ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആഗ്നിക വേറിട്ടനുഭവമായി
ഇരിങ്ങാലക്കുട: കഥകളി ആചാര്യന്മാരുടെ മക്കള്‍ നിറഞ്ഞാടിയ ദക്ഷയാഗം കഥകളി, വയലിന്ക്കച്ചേരി, ഗവേഷണബിരുദം നേടിയ തട്ടകത്തെ എട്ടുവനിതാ പ്രതിഭകളെ അനുമോദിക്കല്‍ എന്നീ വ്യത്യസ്തപരിപാടികള് ഉള്‍ക്കൊള്ളിച്ച് അരങ്ങേറിയ ആഗ്നിക വേറിട്ടനുഭവമായി. കലാ-സാംസ്കാരിക-സാമൂഹിക മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്കിയ എ. അഗ്നിശര്‍മ്മന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബിന്റെ ആഭിമുഖ്യത്തിലാണ് ആഗ്നിക സംഘടിപ്പിച്ചത്. ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം ഹാളില്‍ പ്രസിഡന്റ് അനിയന് മംഗലശ്ശേരിയുടെ അധ്യക്ഷതയില്‍ നടന്ന സ്മരണാഞ്ജലിയില്‍ വി.എന്‍. കൃഷ്ണന്‍കുട്ടി സ്മൃതിപ്രഭാഷണം നടത്തി. നാദോപാസന സെക്രട്ടറി പി. നന്ദകുമാര്‍, കഥകളി ക്ലബ് സെക്രട്ടറി രമേശന് നമ്പീശന്, കലാനിലയം രാജീവന്,എ.എസ്. സതീശന്, ജ്യോതി അഗ്നിശര്മ്മന് എന്നിവര്‍ പ്രസംഗിച്ചു. ശാസ്ത്ര സാഹിത്യ കലാരംഗത്ത് പുരസ്കാരവും ഗവേഷണത്തില്‍ ബിരുദവും നേടിയ ഇരിങ്ങാലക്കുടക്കാരായ ഡോ. ഹേന ചന്ദ്രന്, ഡോ. ജയന്തി ദേവരാജ്, ഡോ. ഇ. വിനിത, ഡോ. ഭദ്ര പികെഎം, ഡോ. നിത്യ കൃഷ്ണന്, ഡോ. പി.എസ്. ജലജ്, ഡോ. എം.വി. അമ്പിളി, ഡോ. എ. സജിത എന്നീ എട്ട് വനിതാപ്രതിഭകളെ അനുമോദിച്ചു. വൈകീട്ട് അഞ്ചിന് സനോജ് പൂങ്ങാട്ട് മൃദംഗത്തിലും ദീപു ഏലങ്കുളം ഘടത്തിലും പക്കമേളമൊരുക്കി അരങ്ങേറിയ ടി. എച്ച്. സുബ്രഹ്മണ്യത്തിന്റെ വയലിന്ക്കച്ചേരി ഹൃദ്യമായി. സന്ധ്യയ്ക്ക് ഏഴിന് ദക്ഷയാഗം കഥകളിയില്‍ സി. വിനോദ് കൃഷ്ണന് ദക്ഷനായും, കലാനിലയം സൂരജ് ഇന്ദ്രനായും ഭൂതഗണമായും, കലാകേന്ദ്രം ബാലു നായര്‍ നന്ദികേശ്വരനായും, പ്രദീപ് രാജ ദധീചിയായും പൂജാബ്രാഹ്മണനായും, അഡ്വ. രഞ്ജിനി സുരേഷ് ശിവനായും, ഡോ. ജയന്തി ദേവരാജ് സതിയായും, ഇ.കെ. വിനോദ് വാര്യര്‍ വീരഭദ്രനായും, ഹരികൃഷ്ണന് ഗോപിനാഥ് ഭദ്രകാളിയായും, കലാനിലയം അജയ്ശങ്കറും മാസ്റ്റര്‍ മഹാദേവ് രാജയും ഭൂതഗണമായും, നിരഞ്ജന് വാര്യര്‍ പൂജാബ്രാഹ്മണനായും വേഷമിട്ടു. കലാനിലയം രാജീവന്, കലാനിലയം സിനു, കലാമണ്ഡലം മനേഷ് എന്നിവര്‍ സംഗീതത്തിലും ഡോ. കൃഷ്ണപ്രവീണ്‍ പൊതുവാള്, കലാനിലയം ദീപക് എന്നിവര്‍ ചെണ്ടയിലും കലാനിലയം പ്രകാശന്, കലാനിലയം ഉണ്ണിക്കൃഷ്ണന് എന്നിവര്‍ മദ്ദളത്തിലും അകമ്പടിയേകി. കലാമണ്ഡലം സുധീഷ്, കലാമണ്ഡലം ഷിബു എന്നിവര്‍ ചുട്ടികുത്തി. രംഗഭൂഷ, ഇരിങ്ങാലക്കുട ചമയം ഒരുക്കി. ഊരകം നാരായണന് നായര്‍, കലാമണ്ഡല മനേഷ്, നാരായണന്‍കുട്ടി, ആല്‍ബര്‍ട്ട് എന്നിവര്‍ അണിയറയൊരുക്കി.