കത്തീഡ്രല്‍ പിണ്ടിപ്പെരുന്നാള് അമ്പെഴുന്നള്ളിപ്പുകള്‍ പ്രതിസന്ധിയിലാകുമോ… ആശങ്കയില്‍ ഇരിങ്ങാലക്കുട നിവാസികള്‍
ഇരിങ്ങാലക്കുട പൂതംകുളം ജംഗ്ഷനില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റോഡ് അടച്ചുകെട്ടിയ നിലയില്‍.
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപ്പെരുന്നാളിനോടനുബന്ധിച്ചുള്ള അമ്പെഴുന്നള്ളിപ്പുകളില് പലതും ഏറെ പ്രതിസന്ധിയില്‍. തിരുനാളിന് ദിവസങ്ങല് മാത്രം ബാക്കി നില്‍ക്കുമ്പോഴും റോഡ് വികസനവുമായി ബന്ധപ്പെട്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. കോളജ് ജംഗ്ഷന് മുതല്‍ കോമ്പാറ ജംഗ്ഷന് വരെയുള്ള റോഡ് വികസനം പാതിവഴിയിലാണ്. പല ഭാഗത്തുനിന്നുള്ള അമ്പെഴുന്നള്ളിപ്പുകള്‍ നടത്തുന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തമായ തീരുമാനമായിട്ടില്ല.
തൃശൂര്‍ റോഡില്‍ നിന്നും അമ്പ് പ്രദക്ഷിണം ഠാണാവിലേക്കെത്താന് മാര്‍ഗമില്ല. ഠാണാ ജംഗ്ഷന് മുതല്‍ പൂതംകുളം ജംഗ്ഷന് വരെയുള്ള ഭാഗം റോഡ് അടച്ചുകെട്ടിയിരിക്കുകയാണ്. ഇതു മൂലം കാട്ടുങ്ങച്ചിറ ഭാഗത്തുനിന്നുള്ള അമ്പെഴുന്നള്ളിപ്പുകള്‍ പള്ളിയിലെത്തി ചേരുവാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. കോമ്പാറ വിഭാഗത്തിന്റെ അമ്പെഴുന്നള്ളിപ്പ് കോമ്പാറ ജംഗ്ഷന് മുതല്‍ തെക്കേ അങ്ങാടി ജംഗ്ഷന് വരെ റോഡ് പൊളിച്ചിട്ടിരിക്കുന്നതിനാല്‍ ഈ റോഡു വഴി നടത്തേണ്ടെന്നു തീരുമാനിച്ചു.
പകരം കോമ്പാറ ജംഗ്ഷനില്‍ നിന്നും ഇറങ്ങി ഈസ്റ്റ് കോമ്പാറ ജംഗ്ഷനിലെത്തിച്ച് ഊമംകുളം വഴി തെക്കേ അങ്ങാടിയിലെത്തി പള്ളിയില്‍ സമാപിക്കും. പള്ളിക്കു മുമ്പില്‍ കഴിഞ്ഞ ദിവസമാണ് ജെസിബി ഉപയോഗിച്ച് കാന കീറിയത്. ടൗണില്‍ നിര്‍മിച്ചിരിക്കുന്ന പല കാനകളും സ്ലാബിട്ട് മൂടിയിട്ടില്ല. വന്‍ ജനത്തിരക്കനുഭവപ്പെടുന്ന പെരുന്നാള്‍ ദിനങ്ങളില്‍ ഈ കാനകളില്‍ ആളുകള്‍ വീണ് അപകടം ഉണ്ടാകുമോയെന്ന ആശങ്കയുണ്ട്.

പള്ളിക്കു മുമ്പില്‍ കാനയോട് ചേര്‍ന്ന് നിര്‍മാണപ്രവര്‍ത്തികളുടെ ഭാഗമായി കമ്പികള്‍ തള്ളി നില്‍ക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു. പിണ്ടിപ്പെരുന്നാള് സമയം വരെ കാത്തിരുന്ന് ഇപ്പോള്‍ എല്ലാം പൊളിച്ചിട്ടതിന് പിന്നില്‍ ദുരുദ്ദേശമുണ്ടോ എന്ന് സംശയവും ഉയര്‍ന്നിട്ടുണ്ട്. ട്രസ്റ്റിമാര്‍ മന്ത്രി ഡോ.ആര്. ബിന്ദുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും പലവട്ടം ചര്‍ച്ച നടത്തിയിരുന്നു. ജനുവരി ഏഴിനകം നിര്‍മാണം പൂര്‍ത്തീകരിച്ച് അമ്പെഴുന്നള്ളിപ്പുകളും തിരുനാള്‍ പ്രദക്ഷിണവും സുഗമമായി നടത്തുന്നതിനായി സൗകര്യമൊരുക്കുമെന്നാണ് അറിയിച്ചത്.
കഴിഞ്ഞ ദിവസം പള്ളിയില്‍ പോലീസ് അധികൃതര്‍ അമ്പ് എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടവരുടെ യോഗത്തിലും ഇക്കാര്യ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഏഴാം തിയതി കഴിഞ്ഞിട്ടും റോഡിന്റെ സ്ഥിതി മാറ്റമില്ലാത്ത അവസ്ഥയിലാണ്. മന്ത്രിയും ബന്ധപ്പെട്ടവരും നല്കിയ ഉറപ്പുകള്‍ പാലിക്കുമോ എന്നുള്ള സംശയത്തിലാണ് നാട്ടുകാര്‍.
അമ്പു പ്രദക്ഷിണത്തിന്റെ ശോഭ കെടുത്തി, ഷാജു പാറേക്കാടന്‍ (ജനറല്‍ കണ്‍വീനര്‍, കോമ്പാറ അമ്പു ഫെസ്റ്റ് )

അമ്പു പ്രദക്ഷിണം സുഗമമായി നടത്താന്‍ സാധിക്കാത്തത് തിരുനാളിന്റെ ശോഭ കെടുത്തി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങിയതിനാലാണ് കോമ്പാറ വിഭാഗത്തിന്റെ അമ്പു പ്രദക്ഷിണം മറ്റൊരു വഴിയിലൂടെ തിരിച്ചുവിടേണ്ടി വന്നത്്. മാസങ്ങള്‍ക്ക് മുമ്പ് തിരുനാളിന്റെ ഒരുക്കങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായി ബാന്‍ഡ് സെന്റ് ആടക്കമുള്ള വാദ്യമേളങ്ങളും അമ്പെഴുന്നള്ളിപ്പിനുള്ള തേരും ഏല്പിച്ചതാണ്. പെരുന്നാള്‍ നടക്കുന്ന ദിവസവും സമയവും അറിഞ്ഞിട്ടും ഈ സമയത്തു തന്നെ റോഡ് നിര്‍മാണം നടത്തിയത് ജനങ്ങളോട് നടത്തിയ വെല്ലുവിളിയാണ്.
രണ്ടാം വര്‍ഷവും അമ്പെഴുന്നള്ളിപ്പ് മുടങ്ങുന്നു, വിന്‍സണ്‍ തെക്കേക്കര (കണ്‍വീനര്‍, അമ്പെഴുന്നള്ളിപ്പ് കാട്ടുങ്ങച്ചിറ മേഖല കമ്മറ്റി)

ഇത് രണ്ടാം വര്‍ഷമാണ് ഞങ്ങള്‍ക്ക അമ്പെഴുന്നള്ളിപ്പുകള്‍ നടത്താന്‍ കഴിയാതിരിക്കുന്നത്. കാട്ടുങ്ങച്ചിറ മേഖലയില്‍ നിന്നും ഒമ്പത് അമ്പെഴുന്നള്ളിപ്പുകളാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷം ക്രൈസ്റ്റ് കോളജ് ജംഗ്ഷന് മുതല്‍ മാപ്രാണം ജംഗ്ഷന് വരെ റോഡ് പൊളിച്ചതിനാലാണ് അമ്പെഴുന്നള്ളിപ്പ് നടത്താന്‍ സാധിക്കാതിരുന്നത്. വാദ്യമേളക്കാര്‍ക്കും തേരിനും നല്കിയ അഡ്വാന്‍സ് തുകയും ഇതുമൂലം നഷ്ടപ്പെട്ടു. ഇത്തവണയും അതേ സ്ഥിതി തന്നെ. ബന്ധുക്കളായ പ്രവാസികളടക്കമുള്ളവര്‍ നാട്ടില്‍ പെരുന്നാളിന് എത്തുന്ന വേളയില്‍ ഇത്തരം തടസങ്ങള്‍ ഏറെ വേദനിപ്പിക്കുന്നുണ്ട്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഹാഷിഷ് ഓയിലും കഞ്ചാവുമായി അറസ്റ്റില്‍
സിബിഐ ഉദ്യോഗസ്ഥന് ചമഞ്ഞ് വീട്ടമ്മയില്‍ നിന്ന് എട്ടുലക്ഷം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
പിണ്ടിപ്പെരുന്നാള്; ചരിത്ര പ്രൗഢിയോടെ വിളംബരമറിയിച്ച് നകാരധ്വനികളുയര്‍ന്നു
അമ്മന്നൂര്‍ ഗുരുകുലത്തില്‍ തോരണയുദ്ധം രണ്ടാം ദിവസം അരങ്ങേറി
ട്രാന്‍സ് ജെന്‍ഡേഴ്സിന്റെ ശാക്തീകരണം ദിശാബോധം പകര്‍ന്ന് ക്രൈസ്റ്റ് കോളജില്‍ നിന്ന് പിഎച്ച്ഡി തീസിസ്
ഇരിങ്ങാലക്കുട ബിആര്‍സി സഹവാസ ക്യാമ്പിന്റെ സമാപനം നടത്തി