വയോധികയെ കൊലപ്പെടുത്തി ആഭരണങ്ങള് കവര്ന്നു; ലഹരിമാഫിയ സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം

വീട്ടുകാരുടെ നീക്കങ്ങള് കൃത്യമായി അറിയാവുന്നവരെന്ന് സംശയം
കാറളം: വയോധികയെ വീട്ടിനുള്ളില് കൊലപ്പെടുത്തി 15 പവനോളം സ്വര്ണം കവര്ന്ന സംഭവത്തില് അന്വേഷണം ലഹരിമാഫിയ സംഘങ്ങളെ കേന്ദ്രീകരിച്ച് ഊര്ജിതമാക്കി. കാറളം മൃഗാശുപത്രിക്ക് സമീപം പാറാമ്പുള്ളി റോഡില് അരുമ്പിള്ളി വിജയന്റെ ഭാര്യ സാവിത്രി (79) ആണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്. കേസന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. തൃശൂര് റൂറല് എസ്.പി. മുഹമ്മദ് നദീമുദ്ദീന് ഐ.പി.എസ്., ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. എം. സന്തോഷ്കുമാര്, കാട്ടൂര് സി.ഐ. എ. വിനോജ്, കൊടുങ്ങല്ലൂര് സി.ഐ. ഇ.ആര്. ബൈജു, അന്തിക്കാട് സി.ഐ. സി.ആര്. മിഥുന് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. കൊലപാതകത്തിന് പിന്നിലെ പ്രതികളെ കണ്ടെത്തുന്നതില് നിര്ണായകമായേക്കാവുന്ന തെളിവാണ് മൃതദേഹത്തിനടിയില് നിന്ന് ലഭിച്ച ഗ്ലൗസ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് ഗ്ലൗസ് കണ്ടെത്തിയത്.
പ്രതികളിലൊരാള് ഉപയോഗിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. തുടര്ന്ന് ഫോറന്സിക് സംഘം സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധന നടത്തി. കൃത്യം നടത്തിയശേഷം രക്ഷപ്പെടാനുള്ള തിടുക്കത്തില് ഗ്ലൗസ് ഉപേക്ഷിച്ചതാകാമെന്നാണ് സംശയം. സാവിത്രിയുടെ വായില്നിന്നും ഗ്ലൗസിന്റെ ഒരു ഭാഗം ലഭിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൈകൊണ്ട് വായ പൊത്തിപ്പിടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വീണ്ടും പോലീസ് നായയെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തി. സാവിത്രിയുടെ മൃതദേഹം കിടന്നിരുന്ന മുറിയില്നിന്ന് മണംപിടിച്ച നായ വീടിന്റെ പിന്ഭാഗത്തുകൂടി പറമ്പിലേക്ക് നീങ്ങി അവിടെ നിന്നു. കൊലപാതകത്തിനുശേഷം പ്രതി ഈ വഴിയിലൂടെ രക്ഷപ്പെട്ടിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്.
വീടിന്റെ പിന്ഭാഗത്തുകൂടി രക്ഷപ്പെട്ടതാണെങ്കില് വീടിന്റെ ഘടനയും പരിസരവും നന്നായി അറിയാവുന്നവരായിരിക്കണമെന്ന വിലയിരുത്തലും അന്വേഷണസംഘത്തിനുണ്ട്. പ്രദേശത്തെ ലഹരി മാഫിയ സംഘങ്ങളിലേക്കാണ് ഇപ്പോള് അന്വേഷണം പ്രധാനമായും നീളുന്നത്. നേരത്തെ ലഹരി കേസുകളില് അറസ്റ്റിലായവരുടെ പട്ടിക പോലീസ് തയ്യാറാക്കിയിട്ടുണ്ട്. ഇവരില് പലരുടെയും മൊബൈല് ഫോണ് ടവര് ലൊക്കേഷനും കോളുകളും നിരീക്ഷിക്കുന്നുണ്ട്. പ്രദേശത്തെ ലഹരിക്കടിമയായ ചില യുവാക്കളും പോലീസ് നിരീക്ഷണത്തിലുണ്ടെന്നാണ് സൂചന എന്നാല് ഇക്കാര്യം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആദ്യഘട്ടത്തില് നാടോടി സ്ത്രീകളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. എന്നാല് ഇവര് സാവിത്രിയുടെ വീടിന്റെ പരിസരത്ത് എത്തിയിരുന്നതായി വ്യക്തമായ സൂചനകള് ലഭിച്ചിരുന്നില്ല.
വീട്ടുകാര് പുറത്തുപോയി ഏറെ നേരം കഴിഞ്ഞേ മടങ്ങിയെത്തൂവെന്ന് അറിയാവുന്നവരാണ് കൃത്യം ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീട്ടില് ആരുമില്ലാത്ത സമയത്താണ് കൊലപാതകം നടന്നത്. വീടിനുള്ളില് മുളകുപൊടി വിതറിയിരുന്നതും കൊലപാതകം മുന്കൂട്ടി ആസൂത്രണം ചെയ്തതിന്റെ സൂചനയായാണ് പോലീസ് കാണുന്നത്. വീട്ടുകാരുടെ പതിവുകളും വീടിന്റെ ഘടനയും പരിസരവും കൃത്യമായി അറിയാവുന്നവരായിരിക്കാം പ്രതികളെന്നും സംശയിക്കുന്നു. സാവിത്രി ധരിച്ചിരുന്ന മാല, വളകള്, മോതിരം എന്നിവയടക്കം ഏകദേശം 15 പവനോളം സ്വര്ണമാണ് നഷ്ടപ്പെട്ടത്. കൊലപാതകത്തിന് പിന്നില് ഒന്നിലധികം പേര് ഉണ്ടായിരിക്കാമെന്ന സംശയവും പോലീസ് പരിശോധിക്കുന്നുണ്ട്.
വീടിന് സമീപം സി.സി.ടി.വി. ക്യാമറകളില്ലാത്തതും അന്വേഷണത്തിന് വെല്ലുവിളിയാണ്. സമീപവാസികളെയും ബന്ധുക്കളെയും പോലീസ് ഇന്നലെ ചോദ്യം ചെയ്തു. ശാസ്ത്രീയ പരിശോധനകള്ക്കു ുറമെ മൊബൈല് ടവര് ലൊക്കേഷന്, ഫോണ് കോളുകള് എന്നിവയും വിശദമായി പരിശോധിച്ചുവരികയാണ്. രാത്രിയിലടക്കം 24 മണിക്കൂറും പ്രദേശത്തെ പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. തൃശൂര് മെഡിക്കല് കോളജിലെ പോസ്റ്റുമോര്ട്ടത്തിനുശേഷം ഇന്നലെ വൈകീട്ട് മൃതദേഹം വീട്ടുവളപ്പില് സംസ്കരിച്ചു. കേസന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടന് പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
കാറളത്തെ വയോധികയുടെ കൊലപാതകം; നിയമസഭയില് സബ്മിഷന് ഉന്നയിച്ച് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്എ
ഇരിങ്ങാലക്കുട: കാറളം മൃഗാസ്പത്രിക്ക് പിന്നില് അരുമ്പുള്ളി വിജയന്റെ ഭാര്യ സാവിത്രിയുടെ (79) അതിദാരുണമായ കൊലപാതകം നിയമസഭയില് സബ്മിഷനായി ഉന്നയിച്ച് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്എ. നാടിനെ നടുക്കിയ കൊലപാതകത്തിന്റെ പ്രതികളെ ഉടനെ കണ്ടുപിടിക്കണമെന്നും ജനങ്ങളുടെ ഭയാശങ്കകള് ദൂരീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും പ്രതികളെ ഉടനെ നിയമത്തിനു മുന്നില് കൊണ്ടുവരുമെന്നും സബ്മിഷന് മറുപടിയായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

രണ്ടു ദിവസം, അഞ്ച് കിരീടങ്ങള്! കായികരംഗത്ത് തങ്ങളുടെ ആധിപത്യം തുടര്ന്ന് ക്രൈസ്റ്റ് കോളജ്
ജി.വി. രാജ പുരസ്കാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന്
ഇലക്ഷന് കമ്മീഷണറെ പുറത്താക്കണം; ഇരിങ്ങാലക്കുടയില് കോണ്ഗ്രസ് പ്രവര്ത്തകരുടെ നൈറ്റ് മാര്ച്ച്
ഡല്ഹി സമരത്തിന് പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ഐക്യദാര്ഢ്യം
തൃശൂര് സെന്ട്രല് സഹോദയ സിബിഎസ്ഇ കലോത്സവം 2026 നാളെ
കാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില് ഈവനിംഗ് ഒപി നിര്ത്തലാക്കിയതിനെതിരെ പ്രതിഷേധിച്ചു