ജൈവവൈവിധ്യ ലോകത്തേക്ക് കേരളത്തില്‍ നിന്നും അഞ്ച് പുതിയ ജീവികള്‍ കൂടി
ലൂകാജ റുബറോമകുലേറ്റ എന്ന പുതിയ ഇനം ചിലന്തി, ദ്രാവിഡ ജനുസില്‍ ഉള്‍പ്പെടുന്ന പുതിയ ഇനം മണ്ണിര, സ്പെക്കൂലിടെര്മസ് എന്ന പുതിയ ഇനം ചിതല്, ഡോളിക്കോഡെറസ് റൂബ്രാഗാസ്റ്റര് എന്ന പേര് നല്കിയ പുതിയ ഇനം ഉറുമ്പ്.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ ജൈവവൈവിധ്യ ഗവേഷണകേന്ദ്രം പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ശിരുവാണി കാടുകളില്‍ നടത്തിയ പഠനത്തില്‍ അഞ്ച് പുതിയ ജീവികളെ കൂടി കണ്ടെത്തി. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനില്‍ ഉള്‍പ്പെട്ട അഗളി ഫോറസ്റ്റ് റേഞ്ച് ഏരിയയുടെ കീഴില്‍ വരുന്ന ശിരുവാണി ഡാമിനോട് ചേര്‍ന്നുള്ള കാടുകളിലാണ് പഠനം നടത്തിയത്. ചിലന്തി, തേരട്ട, മണ്ണിര, ഉറുമ്പ്, ചിതല് എന്നീ വിഭാഗങ്ങളില്‍പെട്ട അഞ്ച് ജീവികളെയാണ് ഗവേഷണസംഘം പുതിയതായി കണ്ടെത്തിയത്.
നീണ്ട നേര്‍ത്ത കാലുകളുള്ള ചിലന്തികള്‍ ഉള്‍പ്പെടുന്ന ഫോള്സിഡേ ഫോള്ക്കസ് കുടുംബത്തില്‍പ്പെട്ട ലെപ്റ്റോ ശിരുവാണിയന്സിസ് എന്ന പുതിയ ഇനം ചിലന്തിയെയാണ് ശിരുവാണി കാടുകളില്‍ നിന്നും കണ്ടെത്തിയിട്ടുള്ളത്. ഇതോടൊപ്പം നീണ്ട താടിക്കാരന് ചിലന്തി വിഭാഗത്തില്‍ വരുന്ന ലൂകാജ് റുബറോമകുലേറ്റ എന്ന ഇനം ചിലന്തിയെ ഇന്ത്യയില്‍ നിന്നും ഇതാദ്യമായി ഈ ഗവേഷണസംഘം ഇവിടെ നിന്നും കണ്ടുപിടിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന പോളിഡസ്മിഡ എന്ന വിഭാഗത്തിലെ പാരഡോക്സോസൊമാറ്റിഡേ എന്ന കുടുംബത്തില്‍ ഉള്‍പ്പെടുന്ന പോളിഡ്രിപ്പാനും എന്ന ജനുസ്സില്‍ പെടുന്ന തേരട്ടയെയാണ് പുതുതായി കണ്ടെത്തിയിരിക്കുന്നത്. നിത്യഹരിത വനങ്ങളില്‍ ഈര്‍പ്പമുള്ള നിലങ്ങളിലെ ജീര്‍ണ്ണിക്കുന്ന മരത്തടികളുടെയും ഇലകളുടെയും അടിയിലാണ് ഇവ പ്രധാനമായും കണ്ടുവരുന്നത്.
