പെട്രോള്‍ പമ്പില്‍ വച്ച് ജീവനൊടുക്കാന്‍ ശ്രമം; പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
ഇരിങ്ങാലക്കുട: പെട്രോള്‍ പമ്പില്‍ വച്ച് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ ആയിരുന്ന യുവാവ് മരിച്ചു. കാട്ടുങ്ങച്ചിറ ഏര്‍വാടിക്കാരന്‍ വീട്ടില്‍ ഷാനവാസ് (43) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ ഠാണാ ജംഗ്ഷനില്‍ മെറീനാ ആശുപത്രിക്ക് സമീപത്തെ പെട്രോള്‍ പമ്പില്‍ വച്ചാണ് സംഭവം. കുപ്പിയില്‍ പെട്രോള്‍ വേണമെന്നാവശ്യപ്പെടുകയും ഇത് തരില്ലെന്ന് ജീവനക്കാരന് പറഞ്ഞതോടെ സമീപത്ത് അളവുതൂക്കപാത്രത്തില് വച്ചിരുന്ന പെട്രോള്‍ എടുത്ത് ഇയാള്‍ ദേഹത്തൊഴിക്കുകയും കൈയ്യില്‍ ഉണ്ടായിരുന്ന ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തുകയുമായിരുന്നു. ഉടന്‍ തന്നെ പെട്രോള്‍ പമ്പ് ജീവനക്കാര്‍ അഗ്നിശമനാ ഉപകരണം ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. സമീപത്തെ മെറീന ആശുപത്രിയില്‍ ഇയാളെ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. രാത്രി പതിനൊന്നു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. കുടുംബ പ്രശ്നങ്ങളും ആത്മഹത്യക്ക് കാരണമായതെന്ന് സൂചനയുണ്ട്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ഭാര്യയുമായി പിണങ്ങി ജീവിക്കുകയായിരുന്നുവെന്നും അവര്‍ ഈ പമ്പില്‍ ജീവനക്കാരിയാണെന്നും നാട്ടുക്കാര് പറഞ്ഞു. സംസ്കാരം നടത്തി.