പിണ്ടിപ്പെരുന്നാള്; ചരിത്ര പ്രൗഢിയോടെ വിളംബരമറിയിച്ച് നകാരധ്വനികളുയര്‍ന്നു
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ പിണ്ടിപ്പെരുന്നാളിന്റെ വരവറിയിച്ച് നടന്ന നകാരമേളം.
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപെരുന്നാളിന്റെ വിളംബരം അറിയിച്ചുകൊണ്ട് നകാരധ്വനികളുയര്‍ന്നു. കൊടിയേറ്റ ദിവസം മുതല്‍ തിരുനാള്‍ പ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേരുന്ന സമയം വരെ വിവിധ സമയങ്ങളില്‍ നകാരമേളം മുഴങ്ങും. പൗരാണിക ദേവാലയങ്ങളില്‍ തിരുനാളിനു മുന്നോടിയായി നടക്കുന്ന രാജകീയ പെരുമ്പറമുഴക്കമാണ് നകാരമേളം. ഇരിങ്ങാലക്കുടയില്‍ പിണ്ടിപ്പെരുന്നാള് ആരംഭിച്ചതുമുതല്‍ നകാരമേളവും ഉണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു.
രാവിലെ ആറിനും ഉച്ചയ്്ക്കു 12.30 നും വൈകീട്ട് ഏഴിനും പള്ളിമണി മുഴങ്ങുമ്പോള്‍ നകാരമേളം നടക്കും. നാലടി ഉയരവും മൂന്നടി വിസ്തീര്‍ണവും ഉള്ള രണ്ടു നകാരങ്ങളാണു കത്തീഡ്രല്‍ ദേവാലയത്തിലുള്ളത്. ആറു പേരടങ്ങുന്ന സംഘമാണു നകാരം മുഴക്കുവാന്‍ കണക്കുപ്രകാരം വേണ്ടത്. മൃഗത്തോലുകൊണ്ട് ശാസ്ത്രീയമായ പ്രക്രിയകളിലൂടെയാണു നകാരം നിര്‍മിച്ചിരിക്കുന്നത്. തിരുനാള്‍ ഞായറാഴ്ച പ്രദക്ഷിണത്തിനു മുന്നിലായി നകാരംവണ്ടി നഗരം ചുറ്റുന്നതാണു ഏറ്റവും ശ്രദ്ധേയമായ കാര്യം.
നഗരത്തെയും നാട്ടുകാരെയും പ്രദക്ഷിണത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള നകാരം കൊട്ട് തിരുനാളിനെ ഏറെ വ്യത്യസ്തമാക്കുന്നുണ്ട്. തിരുനാള്‍ ഞായറാഴ്ച രാവിലെ തിരുനാളിന്റെ പ്രദക്ഷിണം കടന്നുപോകുന്ന വഴികളിലൂടെ നകാരവണ്ടികള്‍ കടന്നുപോകും. കുരിശു പതിച്ച, ചുവപ്പുകലര്‍ന്ന വെള്ളക്കൊടികളാല്‍ അലങ്കരിച്ച, കാളകളെ പൂട്ടിയ വണ്ടിയില്‍ വലിയ നകാരങ്ങളുമായി കൊട്ടുകാര് ഇരിങ്ങാലക്കുടയെ വലംവെക്കുന്ന കാഴ്ച തിരുനാളിന്റെ മനോഹരമായ കാഴ്ചകളിലൊന്നാണ്.
ഉച്ചകഴിഞ്ഞ് പ്രദക്ഷിണം ഇറങ്ങുന്നതോടെ നകാരം വണ്ടികളും തയാറാവും. പ്രദക്ഷിണത്തിന്റെ ഭാഗമാണെങ്കിലും, ഒരല്‍പ്പം മുന്നിലായാണു നകാരവണ്ടികള്‍ നീങ്ങുക. ചരിത്രത്തിന്റെ പ്രൗഢിയും വിശ്വാസത്തിന്റെ തീക്ഷ്ണതയും കലയുടെ സൗന്ദര്യവും നകാരത്തിലുണ്ട്. അതുകൊണ്ടാണു നകാരം തിരുനാളിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാകുന്നതും. നകാരത്തിനു വിദഗ്ധമായി താളമടിക്കാന്‍ അറിയാവുന്നവര്‍ ഇന്ന് വിരളമാണ്. കത്തീഡ്രല്‍ പള്ളിയിലെ ജീവനക്കാരനായ കോട്ടക്കല്‍ ജെസ്റ്റിന്റെ നേതൃത്വത്തിലാണ് ഇത്തവണ നകാരം മുഴക്കുന്നത്. 56 വര്‍ഷം തുടര്‍ച്ചയായി നകാര മേളം നടത്തിയിരുന്ന പോള്‍സന്റെ മകനാണ് ജെസ്റ്റിന്. പോള്‍സനു മുമ്പ് പിതാവ് കോട്ടക്കല്‍ പൈലോതാണ് നകാരമേളത്തിന് നേതൃത്വം നല്‍കിയിരുന്നത്.
തിരുനാള്‍ പരിപാടികള്‍ ഇന്ന്
കത്തീഡ്രലില്‍ വൈകീട്ട് 5.30ന് പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, ആഘോഷമായ ദിവ്യബലി, നൊവേന. ഏഴിന് ദേവാലയത്തിലെ ദീപാലങ്കരങ്ങളുടെ സ്വച്ച് ഓണ്‍ കര്‍മം. 7.30 ന് ഫ്യൂഷന്‍ മ്യൂസിക് ഷോ.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സംസ്ഥാന തല സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂളില്‍ നാളെ
ആലപ്പാട്ട് പാലത്തിങ്കല്‍ തറവാട്ടുയോഗം നടത്തി
ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ വാര്‍ഷികം ആഘോഷിച്ചു
എടത്താട്ടില്‍ മാധവന് മാസ്റ്റര്‍ കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഉത്തമനായ കമ്മ്യൂണിസ്റ്റ്: കെ.ജി. ശിവാനന്ദന്
സെന്റ് ജോസഫ്സ് കോളജില്‍ പൂര്‍വ വിദ്യാര്‍ഥിനി സംഗമം 2026 നടന്നു
മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു