ആളൂര്‍ പഞ്ചായത്തിലെ വടിയന്ചിറയില് തടയണ കെട്ടുന്നത് സംബന്ധിച്ച് തര്‍ക്കം
തടയണ കെട്ടുന്നത് കൃഷി നാശം സംഭവിക്കുമെന്ന് കര്‍ഷകര്‍, തടയണ കെട്ടിയില്ലെങ്കില്‍ രൂക്ഷമായ ജലക്ഷാമം സൃഷ്ടിക്കുമെന്ന് പ്രദേശവാസികള്‍
കല്ലേറ്റുങ്കര: ആളൂര്‍ പഞ്ചായത്തിലെ 18, 22 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന മാനാട്ടുകുന്ന് ആളൂര്‍, താഴെക്കാട് പ്രദേശങ്ങളില്‍ 100 ഏക്കര്‍ വിസ്തൃതിയില്‍ കിടക്കുന്ന പ്രദേശമാണു മാനാട്ടുകുന്ന് വടിയന്‍ചിറ. വടിയന്‍ചിറ കെട്ടുന്നതു സംബന്ധിച്ച് കര്‍ഷകരിലും നാട്ടുക്കാരിലും ആശങ്ക. ചിറ കെട്ടിയാല്‍ പ്രദേശത്തെ നൂറുകണക്കിനു ഏക്കര്‍ സ്ഥലത്തെ കൃഷിക്കു സഹായമാവുമെന്നും ആളൂര്‍, വേളൂക്കര, മുരിയാട് പഞ്ചായത്തുകളിലെ ശുദ്ധജല ക്ഷാമത്തിനു ഒരു പരിധി വരെ പരിഹാരമാവുമെന്നാണു പാടശേഖരസമിതികളും വടിയന്‍ചിറ സംരക്ഷണ സമിതിയും പറയുന്നത്. എന്നാല്‍ ചിറ കെട്ടിയാല്‍ കൃഷിനശിക്കുമെന്ന ആശങ്കയിലാണു ഒരുവിഭാഗം കര്‍ഷകര്‍. തുമ്പൂര്‍മുഴി വലതുകര കനാല്‍ കമ്മീഷന് ചെയ്തതിനു ശേഷം ജലസമൃദ്ധിയുണ്ടായപ്പോഴാണു ഇവിടെ തടയണ കെട്ടുന്നതു അവസാനിപ്പിച്ചിരുന്നതെന്നാണു പ്രദേശവാസികള്‍ പറയുന്നത്. കന്നിമാസത്തില് കെട്ടി മേടമാസത്തില്‍ തുറക്കുന്ന രീതിയിലാണു തടയണകെട്ടി ക്രമീകരിച്ചിരുന്നത്. അക്കാലത്ത് തുലാവര്‍ഷത്തില്‍ പെയ്യുന്ന മഴയായിരുന്നു ചിറ നിറക്കുന്നതിനു ഉപയോഗിച്ചിരുന്നത്. കനാല്‍ വെള്ളം വന്നകാലത്ത് ആഴ്ചയില്‍ അഞ്ചോളം ദിവസങ്ങളില്‍ കനാലില്‍ വെള്ളം സമൃദ്ധമായി കിട്ടിയിരുന്നു. എന്നാല്‍ മാസത്തില്‍ ഒരു ദിവസം പോലും വെള്ളം ആളൂരിലെ കനാലുകളില്‍ കിട്ടുന്നില്ല എന്നതാണു ഇപ്പോഴത്തെ അവസ്ഥ. തടയണ കെട്ടിയാല്‍ ഈ പ്രദേശത്തെ 600 ഓളം കുടുംബങ്ങള്‍ക്കു ജലക്ഷാമം ഉണ്ടാകില്ലെന്നാണു പ്രദേശവാസികളുടെ വാദം. എന്നാല്‍ തടയണ കെട്ടുന്നതു മൂലം വെള്ളക്കെട്ടില്‍ കൃഷിനാശം സംഭവിക്കുകയാണെന്നാണു കര്‍ഷകരുടെ പരാതി. വേനലില്‍ വെള്ളക്കെട്ടില്‍ കൃഷിനാശം സംഭവിക്കുന്ന പ്രദേശമാണു അയ്യന്പട്ക എന്നാണു കര്‍ഷകര്‍ പറയുന്നത്. ചിറകെട്ടുന്നതോടെ അറുപതോളം വരുന്ന സ്വകാര്യവ്യക്തികളുടെ പറമ്പുകളില്‍ വെള്ളം കെട്ടി നില്ക്കും. ഇതുമൂലം