വിതച്ചു, കൊയ്തു, ഇനി കര്‍ഷകരുടെ പൊള്ളുന്ന ചോദ്യം: നെല്ലു സംഭരണം എപ്പോള്‍?
ഇരിങ്ങാലക്കുട: നെല്ല് സംഭരിക്കുവാന്‍ സപ്ലൈകോ നിയോഗിച്ച മില്ലുടമകള്‍ എത്തിയില്ല. പാടത്തു കൂട്ടിയിട്ടിരുന്ന നെല്ല് മഴയെ പേടിച്ച് കര്‍ഷകര്‍ തൊഴിലാളികളെ നിര്‍ത്തി പുറം ബണ്ടില്‍ കയറ്റുന്നു. മുരിയാട് മേഖലയിലെ പാടശേഖരങ്ങളിലെ കര്‍ഷകര്‍ക്കാണു ഈ ദുരിതം. നെല്ലെടുക്കാന്‍ ആളില്ലാതെ കര്‍ഷകര്‍ വലയുകയാണ്. ഇവിടെ നിന്ന് നെല്ല് ഏറ്റെടുക്കുന്നതു മില്ലുകാര്‍ നിര്ത്തിവെച്ചതാണു പ്രതിസന്ധിക്കു കാരണം. കൊയ്ത്ത് കഴിഞ്ഞ നെല്ല് പാടത്തിനു സമീപം കൂട്ടിയിട്ടു ഒരാഴ്ചയിലേറെയായി കൊണ്ടുപോകാന്‍ വണ്ടി വരുന്നതും കാത്തിരിക്കുകയാണു കര്‍ഷകര്‍. വണ്ടിവരുമെന്നു പറയാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായെന്നും ഇപ്പോള്‍ വിളിക്കുമ്പോള്‍ ഏജന്റുമാര്‍ ഫോണെടുക്കുന്നില്ലെന്നും കര്‍ഷകര്‍ പറഞ്ഞു. മുരിയാട് കോള്‍മേഖലയിലെ നൂറേക്കറോളം വരുന്ന പാടശേഖരങ്ങളില്‍ നിന്ന് കൊയ്തെടുത്ത നെല്ലാണു പല സ്ഥലങ്ങളിലായി കെട്ടിക്കിടക്കുന്നത്. മുരിയാട് ആനന്ദപുരം മേഖലയിലെ മൂരി കോള്‍പടവ്, മുരിയാട് പടവ്, കല്ലേരികടവ്, ഗ്രാമശ്രീ, ഹരിതശ്രീ തുടങ്ങിയ പടവുകളില്‍ പകുതി കൊയ്ത്ത് കഴിഞ്ഞെങ്കിലും ബാക്കി കൊയ്യാതെ ഇട്ടിരിക്കുകയാണ്. മുരിയാട് കായല്‍ മേഖലയില്‍ 250 ഏക്കറോളം പാടശേഖരങ്ങളില്‍ ഇനിയും കൊയ്യാനുണ്ടെന്നു കര്‍ഷകര്‍ പറഞ്ഞു. നെല്ല് കൊണ്ടുപോകാത്തതിനാല്‍ കര്‍ഷകര്‍ ബാക്കി കൊയ്യാന്‍ മടിക്കുകയാണ്. മാപ്രാണം നമ്പ്യാങ്കാവ് ക്ഷേത്രത്തിനു മുന്നിലുള്ള സ്ഥലത്ത് പത്തിലേറെ കര്‍ഷകരാണു നെല്ല് ഉണക്കി കൂട്ടിയിട്ടിരിക്കുന്നത്. നെല്ല് കയറ്റി പോകാതെ കെട്ടിക്കിടന്നാല്‍ പിന്നീട് മില്ലുകാര്‍ കൊണ്ടുപോകുമ്പോള്‍ അതിനു കിഴിവ് ആവശ്യപ്പെടുമെന്നും ഇതു കൂടുതല്‍ നഷ്ടമുണ്ടാക്കുമെന്നും കര്‍ഷകര്‍ പറഞ്ഞു. തൊഴിലാളികളെ നിര്‍ത്തി നെല്ല് ഉണക്കി കരക്കു കയറ്റിയതിന്റെ അധിക ചെലവും അവര്‍ക്കു വഹിക്കേണ്ടതായി വന്നു. നെല്ലു സംഭരിക്കാതെ കിടക്കുന്നതിനാല്‍ കര്‍ഷകര്‍ മറ്റു ജോലികള്‍ക്കൊന്നും പോകാതെ മില്ലുകാരെ കാത്തിരിപ്പാണ്. കൊയ്തു പൂര്‍ത്തിയായ മുറക്കു നെല്ലു സംഭരണം നടന്നിരുന്നെങ്കില്‍ മഴയെ പേടിക്കുകയോ അധിക ചെലവു വരികയോ ഇല്ലായിരുന്നു. മൂടികെട്ടിനില്‍ക്കുന്ന ഇപ്പോഴത്തെ കാലാവസ്ഥയിലും കര്‍ഷകര്‍ക്കു ആശങ്കയുണ്ട്. മഴ വന്നാല്‍ അത് ഭീമമായ നഷ്ടമുണ്ടാക്കുമെന്നാണു കര്‍ഷകര്‍ പറയുന്നത്. അതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും നെല്ല് ഏറ്റെടുക്കാന്‍ നടപടി ഉണ്ടാകണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.