ ഒമ്പതു വരെ പ്രദീപ് മൊഹന്തിയും സംഘവും അവതരിപ്പിക്കുന്ന മയൂര്ബംഗ് ചാവു, സുകാന്ത് കുമാര്‍ ആചാര്യയും സംഘവും അവതരിപ്പിക്കുന്ന സെറിക്കെല്ല ചാവു, ഒമ്പതു മുതല്‍ 10.30 വരെ പ്രതീക്ഷ കാശി അവതരിപ്പിക്കുന്ന വൈഭവം കുച്ചുപ്പുടി, രാത്രി 9.30 മുതല്‍ വിളക്, തുടര്‍ന്ന് ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ അവതരിപ്പിക്കുന്ന പഞ്ചാരിമേളം, രാത്രി 12 മുതല്‍ ദുര്യോധനവധം കഥകളി അരങ്ങേറും. വൈകീട്ട് 5.30 നു കുലീപിനി തീര്ഥമണ്ഡപത്തില് നാരായണന് നമ്പ്യാര്‍ അവതരിപ്പിക്കുന്ന പാഠകം, 6.30 നു രാജീവ് വെങ്കിടങ്ങ് അവതരിപ്പിക്കുന്ന കുറത്തിയാട്ടം, രാവിലെ ശീവേലിക്കുശേഷം സന്ധ്യാവേലപ്പന്തലില്‍ രാജീവ് വെങ്കിടങ്ങ് അവതരിപ്പിക്കുന്ന ഓട്ടന്തുള്ളല്, വൈകീട്ട് 4.30 മുതല്‍ സോപാനസംഗീതം, സന്ധ്യക്ക് കേളി, നാഗസ്വരം, മദ്ദളപ്പറ്റ്, കൊമ്പുപറ്റ്, കുഴല്‍പ്പറ്റ് എന്നിവ ഉണ്ടാകും.