31 ദിവസം… 31 കൊന്തകള്‍; മാതാവിനോടുള്ള സ്നേഹം കുഞ്ഞിക്കൈകളില്‍ കോര്‍ത്ത ഇവ മാറ്റില്ഡയും ഇനയ് മിഗുവേലും

കൊന്തമുത്തുകളില് കോര്‍ത്ത പ്രാര്‍ത്ഥന; ഈ കുഞ്ഞുങ്ങള്‍ വിസ്മയമാകുന്നു !
ഇരിങ്ങാലക്കുട: ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത് മൊബൈല്‍ ഫോണിന്റെയും ടെലിവിഷന്റെയും മുന്നില്‍ സമയം ചെലവഴിക്കുന്ന കുഞ്ഞുങ്ങള്‍ക്കിടയില്‍ വേറിട്ട മാതൃകയാവുകയാണ് രണ്ടു കുരുന്നുകള്‍. കൊന്തമാസമായ ഒക്ടോബറിലെ ഓരോ ദിനവും ഓരോ കൊന്ത വീതം സ്വന്തം കൈകളാല്‍ നിര്‍മ്മിച്ച് പരിശുദ്ധ മാതാവിന് സമര്‍പ്പിച്ചിരിക്കുകയാണ് ഊരകം സെന്റ് ജോസഫ് ഇടവകാംഗങ്ങളായ ഇവ മാറ്റില്ഡയും ഇനയ് മിഗുവേലും. ഒക്ടോബര്‍ ഒന്നുമുതല്‍ 31 വരെ ഒരു ദിവസം പോലും മുടങ്ങാതെയാണ് ഈ കുഞ്ഞുങ്ങള്‍ കൊന്തകള്‍ നിര്‍മ്മിച്ചത്. കുടുംബ പ്രാര്‍ത്ഥനയ്ക്കുശേഷം അന്നത്തെ കൊന്ത നിര്‍മ്മിച്ചശേഷം മാത്രമാണ് ഉറങ്ങാന്‍ പോയിരുന്നത്. കുഞ്ഞിക്കൈകളില്‍ ഓരോ മുത്തും കോര്‍ത്തിണക്കുമ്പോള്‍ അതിനൊപ്പം ചേര്‍ന്നത് മാതാവിനോടുള്ള സ്നേഹവും പ്രാര്‍ത്ഥനയും വിശ്വാസവുമായിരുന്നു.
കളിയിലും വിനോദങ്ങളിലും മുഴുകേണ്ട പ്രായത്തില്‍ പ്രാര്‍ത്ഥനയെ ജീവിതത്തിന്റെ ഭാഗമാക്കിയ ഇവരുടെ സമര്‍പ്പണം ആരുടെയും ഹൃദയം കവരുന്നതാണ്. ഒരു മാസം നീണ്ടുനിന്ന ഈ ഭക്തിപൂര്‍വമായ സമര്‍പ്പണം ഒക്ടോബറില്‍ മാത്രം ഒതുങ്ങുന്നതുമല്ല. മാതാവിന്റെ ജനനത്തിരുനാളിനോടനുബന്ധിച്ച് സെപ്റ്റംബര്‍ ഒന്നുമുതല്‍ എട്ടുവരെയും ദിവസവും കൊന്ത നിര്‍മ്മിച്ച് പള്ളിയില്‍ സമര്‍പ്പിച്ചിരുന്നു. എല്ലാ ദിവസവും മുടങ്ങാതെ ദിവ്യബലിയില്‍ പങ്കെടുക്കുന്നതും ഈ കുഞ്ഞുങ്ങളുടെ വിശ്വാസജീവിതത്തിന്റെ മനോഹരമായ പ്രത്യേകതയാണ്.
ഇരിങ്ങാലക്കുട രൂപതയിലെ ഊരകം സെന്റ് ജോസഫ് ഇടവകയിലെ പെനുവേല്‍ ഭവനത്തില്‍ നിഷയുടെ മക്കളാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ഇവ മാറ്റില്ഡയും മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ ഇനയ് മിഗുവേലും. കുഞ്ഞിക്കൈകളില്‍ കോര്‍ത്ത ഓരോ കൊന്തമണിയും വെറുമൊരു മുത്തല്ല; പ്രാര്‍ത്ഥനയുടെയും സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും അടയാളമാണ്. മൊബൈല്‍ ഫോണുകളും ടെലിവിഷനും കുട്ടികളുടെ വിലപ്പെട്ട സമയം കവര്‍ന്നെടുക്കുന്ന കാലത്ത്, പ്രാര്‍ത്ഥനയ്ക്കും കുടുംബവിശ്വാസത്തിനും ജീവിതത്തില്‍ ഇടം നല്കുന്ന ഈ കുഞ്ഞുങ്ങള്‍ നല്‍കുന്നത് വലിയൊരു സന്ദേശമാണ്. മാതാവിനോടുള്ള സ്നേഹം മുത്തുകളാക്കി കോര്‍ത്ത ഈ രണ്ടു കുഞ്ഞുമനസ്സുകള്‍ തീര്‍ച്ചയായും വിസ്മയമാണ്; അതിലുപരി ഇന്നത്തെ തലമുറയ്ക്ക് മനോഹരമായൊരു മാതൃകയും.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മരിച്ചവരുടെ ഓര്‍മ്മദിനം
ഇരിങ്ങാലക്കുട നഗരസഭയില്‍ കേരളോത്സവത്തിന് ഉജ്ജ്വല തുടക്കം
ഗ്രേസ് 2026: അധ്യാപകര്‍ക്ക് ആദരവുമായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ്
പെരുമ്പാവൂര്‍ അഭയഭവനില്‍ അറിവകം ലൈബ്രറി ആരംഭിച്ച് ക്രൈസ്റ്റ് കോളജ്
ഉപജില്ലാ സ്കൂള്‍ ശാസ്ത്രോത്സവം; മികച്ച നേട്ടവുമായി എടതിരിഞ്ഞി സെന്റ് മേരീസ് എല്‍പി സ്കൂള്‍
ഓപ്പറേഷന് തൂഫാന്; ജനമൈത്രി നേതൃത്വത്തില്‍ യുവജന ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു