ആദിത്തിന്റെ ഓര്‍മകളില്‍ 10 വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന്റെ പുതുവഴി തെളിഞ്ഞു
ഇരിങ്ങാലക്കുട: അപകടത്തില്‍പ്പെട്ട് മരണമടഞ്ഞ് അവയവങ്ങള്‍ ദാനം ചെയ്തതിലൂടെ ആറു പേരിലൂടെ ഇന്നും ജീവിക്കുന്ന ഡോണ്‍ബോസ്കോ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന ആദിത്തിന്റെ സ്മരണാര്‍ഥം, ആദിത്തിന്റെ മാതാപിതാക്കള്‍ ഏര്‍പ്പെടുത്തിയ എന്റോവ്മെന്റിന്റെ ഭാഗമായി ചാവറ ഫാമിലി ഫോറം എംഎല്‍എ ഹെല്പ് ലൈനുമായി സംഘടിച്ചുകൊണ്ട് മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തു. 10 പേര്‍ക്കാണ് പഠന സൗകര്യങ്ങള്‍ക്കായി മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തത്. ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി പ്രഫ. ആര്. ബിന്ദു മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തു. ആദിത്തിന്റെ കുടുംബം കാണിച്ച സഹനവും മാതൃകയും നമ്മുടെ നാടിന്റെ നന്മയുടെ പ്രതീകമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇരിങ്ങാലക്കുട കാത്തലിക് സെന്ററില്‍ വച്ച് നടന്ന ചടങ്ങില്‍ കാത്തലിക് സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ അധ്യക്ഷത വഹിച്ചു. എല്‍ഡേഴ്സ് ഫോറം സെക്രട്ടറി എം.എഫ്. ജോസ്, പോള്‍സണ്‍ കല്ലുക്കാരന്, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, ബാബു കൂവ്വക്കാടന്‍ പ്രസംഗിച്ചു.