കഞ്ചാവ് മാഫിയ സംഘം വീടുകയറി ആക്രമിച്ചു; പരിക്കേറ്റ വീട്ടമ്മയും രണ്ടു മക്കളും ആശുപത്രിയില്‍
ലഹരി മാഫിയ സംഘത്തിന്റെ മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന ഹേമലത.
ഇരിങ്ങാലക്കുട: കഞ്ചാവ് മാഫിയ സംഘത്തിന്റെ വീടുകയറി ആക്രമണത്തില്‍ പരിക്കേറ്റ വീട്ടമ്മയും രണ്ടു മക്കളും ആശുപത്രിയില്‍ ചികിത്സയില്‍. കരുവന്നൂര്‍ വടക്കേ കൊഞ്ചത്ത് വീട്ടില്‍ സോമന് ഭാര്യ ഹേമലത (56), ഇരട്ട മക്കളായ സോഹിന്‍ (27), സോഹി (27) എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇന്നലെ ഉച്ചതിരിഞ്ഞ് നാലു മണിയോടെയാണ് സംഭവം. പൊറത്താട് പടിഞ്ഞാട്ടുമുറിയില്‍ പുരിയാറ്റുപറമ്പില് കുടുംബക്ഷേത്രത്തിലെ ജീവനക്കാരിയായ ഹേമലത ക്ഷേത്രത്തിനു സമീപം പുല്ലു നീക്കം ചെയ്യുന്ന പണി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയം ഇതുവഴി രണ്ടുപേര്‍ ബൈക്കില്‍ ബഹളം വെച്ച് വരികയും വടിവാള്‍ വീശികൊണ്ട് വെട്ടുമെന്നും മക്കളെ കൊല്ലുമെന്നും പറഞ്ഞു.
എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ ഇവര്‍ മറുപടി പറഞ്ഞില്ല. ഈ സമയം മകന് സോഹിന്‍ അടുത്തുള്ള വീട്ടില്‍ ഭക്ഷണം കഴിക്കുകയായിരുന്നു. അക്രമിസംഘം സോഹിനു നേരേ പാഞ്ഞടുത്ത് കയര്‍ക്കുകയും മര്‍ദിക്കുകയും ചെയ്തു. മകനെ മര്‍ദിക്കുന്നതു കണ്ട ഹേമലത ഇവരുടെ അരികിലേക്ക് ഓടിവന്നു. ലഹരി മാഫിയ സംഘം ഹേമലതയെ കൈപിടിച്ച് വട്ടം കറക്കുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ സംഘം കരുവന്നൂര്‍ ബംഗ്ലാവിനു സമീപത്തെ ചേലകടവ് ഭാഗത്തേക്ക് പോകുമ്പോള്‍ ഹേമലതയുടെ മറ്റൊരു മകനായ സോഹി അവിടെ നില്ക്കുന്നതു കണ്ടു.
സോഹിയുടെ നേരെ ഇവര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. ക്രൂരമര്‍ദനമേറ്റ സോഹി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും അക്രമി സംഘം മാരകായുധങ്ങളുമായി പിന്തുടര്ന്നിരുന്നു. സോഹിയുടെ ബൈക്ക് അക്രമി സംഘം തട്ടിയെടുത്തുകൊണ്ടു പോയിരുന്നു. ഭയത്താല്‍ പൊന്തക്കാട്ടില്‍ ഒളിച്ചിരുന്ന സോഹി മണിക്കൂറുകള്‍ക്കു ശേഷമാണ് പുറത്തുവന്നത്. മൂവരും മാപ്രാണം ലാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുമ്പും വ്യക്തിവൈരാഗ്യം വെച്ചുള്ള ഉപദ്രവം ഉണ്ടായിട്ടുണ്ടെന്ന് പരിക്കേറ്റവര്‍ പറയുന്നു. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
മുമ്പ് നിരവധി മയക്കു മരുന്നു കേസുകളിലും ക്രിമിനല്‍ കേസുകളിലും ഉള്‍പ്പെട്ടവരാണ് അക്രമത്തിനു പിന്നില്‍. കരുവന്നൂര്‍ ബംഗ്ലാവിനു സമീപത്തെ ചേലകടവ്, ജനത ഉന്നതി എന്നിവിടങ്ങള്‍ ലഹരിമാഫിയയുടെ താവളങ്ങളാണ്. സംഭവത്തിനു ശേഷം കരുവന്നൂര്‍ ബംഗ്ലാവ് മേഖലകളില്‍ രാത്രിയിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ഇരുട്ടത്തിരിക്കാം; വൈദ്യുതി ബില്ലില്‍ ഷോക്കേല്‍ക്കാം !
കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്