പുളിക്കല്ച്ചിറയ്ക്ക് വരുന്നു പുത്തന്‍ പാലം; 1.62 കോടി രൂപയുടെ പുതിയ പദ്ധതിക്ക് ടെന്‍ഡര്‍ വിളിച്ചു
അരിപ്പാലം: പടിയൂര്‍ പൂമംഗലം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഒലുപ്പൂക്കഴ കോടംകുളം റോഡിലെ പുളിക്കല്‍ചിറ പാലം പുനര്‍നിര്‍മിക്കുന്നതിന് 1.62 കോടി രൂപയുടെ പുതിയ പദ്ധതിക്ക് ടെന്‍ഡര്‍ വിളിച്ച് പൊതുമരാമത്ത് പാലം വിഭാഗം. ഭരണാനുമതിക്ക് പിന്നാലെ സാങ്കേതികാനുമതിയും ലഭിച്ചതോടെയാണ് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ടെന്‍ഡര്‍ നടപടികളിലേക്ക് കടന്നത്.
പാലം പുനര്‍നിര്‍മാണത്തിന് നേരത്തെ ഒരു കോടിയുടെ ഭരണാനുമതി ലഭിച്ചിരുന്നു. എന്നാല്‍ പുതിയതായി സമര്‍പ്പിച്ച പദ്ധതി പ്രകാരം പാലവും അനുബന്ധ പണികളും പൂര്‍ത്തിയാക്കാന്‍ 1.62 കോടി ആവശ്യമായിരുന്നു. ഇതിനായി ഒരു കോടിക്ക് പുറമേ ശേഷിക്കുന്ന 62 ലക്ഷത്തിന് പൊതുമരാമത്ത് പാലം വിഭാഗം സമര്‍പ്പിച്ച പദ്ധതിക്ക് സര്‍ക്കാര്‍ ഭരണാനുമതിയും നല്‍കിയിരുന്നു. ഇതോടെയാണ് പൊതുമരാമത്ത് വിഭാഗം ടെന്‍ഡര്‍ ക്ഷമിച്ചത്.
ഡിസംബര്‍ ഒന്നിന് ടെന്‍ഡര്‍ തുറക്കും. പൂമംഗലം പഞ്ചായത്തിലെ പായമ്മല്‍ പ്രദേശത്തേയും പടിയൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡ് കോടംകുളം പ്രദേശത്തേയും ബന്ധിപ്പിച്ച് പടിയൂര്‍ പൂമംഗലം കോള്‍പ്പാടത്തിന് നടുവിലൂടെയുള്ള തോടിന് കുറുകെയാണ് പാലം നില്‍ക്കുന്നത്. 2018 ലും 19 ലും ഉണ്ടായ പ്രളയത്തിന് പാലത്തിന്റെ വീതിക്കുറവുമൂലം വെള്ളം തടഞ്ഞുനിന്ന് പ്രദേശത്തെ മുഴുവന്‍ വെള്ളക്കെട്ടിലാഴ്ത്തിയിരുന്നു.
നാലമ്പല തീര്‍ഥാടനകാലത്ത് പായമ്മല്‍ ശത്രുഘ്ന ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് ഭക്തജനങ്ങളുടെ വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നത് ഇതുവഴിയാണ്. മുന്‍ എംഎല്‍എയുടെ കാലത്താണ് പാലം പുതുക്കി നിര്‍മിക്കാന്‍ എംഎല്‍എ ഫണ്ടില്‍നിന്ന് 35 ലക്ഷം ആദ്യം അനുവദിച്ചത്. ഇതിന്റെ നിര്‍മാണോദ്ഘാടനം നടത്തിയെങ്കിലും പ്രദേശവാസികള്‍ വലിയ പാലം വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയതോടെ ആ പദ്ധതി ഒഴിവാക്കി പുതുക്കിയ പദ്ധതിക്ക് ഒരു കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു.
പുതിയ പാലം നിര്‍മിക്കുന്നതിന്റെ മുന്നോടിയായി പൊതുമരാമത്ത് പാലം വിഭാഗത്തിന്റെ നിര്‍ദേശപ്രകാരം സ്ഥലത്തെ മണ്ണ് പരിശോധന അടക്കമുള്ള ജിയോളജിക്കല്‍ സര്‍വേ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാലത്തിന് ഇരുവശത്തും അപ്രോച്ച് റോഡ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കാനായി പൊതുമരാമത്ത് സമര്പ്പി്ച പുതുക്കിയ ദ്ധതിക്കാണ് സര്‍ക്കാര്‍ അനുമതിയായത്. പാലം നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും പാലം വരുന്നതോടെ നാലമ്പല തീര്ഥാടകരുള്പ്പെടെയുള്ളവര്ക്ക് ഇതുവഴിയുള്ള യാത്ര എളുപ്പമായിരിക്കുമെന്നും മന്ത്രി ആര്. ബിന്ദു പറഞ്ഞു.