കൃഷി നാശം സംഭവിക്കും. പാവല്‍, പടവലം, പയര്‍, ചീര തുടങ്ങി പച്ചക്കറി കൃഷികളും നശിക്കും. വാഴ, തെങ്ങ്, കവുങ്ങ്, ജാതി എന്നിവയെല്ലാം നശിക്കും. മൂന്നു വര്‍ഷം മുമ്പ് അനധികൃതമായി തടയണ കെട്ടിയതോട 40 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചിരുന്നു. ഇതാണു കര്‍ഷകര്‍ തടയണ കെട്ടുന്നതിനെ എതിര്‍ക്കുന്നത്. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം മൂലം ചിറകെട്ടുന്നതു ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. അരനൂറ്റാണ്ടിനു മുമ്പ് മുതല്‍ ഇവിടെ വേനലില്‍ ചിറ കെട്ടിയിരുന്നു. 75 വര്‍ഷം മുമ്പ് നിര്‍മിച്ച ചീപ്പ് ഇപ്പോഴുമുണ്ട്. എന്നാല്‍ ഇടയ്ക്ക് 20 വര്‍ഷത്തോളം ചിറകെട്ടിയിരുന്നില്ല. പിന്നീട് ജലക്ഷാമം രൂക്ഷമായതോടെ 2015 മുതല്‍ നാട്ടുകാര്‍ ചിറ കെട്ടാന്‍ തുടങ്ങി. ചിറയില്‍ വെള്ളം നിറഞ്ഞു നിന്നാല്‍ മാത്രമേ മാനാട്ടുകുന്ന് കോളനി അടക്കമുള്ള ആളൂര്‍ പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലെ കിണറുകളില്‍ വേനലില്‍ ജലലഭ്യത ഉണ്ടാകൂ. ചിറ കെട്ടാത്തതിനാല്‍ വലതുകര കനാലില്‍ നിന്നു ഉറവയെടുത്ത് വടിയന്ചിറയില് ഒഴുകിയെത്തുന്ന വെള്ളം ചെമ്മീന്‍ചാല്‍ വഴി കരുവന്നൂര്‍ പുഴയിലേക്കു പോകുകയാണ്. ഒരു കാലത്ത് നെല്‍പ്പാടങ്ങളായിരുന്നു ഇവിടമെല്ലാം. ലാഭകരമല്ലാതായതും തൊഴിലാളികളുടെ അഭാവവും ഉണ്ടായതോടെ കര്‍ഷകര്‍ നെല്‍ക്കൃഷി തന്നെ ഉപേക്ഷിച്ചു. കൊള്ളി, വാഴ തുടങ്ങിയ പച്ചക്കറിക്കൃഷികളാണു കാലങ്ങളായി ഇവിടെ ചെയ്തുവരുന്നത്. എന്നാല്‍ ചിറകെട്ടിയാല്‍ 50 ഏക്കറോളം സ്ഥലത്തെ കൃഷികളെല്ലാം വെള്ളക്കെട്ടില്‍ ചീഞ്ഞുപോകുമെന്ന ആശങ്കയിലാണു കര്‍ഷകര്‍. കൊള്ളി, വാഴ, ജാതി, തെങ്ങ്, കവുങ്ങ് തുടങ്ങിയ കൃഷികളുണ്ടായിരുന്നെങ്കിലും മുമ്പ് ചിറകെട്ടിയ വെള്ളക്കെട്ടില്‍ ഭൂരിഭാഗവും നശിച്ചു. വടിയന്‍ചിറ പാടത്ത് നിന്നു തുടങ്ങി തൊമ്മാന പാടത്ത് അവസാനിക്കുന്ന വടിയന്‍ചിറ തോട്ടില്‍ മുമ്പ് ചിറകെട്ടിയതോടെ അയ്യന്പട്കയിലും വടിയന്‍ചിറ പാടത്തും പരിസര പ്രദേശങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ വേനല്‍ക്കാലമായതോടെ വീണ്ടും ചിറകെട്ടുമോയെന്ന ആശങ്കയിലാണു കര്‍ഷകര്‍.