മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം
മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗത്തില്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സംസാരിക്കുന്നു.
കെഎസ്ടിപി റോഡ് നിര്‍മ്മാണത്തെ ചൊല്ലി വിമര്‍ശനങ്ങള്‍; അന്വേഷണത്തിന് എക്സിക്യൂട്ടീവ് എന്‍ജിനീയറെ ചുമതലപ്പെടുത്തിയിട്ടുള്ളതായി അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഇരിങ്ങാലക്കുട: കെഎസ്ടിപിയുടെ നേതൃത്വത്തില്‍ നടന്ന തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാന പാത നവീകരണവുമായി ബന്ധപ്പെട്ട് 18 ഓളം പരാതികള്‍ ലഭിച്ചതായി അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ മുകുന്ദപുരം താലൂക്ക് വികസന സമിതിയോഗത്തില്‍ അറിയിച്ചു. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് യോഗത്തില്‍ പങ്കെടുത്തവര്‍ ഉന്നയിച്ച പരാതികള്‍ക്ക് മറുപടിയായിട്ടാണ് എംഎല്‍എ ഇക്കാര്യം അറിയിച്ചത്. വിഷയം തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഉന്നയിച്ചതായും അന്വേഷിക്കുവാന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും എംഎല്‍എ വ്യക്തമാക്കി. ഇരിങ്ങാലക്കുട ഠാണാവില്‍ സബ് ജയില്‍ നിലനിന്നിരുന്ന സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് റവന്യൂ അധികൃതര്‍ വ്യക്തമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും നിയമപ്രശ്നമാണെന്നും റിപ്പോര്‍ട്ടിന്റെ ആധികാരികത സംബന്ധിച്ച് പരിശോധിക്കുമെന്നും എന്നിട്ട് മാത്രമേ നടപടികളിലേക്ക് കടക്കുകയുള്ളൂവെന്നും എംഎല്‍എ അറിയിച്ചു.
നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട ആളൂര്‍ പഞ്ചായത്തിനെ മുകുന്ദപുരം താലൂക്കില്‍ ഉള്‍പ്പെടുത്തണമെന്ന് ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാന്‍സിസ് ആവശ്യപ്പെട്ടു. നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട ആളൂര്‍ ഒഴികെ മറ്റ് പഞ്ചായത്തുകളെല്ലാം മുകുന്ദപുരം താലൂക്കിലാണ്. ഏതുകാര്യത്തിനും പഞ്ചായത്തിലെ ജനങ്ങള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ക്കായി ആശ്രയിക്കേണ്ടത് മുകുന്ദപുരം താലൂക്ക് ആസ്ഥാനമായ ഇരിങ്ങാലക്കുടയെയാണെന്നും പ്രസിഡന്റ് പറഞ്ഞു. ചാലക്കുടി താലൂക്ക് രൂപവത്കരിക്കുന്ന വേളയില്‍ ആളൂരിനെ മുകുന്ദപുരത്ത് തന്നെ നിലനിര്‍ത്തണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നതായി യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ പറഞ്ഞു. അന്ന് സാങ്കേതികത്വം പറഞ്ഞാണ് ചാലക്കുടിയിലേക്ക് മാറ്റിയത്. ആളൂര്‍ പഞ്ചായത്തിന്റെ ഭരണപരമായ കാര്യങ്ങളെല്ലാം ഇരിങ്ങാലക്കുടയുമായി ബന്ധപ്പെട്ടുനില്ക്കുന്നതിനാല് മുകുന്ദപുരം താലൂക്കില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെടുമെന്നും എംഎല്‍എ യോഗത്തില്‍ പറഞ്ഞു.
കെഎല്‍ഡിസി ഫണ്ട് മുരിയാട് കോള്‍ മേഖലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ആനുപാതികമായ നല്‍കണമെന്നും കുടിവെള്ള പദ്ധതികള്‍ക്കായി റോഡ് പൊളിക്കുമ്പോള്‍ റോഡുകളുടെ പുനര്‍നിര്‍മ്മാണവും ഉറപ്പുവരുത്തണമെന്ന് ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി ആവശ്യപ്പെട്ടു. പുതുക്കാട് മേല്‍പ്പാല നിര്‍മ്മാണം തൂണുകളില്‍ നിലനിറുത്തി പൂര്‍ത്തീകരിക്കുക, ആളൂര്‍ പഞ്ചായത്തിനെ മുകുന്ദപുരം താലൂക്കില്‍ ഉള്‍പ്പെടുത്തുക എന്നീ പ്രമേയങ്ങളും യോഗം അംഗീകരിച്ചു. യോഗത്തില്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. കണ്ണന്, ഭാഗ്യവതി ചന്ദ്രന്, കെ.എ. സുരേഷ്, ബീന സുരേന്ദ്രന്, റോസിലി പൗലോസ്, രതി ബാബു, ജനപ്രതിനിധികളെ പ്രതിനിധീകരിച്ച് ഇ.വി. സജീവ്, എ. ചന്ദ്രന്, രാഷ്ട്രീയകക്ഷികളെ പ്രതിനിധീകരിച്ച് ആന്റോ പെരുമ്പിള്ളി, കെ.സി. കാര്ത്തികേയന്, സി.യു. പ്രിയന്, വി.എം. മനോജ് തുടങ്ങിയവരും ചര്‍ച്ചകളില്‍ പങ്കെടുത്തു. തഹസില്‍ദാര്‍ എം. ശ്രീനിവാസന് സ്വാഗതം പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കത്തോലിക്ക കോണ്‍ഗ്രസ് ആഗോള സംഗമം റോമില്‍; പതാക പ്രയാണത്തിന് ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്കി
ക്രൈസ്റ്റ് കോളജില്‍ കണ്‍സ്യൂമര്‍ ക്ലബ് ഉദ്ഘാടനം ചെയ്തു
കേരള കോണ്‍ഗ്രസ് ജന്മദിനം ആഘോഷിച്ചു
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി
ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട യൂണിറ്റ് കരിദിനം ആചരിച്ചു
എവുപ്രാസ്യമ്മയുടെ തിരുനാളിന് കൊടിയേറി