2025 പരിശുദ്ധ മറിയത്തിന്റെ വേഷധാരികള്‍; ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ് സ്വന്തമാക്കി ചരിത്രമെഴുതി
ഇരിങ്ങാലക്കുട രൂപത മാതൃവേദിയുടെ നേതൃത്വത്തില്‍ മഹാജൂബിലിയുടെ ഭാഗമായി 2025 അമ്മമാര്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ വ്യത്യസ്ത വേഷവുമായുള്ള ചടങ്ങിനുള്ള ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, മാതൃവേദി രൂപത പ്രസിഡന്റ് സിനി ഡേവിസ് കാവുങ്ങല്‍, രൂപത സെക്രട്ടറി സെലിന് ജെയ്സണ്‍ എന്നിവര്‍ ഏറ്റുവാങ്ങുന്നു.
അത്യപൂര്‍വമായ അമ്മ മനസിന്റെ മഹാസംഗമം
മഹാജൂബിലി വര്‍ഷത്തില്‍ 2025 പരിശുദ്ധ മറിയത്തിന്റെ വേഷധാരികള്‍; ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ് സ്വന്തമാക്കി ചരിത്രമെഴുതി
ഇരിങ്ങാലക്കുട: മാതൃത്വത്തിന്റെ വാത്സല്യം നിറഞ്ഞൊഴുകിയ ഒരു അവിസ്മരണീയ മുഹൂര്‍ത്തത്തിനാണ് ഇരിങ്ങാലക്കുട രൂപത ഇന്നലെ സാക്ഷ്യം വഹിച്ചത്. വരുംതലമുറയ്ക്ക് മാതൃത്വത്തിന്റെ മഹത്വത്തെക്കുറിച്ചുള്ള ഉദാത്തമായ സന്ദേശം നല്കുന്ന ചരിത്രപരമായ ഒരു സംഭവമായിരുന്നു ഇത്. 2025 മഹാജൂബിലി വര്‍ഷത്തോടനുബന്ധിച്ച് മാതാവിനോടൊപ്പം ടുകെ25 എന്ന പേരില്‍ ഇരിങ്ങാലക്കുട രൂപത മാതൃവേദി സംഘടിപ്പിച്ച ഈ പരിപാടിയില്‍ ഒരേ സമയം 2025 അമ്മമാര്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ വേഷധാരികളായി അണിനിരന്നപ്പോള്‍ അത് സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ദീപ്തമായ ഒരു ദൃശ്യവിരുന്നായി മാറി.

രൂപതയുടെ 141 ഇടവകകളില്‍ നിന്നുമെത്തിയ അമ്മമാര്‍ മാതാവിന്റെ കിരീടവും കാപ്പയുമണിഞ്ഞ് നിലയുറപ്പിച്ചപ്പോള്‍, അവിടെ പ്രതിധ്വനിച്ചത് നിസ്വാര്‍ഥമായ മാതൃഭാവത്തിന്റെ ഐക്യവും വിശുദ്ധ ജീവിതത്തിന്റെ പുണ്യവുമായിരുന്നു. സെന്റ് തോമസ് കത്തീഡ്രല്‍ അങ്കണത്തില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ തിരി തെളിയിക്കുകയും മാതൃവേദിയുടെ പതാക മാതൃവേദി രൂപത പ്രസിഡന്റ് സിനി ഡേവീസ് കാവുങ്ങലിനും പേപ്പല്‍ പതാക രൂപത സെക്രട്ടറിയും ജനറല്‍ കണ്‍വീനറുമായ സെലിന് ജെയ്സണും കൈമാറിയതോടെ 2025 മാതൃവേഷധാരികളുടെ ഘോഷയാത്രക്കു തുടക്കമായി.

ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. ജോളി വടക്കന്‍, മോണ്‍. വില്‍സണ്‍ ഈരത്തറ, കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, രൂപത മാതൃവേദി ഡയറക്ടര്‍ ഫാ. ആന്റോ കരിപ്പായി തുടങ്ങിയവര്‍ മുന്‍നിരയില്‍ അണിനിരന്നു. ജപമാലയുടെ ശില്പവുമായി കൊച്ചു മാലാഖമാര്‍ക്കു പിറകില്‍ പരിശുദ്ധ കന്യകാമാതാവിന്റെ തിരുസ്വരൂപം കൈകളിലേന്തിയ അമ്മമാര്‍.

തുടര്‍ന്നായിരുന്നു മഹാജൂബിലിയെ സൂചിപ്പിച്ച് വ്യത്യസ്ത മാതൃവേഷധാരികളായ 2025 അമ്മമാര്‍ അണിനിരന്നത്. റോസാമിസ്റ്റിക്ക മാതാവ്, വ്യാകുലമാതാവ്, വല്ലാര്‍പാടത്തമ്മ, ലാസലറ്റ് മാതാവ്, നിത്യസഹായ മാതാവ്, അമലോത്ഭവ മാതാവ്, കര്‍മല മാതാവ്, പ്രത്യാശയുടെ മാതാവ്, വിമലഹൃദയമാതാവ്, വരപ്രസാദമാതാവ്, ഫാത്തിമമാതാവ്, വേളാങ്കണ്ണി മാതാവ്, ജപമാല മാതാവ്, മെഡ്ജുഗോറിയന് മാതാവ്, കൃപാസന മാതാവ് എന്നിങ്ങനെ പരിശുദ്ധ കന്യകാമറിയത്തിന്റെ വിവിധ രൂപങ്ങള്‍ ഘോഷയാത്രയില സാന്നിധ്യമറിയിച്ചു.

