ചരിത്രവും കലയും തൊട്ടറിഞ്ഞ് സെന്റ് ജോസഫ്സ് കോളജ് വിദ്യാര്‍ഥികള്‍; പൈതൃക യാത്രയില്‍ വേറിട്ട അനുഭവമായി കലാകാരന്മാരുമായുള്ള സംവാദം
സെന്റ് ജോസഫ്സ് കോളജിന്റെ ഹെറിറ്റേജ് വാക്കിന്റെ ഭാഗമായി നടനകൈരളിയില്‍ ഗുരു ജി. വേണുവിനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കലാകാരന്മാര്ക്കുമൊപ്പം വിദ്യാര്‍ഥികള്‍.

ഇരിങ്ങാലക്കുട: നാടിന്റെ ചരിത്രവും കലാസാംസ്കാരിക പൈതൃകവും നേരിട്ടറിഞ്ഞും കലാകാരന്മാരുമായി സംവദിച്ചും സെന്റ് ജോസഫ്സ് കോളജിലെ വിദ്യാര്‍ഥികള്‍. കോളജിലെ ഇന്ത്യന്‍ നോളജ് സിസ്റ്റംസ് (ഐകെഎസ്) സെന്ററിന്റെയും ഐകെഎസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പൈതൃക യാത്ര (ഹെറിറ്റേജ് വാക്ക്) അറിവിന്റെയും അനുഭവത്തിന്റെയും വേറിട്ട വേദിയായി. ചരിത്രപ്രസിദ്ധമായ നടനകൈരളി സന്ദര്‍ശിച്ച വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രമുഖ കലാകാരന്മാരുമായി സംവദിക്കാന്‍ അവസരം ലഭിച്ചു. നവരസ സാധന കളരിയില്‍ പരിശീലനം നടത്തുന്ന കലാകാരന്മാരുമായും അഭിനയകുലപതി ഗുരു ജി. വേണുവുമായും നടത്തിയ കൂടിക്കാഴ്ച യാത്രയിലെ ശ്രദ്ധേയ അനുഭവമായി.
കലാരൂപങ്ങളുടെ സവിശേഷതകളും അഭിനയത്തിന്റെ വിവിധ തലങ്ങളും അടുത്തറിയാന്‍ വിദ്യാര്‍ഥികള്‍ക്ക് ഈ സംവാദം സഹായകമായി. വിദ്യാര്‍ഥികളില്‍ പ്രാദേശിക ചരിത്രത്തെക്കുറിച്ചും പരമ്പരാഗത കലാരൂപങ്ങളെക്കുറിച്ചും ആഴത്തിലുള്ള അറിവും പൈതൃകബോധവും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിച്ചത്. കോളജ് കാമ്പസിലെ ഋതുമുറ്റത്തുനിന്ന് ആരംഭിച്ച യാത്ര ഇരിങ്ങാലക്കുടയുടെ ചരിത്രവും സാംസ്കാരിക പാരമ്പര്യവും അടയാളപ്പെടുത്തിയ വിവിധ കേന്ദ്രങ്ങളിലൂടെയാണ് കടന്നുപോയത്. ഷണ്മുഖം കനാല്‍, മുനിസിപ്പല്‍ മൈതാനം, ചരിത്രപ്രസിദ്ധമായ കുട്ടംകുളം, കൂടല്‍മാണിക്യം ക്ഷേത്രപരിസരം, അമ്മന്നൂര്‍ ഗുരുകുലം, കൊട്ടിലാക്കല്‍ സമുച്ചയം, കൈമള്‍ ബംഗ്ലാവിന്റെ അവശേഷിപ്പുകള്‍, കൂടല്‍മാണിക്യം ക്ഷേത്ര ഗോപുരനട, കൂത്തമ്പലം, മഹാത്മാഗാന്ധി ലൈബ്രറി എന്നിവ വിദ്യാര്‍ഥികള്‍ സന്ദര്‍ശിച്ചു.
തിരുവിതാംകൂര്‍ രാജാവിന്റെ പ്രതിനിധിയായിരുന്ന തച്ചുട കൈമളുടെ ഭരണകാര്യാലയമായിരുന്ന കൊട്ടിലാക്കല്‍ സമുച്ചയവും കൈമള്‍ ബംഗ്ലാവിന്റെ അവശേഷിപ്പുകളും ഇരിങ്ങാലക്കുടയുടെ ചരിത്രത്തിലേക്കുള്ള നേര്‍ക്കാഴ്ചയായി. കൂടിയാട്ടത്തിന്റെ ആഗോള കേന്ദ്രമായ അമ്മന്നൂര്‍ ഗുരുകുലത്തില്‍ പ്രശസ്ത കലാകാരി സരിതാ കൃഷ്ണകുമാറുമായും വിദ്യാര്‍ഥികള്‍ സംവദിച്ചു. പാഠപുസ്തകങ്ങള്‍ക്കപ്പുറത്തേക്ക് അറിവിന്റെ ലോകം വികസിപ്പിക്കാനും നാടിന്റെ സാംസ്കാരിക സ്വത്വം തിരിച്ചറിയാനും യാത്ര അവസരമൊരുക്കി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, ഐകെഎസ് സെന്റര്‍ ഡയറക്ടര്‍ ഡ. വി.എസ്. സുജിത, അധ്യാപകരായ ലിറ്റി ചാക്കോ, ഡോ. ജോസ് കുര്യാക്കോസ്, ഡോ. ടി.വി. ബിനു, ഡോ. ടി. ഷെറിന് ജോസ് എന്നിവര്‍ നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

എടമുട്ടം ക്രിസ്തുരാജ ദേവാലയത്തില്‍ ക്രിസ്തുരാജന്റെ തിരുനാളും ഇടവകദിനവും മതബോധനദിനവും ആഘോഷിച്ചു
ഇരിങ്ങാലക്കുട ക്രൈസ്റ്റ് ആശ്രമ ദേവാലയത്തില്‍ ക്രിസ്തുരാജന്റെ തിരുനാളിന് കൊടികയറി
വയോജന കലോത്സവം കിളിക്കൂട് 2026 സംഘടിപ്പിച്ചു
ഇന്നസെന്റിന്റെ ചെറുമകന് ഇന്നസെന്റ് സോണറ്റിന്റെ ആദ്യ സിനിക്ക് കൂറ്റന്‍ ഫ്ളക്സ് ലൈറ്റ് ബോര്‍ഡ് ഒരുക്കി ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട
താമരവളയം: റഗുലേറ്റര്‍ നിര്‍മാണത്തിന് 90 ലക്ഷം രൂപ അനുവദിച്ചതായി തോമസ് ഉണ്ണിയാടന് എംഎല്‍എ
പടിയൂരില്‍ രണ്ട് റോഡുകള്‍ നാടിനു സമര്‍പ്പിച്ചു