ടെര്മിറ്റിഡേ കുടുംബത്തില്‍ ഉള്‍പ്പെടുന്ന അപ്പിക്കോടെര്മിറ്റിനേ ഉപകുടുംബത്തിലെ സ്പെക്കൂലിടെര്മസ് ജനുസില്‍ ഉള്‍പ്പെടുന്ന പുതിയ ഇനം ചിതലിനെയാണ് കണ്ടെത്തിയത്. ചിതലുകളില്‍ ഏറ്റവും കുറവ് പഠനം നടന്നിട്ടുള്ള കുടുംബങ്ങളില്‍ ഒന്നാണ് അപ്പികോടെര്മിറ്റിനേ, ഈ ഉപകുടുംബത്തില്‍ ആകെ നാല് ജനുസ്സ് മാത്രമാണ് ഇന്ത്യയില്‍ നിന്നും കണ്ടെത്തിയിട്ടുള്ളത്. ചുവപ്പും കറുപ്പും നിറത്തോടുകൂടിയ ഇനം ഉറുമ്പുവര്ഗത്തെയാണ് പുതുതായി കണ്ടെത്തിയിരിക്കുന്നത്. ഡോളിക്കോഡെറസ് റൂബ്രാഗാസ്റ്റര് എന്ന പേര് നല്കിയ ഇവ ഡോളിക്കോഡെറിനേ എന്ന ഉപകുടുംബത്തിലും ഡോളിക്കോറസ് എന്ന ജനുസിലും ഉള്‍പ്പെടുന്നു. ലോകത്തില്‍ ആകെ 150 ഇനം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ നിന്ന് വെറും 10 ഇനം മാത്രമേ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ. ഇന്ത്യയിലാകെ അഞ്ച് ശതമാനത്തില്‍ താഴെയാണ് ഉപകുടുംബത്തില്‍ ഉള്‍പ്പെട്ട ഉറുമ്പുകള്‍ ഉളളത്.
ഉദരഭാഗം ചുവപ്പുനിറത്തില്‍ കാണപ്പെടുന്നതിനാല്‍ ലാറ്റിന്‍ ഭാഷയില്‍ അതേ അര്‍ത്ഥം വരുന്ന ശാസ്ത്രീയ നാമമാണ് ഈ പുതിയ ഇനം ഉറുമ്പുകള്‍ക്ക് നല്‍കിയിരിക്കുന്നത്. മൊണിലിഗാസ്ട്രിഡ വിഭാഗത്തിലെ മൊണിലിഗാസ്ട്രിഡേ കുടുംബത്തില്‍പെട്ട ദ്രാവിഡ ജനുസില്‍ ഉള്‍പ്പെടുന്ന പുതിയ ഇനം മണ്ണിരയെയാണ് ഈ ഗവേഷണ സംഘം പശ്ചിമഘട്ട മലനിരകളില്‍ നിന്നും കണ്ടെത്തിയിട്ടുള്ളത്. മണ്ണിരയുടെ ശരീര ഭാഗമായ ക്ലൈറ്റല്ലം ഒരേ ഒരു പാളിയാല്‍ മാത്രം നിര്‍മ്മിതമാണ് എന്നതാണ് ഈ മണ്ണിരയുടെ സവിശേഷത.
ഗവേഷണകേന്ദ്രം മേധാവി ഡോ. സുധികുമാര്‍ എ.വി.യുടെ നേതൃത്വത്തില്‍ നടത്തിയ ഈ പഠനത്തില്‍ ഗവേഷണവിദ്യാര്‍ഥികളായ അഞ്ചു കെ. ബേബി, കെ.കെ. സിബി, ഒ.എം. മുഹ്സിന, യു.എം. ജ്യോതി, ആര്. രേഷ്മ, ഐശ്വര്യ മുരളീധരന്, ആര്‍ദ്ര മേനോന് എന്നിവര്‍ പങ്കാളികളായി. ദേശീയ ശാസ്ത്രവ്യവസായ ഗവേഷണ കൗണ്‍സിലിന്റെയും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെയും സാമ്പത്തിക സഹായത്തോടെ നടത്തിയ ഈ പഠനങ്ങള്‍ അന്താരാഷ്ട്ര ശാസ്ത്രമാസികകളായ സൂടാക്സ, നാഷണല്‍ അക്കാദമി സയന്‍സ് ലെറ്റേഴ്സ്, അരക്നോളജി, ടാപ്രോബനിക്ക എന്നിവയുടെ അവസാനലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ വിജയോത്സവം നടന്നു
ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍
എസ്എന്‍ പബ്ലിക് ലൈബ്രറിയില്‍ വായനാപക്ഷാചരണം നടത്തി എന്‍എസ്എസ് വളണ്ടിയേഴ്സ്
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ പദ്ധതി; നാപ്കിന് ഇന്‍സിനേറ്റര്‍ നല്കി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഇടവകദിനം ബെറാക്ക 2026 ആഘോഷിച്ചു
പുളിക്കലച്ചിറ പാലം അവസാനഘട്ടത്തില്‍; അപ്രോച്ച് റോഡ് നിര്‍മാണം തുടങ്ങി