വ്യത്യസ്ത മധുര പലഹാരങ്ങളുണ്ടാക്കി നാടിന് മധുരം പകര്‍ന്ന് കല്ലേറ്റുംകര നിപ്മറിലെ കുട്ടികള്‍
ഇരിങ്ങാലക്കുട: കൊതിയൂറും കേക്കുകളും മധുരമിറ്റുന്ന ചോക്കലേറ്റുകളും മറ്റു വ്യത്യസ്ത മധുര പലഹാരങ്ങളുമുണ്ടാക്കി നാടിന് മധുരം വിളമ്പി നിപ്മറിലെ കുട്ടികള്‍. കല്ലേറ്റുംകരയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷനിലെ ഭിന്നശേഷി കുട്ടികളുടെ തൊഴില്‍ പരിശീലന പദ്ധതിയായ എംവോക്കിന് കീഴില്‍ പരിശീലനം നടത്തുന്ന കുട്ടികളാണ് മധുര രുചിക്കൂട്ടുകളുടെ സൃഷ്ട്ടാക്കള്‍. ആറു മാസത്തെ പരിശീലന കാലയളവില്‍ വിവിധ തരം കേക്കുകള്‍, ചോക്കലെറ്റുകള്‍, ഷേക്കുകള്‍, സാലഡുകള്‍ തുടങ്ങിയവയാണ് കുട്ടികള്‍ തയാറാക്കാന്‍ പഠിക്കുന്നത്. ഇതുവഴി സ്വന്തം കഴിവുകൊണ്ടു തന്നെ ജീവിതം കരുപിടിപ്പിക്കാന്‍ കുട്ടികള്‍ പ്രാപ്തരാകുമെന്ന് നിപ്മര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് സി. ചന്ദ്രബാബു പറഞ്ഞു. ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ തെരെഞ്ഞെടുക്കല്‍, അളവ് നിര്‍ണയിക്കല്‍, ബേക്കിംഗ്, ഗാര്‍നിഷിംഗ്, വിളമ്പി നല്കല്, പാക്കിംഗ് തുടങ്ങിയ വിവിധ വിഷയങ്ങളില്‍ കുട്ടികള്‍ പരിശീലനം നേടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ ബേക്കറികളില്‍ പ്രായോഗികമായ പരിശീലനം നേടുന്നതിനും അവസരമുണ്ട്. കൂടാതെ പ്രാദേശിക വ്യാപാരമേളകളില്‍ പങ്കെടുത്ത് വിപണി ഇടപെടലുകള്‍ പരിശീലനവും ലഭിക്കുന്നു. ഓണം, ക്രിസ്തുമസ് തുടങ്ങിയ ആഘോഷവേളകളില്‍ കേക്ക് മേളകള്‍, ഭക്ഷ്യ മേളകള്‍ എന്നിവയില്‍ പങ്കെടുത്ത് വിപണി തന്ത്രങ്ങള്‍ അഭ്യസിക്കുന്നതിനും പരിശീലന പദ്ധതിയിലൂടെ കുട്ടികള്‍ക്ക് സാധിക്കും. ആദ്യഘട്ടത്തില്‍ എട്ടു കുട്ടികളാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.