നിലം പൊത്താറായ പ്ലാസ്റ്റിക് കൂരക്കുമുന്നില് നിന്ന് വള്ളിയമ്മയും കുടുംബവും ചോദിക്കുന്നു .. അന്തിയുറങ്ങാനൊരു വീട് തരുമോ
പാവങ്ങളോടാണോ ഈ ചതി…..
നിലം പൊത്താറായ പ്ലാസ്റ്റിക് കൂരക്കുമുന്നില് നിന്ന് വള്ളിയമ്മയും കുടുംബവും ചോദിക്കുന്നു .. അന്തിയുറങ്ങാനൊരു വീട് തരുമോ
ഇരിങ്ങാലക്കുട: വള്ളിയമ്മയുടെയും കുടംുബത്തിന്റെയും ലൈഫ് ഈ നിലംപൊത്താറായ കുടിലില് തന്നെ. പ്രളയത്തില് നശിച്ച വീടിനു പകരം ഭവന പദ്ധതിയില് പുതിയ വീടു നിര്മിക്കാമെന്നു അറിയിച്ച് വഞ്ചിക്കപ്പെട്ടവരാണ് വള്ളിയമ്മയും കുടുംബവും. ലൈഫ് പദ്ധതിയില് ഉള്പ്പെടുത്തി തറ കെട്ടിയെങ്കിലും ആദ്യഘട്ട നിര്മാണം കഴിഞ്ഞതോടെ വള്ളിയമ്മ ലൈഫ് ഭവന പദ്ധതിയില് നിന്നും പുറത്തായി. മുനയം സ്വദേശിയായ തുപ്രാടന് വള്ളിയമ്മയുടെ (75) ഇപ്പോഴത്തെ താമസം ടാര്പോളിന് ഷീറ്റ് മേഞ്ഞ കുടിലിലാണ്.
വള്ളിയമ്മക്കു പുറമേ മകനും മരുമകളും രണ്ടു പേരകുട്ടികളുമാണ് ഈ കുടിലില് താമസിക്കുന്നത്. പ്ലസ്ടുവിനും പത്താം ക്ലാസിലും പഠിക്കുന്ന പേരകുട്ടികളുടെ പഠനം പോലും അവതാളത്തിലാകുമെന്ന ആശങ്കയിലാണ് മാതാപിതാക്കള്. മത്സ്യതൊഴിലാളിയായ മകന് ദിനേശ് ഇടക്ക് തൊഴിലുറപ്പിനും പോകും. മരുമകള് ഷീബയും തൊഴിലുറപ്പു പണിക്കു പോകും. ഇവര്ക്കു ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഈ കുടിലിലെ കുടുംബം മുന്നോട്ട് പോകുന്നത്.
കനോലി കനാലിന്റെ തീരത്തെ അഞ്ചര സെന്റ് സ്ഥലത്തു താല്ക്കാലിക ഷെഡില് വര്ഷങ്ങളായി താമസിക്കുന്ന ഇവര്ക്കു കനാല് വീതി കൂട്ടുന്ന പ്രവര്ത്തനങ്ങള് ആരംഭിക്കുന്നതിനാല് ലൈഫില് ഇനി തുക അനുവദിക്കാന് നിര്വാഹമില്ലെന്നായിരുന്നു ഉദ്യോസ്ഥരുടെ മറുപടിയെന്നു വള്ളിയമ്മ പറയുന്നു. 2018 ലെ പ്രളയത്തിലാണ് ഓല മേഞ്ഞ വീടു നശിച്ചത്. പട്ടികജാതി വിഭാഗത്തില് ഉള്പ്പെട്ട ഇവര്ക്ക് ലൈഫ് ഭവന പദ്ധതിയില് വീട് നിര്മിക്കാന് 95,000 രൂപ ആദ്യ തുക ലഭിച്ചു തറ പണി കഴിഞ്ഞു രണ്ടാം ഘട്ടത്തിലെ തുക ലഭിക്കാനുള്ള അപേക്ഷ നല്കിയ സമയത്താണ് ലൈഫ് മിഷന്റെ സൈറ്റില് നിന്നും വള്ളിയമ്മയുടെ പേര് അപ്രത്യക്ഷമായ വിവരം അറിഞ്ഞത്.
ഇതോടെ ഉദ്യോഗസ്ഥര് അപേക്ഷ നിരസിച്ചു. വീടിനായി ഇരിങ്ങാലക്കുട താലൂക്ക് ഓഫീസില് അപ്പീല് നല്കിയെങ്കിലും നടപടി ഉണ്ടായില്ല. കഴിഞ്ഞ ഡിസംബറില് നടന്ന നവകേരള സദസില് പരാതി നല്കിയതിനെ തുടര്ന്നു വില്ലേജ് ഓഫീസര് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും നടപടിയായില്ല. വള്ളിയമ്മയടക്കം രാത്രി കഴിച്ചു കൂട്ടുന്നത് ബന്ധു വീടുകളിലാണ്.