പ്രതിസന്ധിയിലായ നേന്ത്രവാഴ കര്‍ഷകനു സാന്ത്വനമേകി എഐവൈഎഫ് പ്രവര്‍ത്തകര്‍
ഇരിങ്ങാലക്കുട: പ്രതിസന്ധിയിലായ നേന്ത്രവാഴ കര്‍ഷകനു സാന്ത്വനമേകി എഐവൈഎഫ് പ്രവര്‍ത്തകര്‍. ഓണത്തിന് 200 കുല നേന്ത്രക്കായ വിറ്റ് ഓണം ഉണ്ണാം എന്ന പ്രതീക്ഷയിലാണ് എടതിരിഞ്ഞിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കാറളം സ്വദേശിയായ ഉണ്ണികൃഷ്ണന് എന്ന കര്ഷകന് നേന്ത്രവാഴ കൃഷി ആരംഭിച്ചത്. എന്നാല്‍ ലോക്ഡൗണ്‍ കാരണം തോട്ടത്തില്‍ വരുവാനോ കൃഷിപരിപാലനം നടത്തുവാനോ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. അതുമൂലം തണ്ടുകള്‍ ചീഞ്ഞും പുല്ലുകള്‍ വളര്‍ന്നും വാഴകള്‍ക്ക് വളര്‍ച്ച മുരടിപ്പ് നേരിട്ടു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായ പടിയൂരിലെ എഐവൈഎഫ് ഭഗത് സിംഗ് യൂത്ത് ഫോഴ്സ് പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാശോന്മുഖമായ വാഴതോട്ടം ഉടനെതന്നെ സ്ഥലം ഉടമയും കര്‍ഷകനേയും ബന്ധപ്പെട്ടുകയും കൃഷിസ്ഥലത്തിന് ആവശ്യമായ സഹായം നല്‍കാമെന്നു പ്രവര്‍ത്തകര്‍ അറിയിച്ചു. കാടുപോലെ പടര്‍ന്ന പുല്ലുകളും ചീഞ്ഞ തണ്ടുകളും നീക്കം ചെയ്ത് വാഴകള്‍ക്ക് പുനര്‍ജീവന്‍ നല്കി. പ്രവര്‍ത്തനങ്ങള്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി വി.ആര്. രമേഷ്, എഐവൈഎഫ് മേഖല സെക്രട്ടറി എം.പി. വിഷ്ണുശങ്കര്‍, പ്രസിഡന്റ് വി.ആര്. അഭിജിത്ത്, മേഖല ജോയിന്റ് സെക്രട്ടറിമാരായ മിഥുന് പോട്ടക്കാരന്‍, വി.ജി. ജിത്ത്, എഐഎസ്എഫ് ലോക്കല്‍ കമ്മിറ്റി പ്രസിഡന്റ് ഗോകുല്‍ സുരേഷ്, പി.എസ്. സുകുമാരന്‍ മാസ്റ്റര്‍, കാര്‍ഷിക വേദി കോ-ഓര്‍ഡിനേറ്റര്‍മാരായ കെ.പി. കണ്ണന്, ശരത്ത് പോത്താനി, ലാജേഷ് കുമാര്‍, ബിനേഷ് പോത്താനി എന്നിവര്‍ നേതൃത്വം നല്കി.