ജപമാല ഉരുവിട്ടായിരുന്നു അമ്മമാര്‍ ഘോഷയാത്രയില്‍ അണിനിരന്നത്. കൈകളില്‍ ഉണ്ണിയേശുവിന്റെ രൂപവുമായി കൈ കുഞ്ഞുങ്ങളെ കൈകളിലേന്തി അമ്മമാര്‍ ഘോഷയാത്രയില്‍ അണിനിരന്നത് ഏറെ വൈകാരികമായ നിമിഷങ്ങള്‍ സമ്മാനിച്ചു. ഏറ്റവും കൂടുതല്‍ മാതൃവേഷധാരികള് പങ്കെടുത്തതിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക ഒന്നാം സ്ഥാനവും എലിഞ്ഞിപ്ര ലൂര്‍ദ് ഇടവക രണ്ടാം സ്ഥാനവും മറ്റത്തൂര്‍ നിത്യസഹായ മാത ഇടവക മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ദൈവഹിതം നിറവേറ്റാനുള്ള നല്ല മനസിന്റെ പ്രകാശനമാണ് ഈ കൂട്ടായ്മ: ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: ദൈവഹിതം നിറവേറ്റാനുള്ള നല്ല മനസിന്റെ പ്രകാശനമാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ വ്യത്യസ്ത വേഷവിധാനങ്ങളോടെ അമ്മമാര്‍ ഒത്തു കൂടിയതിലൂടെ തെളിയിക്കുന്നതെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട രൂപത മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മാതാവിനോടൊപ്പം ടുകെ25 ന്റെ സമാപനചടങ്ങില്‍ സംസാരിക്കുകയായിരുന്നു ബിഷപ്പ്. വിശ്വാസത്തിന്റെ വലിയ മാതൃകയും പ്രഘോഷണവുമാണിത്. പ്രത്യാശയോടെ സ്നേഹത്തിന്റെ സാക്ഷ്യവും ഭക്തിയുടെ നിറകുടവുമായി ആഴമേറിയ വിശ്വാസത്തോടു കൂടി ജീവതം മുന്നേറുവാന്‍ ഈ കൂട്ടായ്മക്കു സാധിക്കണമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. പി.പി. പീറ്റര്‍, എം.വി. ജോസ് എന്നിവര്‍ ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ് കൈമാറി. മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍, കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, മാതൃവേദി രൂപത ഡയറക്ടര്‍ ഫാ. ആന്റോ കരിപ്പായി, കത്തീഡ്രല്‍ മാതൃവേദി ഡയറക്ടര്‍ ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, ചലച്ചിത്രതാരം ഇന്നസെന്റ് സോണറ്റ്, മാതൃവേദി ഗ്ലോബല്‍ മുന്‍ ഡയറകടര്‍ ഫാ. വില്‍സണ്‍ എലുവത്തിങ്കല്‍ കൂനന്‍, മാതൃവേദി രൂപത പ്രസിഡന്റ് സിനി ഡേവിസ് കാവുങ്ങല്‍, രൂപത സെക്രട്ടറി സെലിന് ജെയ്സണ്‍, ഇരിങ്ങാലക്കുട ഫൊറോന പ്രസിഡന്റ് ജയ ജോസഫ്, കത്തീഡ്രല്‍ ട്രസ്റ്റി അഡ്വ.എം.എം. ഷാജന്, ഇടവക മാതൃവേദി പ്രസിഡന്റ് ജോയ്സി ഡേവിസ് ചക്കാലക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ജനമനസുകളില്‍ ആവേശ തിരയിളക്കി ജോസഫ് ചാക്കോയുടെ റോഡ് ഷോ
നഗരസഭ ചന്തക്കുന്ന് വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോബി കാളിയങ്കരയുടെ നാലാം ഘട്ട പര്യാടനം
ഠാണ- ചന്തക്കുന്ന് റോഡ് വികസനം; ഇടറോഡുകള്‍ ടാറിട്ടു
ഇന്റര്‍ഹൗസ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തി
അഖില കേരള സ്പെഷ്യല്‍ സ്കൂള്‍ ഫുട്ബോള്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി ഇരിങ്ങാലക്കുട പ്രതീക്ഷ ട്രെയിനിംഗ് സെന്റര്‍
കൊടുങ്ങല്ലൂര്‍ മാര്‍ത്തോമാ തീര്‍ഥാടനം