വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഫ്രാന്‍സിസ് അസീസിയുടെ മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കുന്നു.
ഇരിങ്ങാലക്കുട: കാന്‍സറിനെ ഇച്ഛാശക്തിയും ആത്മവിശ്വാസവും ദൈവവിശ്വാസവും കൊണ്ട് അതിജീവിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന വ്യക്തിയാണ് കാട്ടൂര്‍ സ്വദേശി ഫ്രാന്‍സിസ് അസീസി. 1997ല്‍ കാന്‍സറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് അത്ഭുതകരമായി മടങ്ങിവന്ന അദ്ദേഹം, ഈയടുത്ത കാലത്താണ് വീണ്ടും രോഗബാധിതനായത്. വെറുമൊരു സാധാരണക്കാരനായിരുന്നില്ല അദ്ദേഹം. നിരവധി ദേവാലയങ്ങളില്‍ സുവിശേഷ പ്രഘോഷണം നടത്തി തന്റെ ജീവിതാനുഭവം കൊണ്ട് ക്രിസ്തുവിനെ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്ത വ്യക്തിയാണ്. കേരളത്തിലെ ആദ്യത്തെ ജൂണിയര്‍ ബ്ലാക്ക് ബെല്‍റ്റ് ഹോള്‍ഡറായ ഫ്രാന്‍സിസ്, പിന്നീട് കരാട്ടെയില്‍ ഉയര്‍ന്ന ബ്ലാക്ക് ബെല്‍റ്റും നേടി. അഞ്ച് വര്‍ഷം സംസ്ഥാന ചാമ്പ്യനും ഒരു വര്‍ഷം അന്താരാഷ്ട്ര ജേതാവുമായിരുന്നു. മര്‍മ്മയോഗ എന്ന പ്രത്യേക പരിശീലനത്തില്‍ ആചാര്യ പദവി നേടിയ അദ്ദേഹം, തന്റെ പത്താം ക്ലാസ് പഠനകാലത്ത് പൊലിസ് അക്കാദമിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കരാട്ടെയും മര്മ്മയോഗയും പരിശീലിപ്പിച്ചു വിസ്മയിപ്പിച്ചിട്ടുണ്ട്.
പിന്നീട് സൗദി കോണ്‍സുലേറ്റില്‍ പേഴ്സണല്‍ സെക്യൂരിറ്റി ചീഫ് ആയും പ്രവര്‍ത്തിച്ചു. 1997ല്‍ രക്താര്‍ബുദം ബാധിച്ച് വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരിക്കെ, കീമോതെറാപ്പി ഫലിക്കാതായതിനെത്തുടര്ന്ന് ഡോക്ടര്‍മാര്‍ വളരെ കുറച്ച് ആയുസാണ് പ്രതീക്ഷ നല്‍കിയത്. വെറും 72 മണിക്കൂര്‍ മാത്രം. എന്നാല്‍, പ്രതീക്ഷ കൈവിടാതെ ജീവിതത്തിലേക്ക് തിരിച്ചെത്തിയ അനുഭവം പിന്നീട് അദ്ദേഹത്തിന്റെ ജീവിതദര്‍ശനമായി മാറുകയായിരുന്നു. രോഗകാലത്ത് അനുഭവിച്ച വേദനയും ഭയവും അതിജീവനവും മറ്റുള്ളവര്‍ക്കുള്ള സാന്ത്വനപ്രവര്ത്തനങ്ങളാക്കി മാറ്റുകയായിരുന്നു അദ്ദേഹം. മനസിനെ മരുന്നാക്കുക എന്ന ആശയത്തെ അടിസ്ഥാനമാക്കി, ലളിതമായ ശ്വാസോച്ഛ്വാസ രീതികളും കാലിനടിയിലെ നാഡീസ്പര്ശനവും സാന്ത്വനസംഗീതവും ഉള്‍പ്പെടുത്തിയ സ്നേഹയോഗ എന്ന അതിജീവന പരിശീലനമാണ് അദ്ദേഹം രൂപപ്പെടുത്തിയത്. ഇത് ചികിത്സയ്ക്ക് പകരമുള്ള രീതിയല്ലെന്നും രോഗത്തെ നേരിടാന്‍ ആത്മവിശ്വാസവും മാനസിക ശക്തിയും വളര്‍ത്തുന്ന ജീവിതശൈലിയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കാന്‍സര്‍ ആശുപത്രികളിലും പാലിയേറ്റീവ് കേന്ദ്രങ്ങളിലും എത്തി രോഗികളുമായിസവദിക്കുകയും അവര്‍ക്ക് പ്രതീക്ഷ പകരുകയും ചെയ്തു. മാരകരോഗബാധിതരുടെ ഉന്നമനത്തിനായി സ്കൂള്‍ ഓഫ് ഡ്രീംസ് എന്ന സൗഹൃദവേദിക്കും അദ്ദേഹം നേതൃത്വം നല്കി. രോഗികളെയും കുടുംബങ്ങളെയും ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടാന്‍ പ്രേരിപ്പിക്കുന്ന വിവിധ പരിപാടികളും സാന്ത്വനപ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമായി നടത്തി. മനുഷ്യസ്നേഹ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മാനവ സ്നേഹ പ്രവര്‍ത്തനത്തില്‍ മാനുഷ്യ സ്നേഹി, ജനനായകന്, ജീവന് സഹായി, മേരി വിജയം അടക്കമുള്ള നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഒന്നുകില്‍ ദൈവം നമുക്ക് അന്നന്ന്് വേണ്ട ആഹാരം തരും അല്ലെങ്കില്‍ പട്ടിണി കിടക്കാനുള്ള കൃപ തരും എന്ന വാചകം പലയിടത്തും ഫ്രാന്‍സിസ് കുറിച്ചിട്ടുണ്ട്.
പ്രാര്‍ഥനകളുടെ നടുവില്‍, കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്കി നാട്
കാട്ടൂര്‍: അനുശോചനങ്ങളുടെയും പ്രാര്‍ഥനകളുടെയും നടുവില്‍, കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയാണ് കാട്ടൂര്‍ ഗ്രാമം ഫ്രാന്‍സിസ് അസീസിക്ക് നല്‍കിയത്. നാടിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള ജനപ്രതിനിധികളും സമുദായ നേതാക്കളും ആത്മീയ, സാംസ്കാരിക, രാഷ്ട്ീയ സാഹിത്യ, സാന്ത്വനപ്രവര്‍ത്തന രംഗങ്ങളിലെ പ്രമുഖരും ഉള്‍പ്പടെ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തി. പരിചയപ്പെട്ടവരുടെയെല്ലാം ഹൃദയത്തില്‍ സ്വന്തമായൊരു ഇടം നേടിയിരുന്ന അദ്ദേഹത്തിന്റെ വിയോഗം സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ വേദനയായി. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ അദ്ദേഹത്തോടൊപ്പം സഞ്ചരിച്ചവരും സ്നേഹബന്ധം പുലര്‍ത്തിയവരും അവസാനമായി ഒരു നോക്കുകാണാനും ആദരാഞ്ജലി അര്‍പ്പിക്കാനുമായി കാട്ടൂരിലെത്തി.
ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ്, ഇരിങ്ങാലക്കുട നഗരസഭ ചെയര്മാന് എം.പി. ജാക്സണ്, സിഎംസി ഉദയ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ധന്യ തുടങ്ങി നിരവധി പേരാണ് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്. എടത്തിരുത്തി പരിശുദ്ധ കര്‍മലമാതാ ഫൊറോന വികാരി ഫാ. ജോയ് പാലിയേക്കര, കരാഞ്ചിറ സെന്റ് സേവിയേഴ്സ് വികാരി ഫാ. ജെയിംസ് പള്ളിപ്പാട്ട്, തൃശൂര്‍ കാല്‍വരി ധ്യാനകേന്ദ്രത്തിലെ ഫാ. ആന്റണി മാണിപ്പറമ്പില്‍ ഒഎഫ്എം എന്നിവര്‍ സംസ്കാരചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. സീറോമലബാര മജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ അനുശോചനസന്ദേശം സംസ്കാര ശുശ്രൂഷാചടങ്ങില് വായിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: വിമല്‍ വേണു