മൂന്നു മണിക്കൂറില്‍ 12 വിഭവങ്ങള്‍; രുചിവൈവിധ്യത്തിന്റെ താരമായി മിന്ന മനോജ്
റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിലെ തത്സമയ ഭക്ഷണനിര്‍മാണ മത്സരത്തില്‍ 12 വിഭവങ്ങളൊരുക്കി ശ്രദ്ധേയയായ മിന്ന മനോജ്.

നാടന്‍ രുചികള്‍ക്കൊപ്പം വിദേശ വിഭവങ്ങളും; ഭക്ഷ്യസംരക്ഷണത്തിലും പാചകമികവിലും വേറിട്ട കൈയൊപ്പ്
ഇരിങ്ങാലക്കുട: മൂന്നു മണിക്കൂര്‍… മുന്നില്‍ ഒരു അടുപ്പും കുറച്ച് പഴങ്ങളും പച്ചക്കറികളും. മിക്സിയുടെയോ മറ്റ് ആധുനിക പാചക ഉപകരണങ്ങളുടെയോ സഹായമില്ലാതെ ഒരുക്കേണ്ടത് കുറഞ്ഞത് 12 വിഭവങ്ങള്‍. വെല്ലുവിളി ഏറ്റെടുത്ത് രുചിയിലും വൈവിധ്യത്തിലും പോഷകമൂല്യത്തിലും ഒരുപോലെ മികവു തെളിയിച്ച് ശ്രദ്ധേയയായിരിക്കുകയാണ് തലോര്‍ ദീപ്തി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി മിന്ന മനോജ്. റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങള്‍ക്കായി സംഘടിപ്പിച്ച തത്സമയ ഭക്ഷണനിര്‍മാണ മത്സരത്തിലാണ് മിന്നയുടെ മിന്നും പ്രകടനം. പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് മൂന്നു മണിക്കൂറിനുള്ളില്‍ കുറഞ്ഞത് 12 വിഭവങ്ങള്‍ തയാറാക്കണമെന്നതായിരുന്നു മത്സരം. സ്റ്റൗവില്‍ മാത്രം പാചകം ചെയ്യണമെന്ന നിബന്ധനയും വെല്ലുവിളി ഇരട്ടിയാക്കി.
എന്നാല്‍ നാടന്‍ രുചികളെയും വിദേശ ഭക്ഷ്യവിഭവങ്ങളെയും ഒരേ അടുക്കളയില്‍ സമന്വയിപ്പിച്ച് മിന്ന ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. വെറും പാചകമികവില്‍ ഒതുങ്ങുന്നതായിരുന്നില്ല മിന്നയുടെ ഒരുക്കങ്ങള്‍. സാമ്പത്തിക ലാഭം, പോഷകമൂല്യം, ഭക്ഷ്യസംരക്ഷണം എന്നീ ആശയങ്ങള്‍ക്കും തുല്യപ്രാധാന്യം നല്കി. മത്തങ്ങ ജാം, തക്കാളി സോസ്, ഗ്രീന്‍ ആപ്പിളും പേരയ്ക്കയും ചേര്‍ത്ത ഗ്രീന്‍ അച്ചാര്‍, പാഷന് ഫ്രൂട്ട് ഹല്‍വ, മുന്തിരിയും മള്‍ബറിയും ചേര്‍ത്ത സ്ക്വാഷ്, നെല്ലിക്ക വരട്ടിയത് എന്നിവയായിരുന്നു പഴം പച്ചക്കറി സംരക്ഷണ വിഭാഗത്തിലെ ആറു വിഭവങ്ങള്‍. കുറഞ്ഞ ചെലവില്‍ പോഷകസമൃദ്ധമായ ഭക്ഷണം തയാറാക്കാമെന്ന ആശയത്തിന് പ്രാധാന്യം നല്കി ദഹി ബൈഗന്‍, വാഴപ്പൂ നെറ്റ് ബജി, മുളപ്പിച്ച ചെറുപയറും ഉണ്ണിപ്പിണ്ടിയും ചേര്‍ത്ത കറി, മുളപ്പിച്ച ചെറുപയറും ഇലകളും ചേര്‍ത്ത അഞ്ചില തോരന്‍, അരിയും റാഗിയും ചേര്‍ത്ത അട, കപ്പ മിഠായി എന്നിവയും ഒരുക്കി.
വ്യത്യസ്ത രുചികളും പുതുമയാര്‍ന്ന കൂട്ടുകളും മാത്രമല്ല, ഭക്ഷ്യവസ്തുക്കളുടെ മൂല്യവര്‍ധനയെയും സംരക്ഷണത്തെയും കുറിച്ചുള്ള അറിവും മിന്നയുടെ വിഭവങ്ങളില്‍ തെളിഞ്ഞു. ചേര്‍പ്പ് ഉപജില്ലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷം തുടര്‍ച്ചയായി ഒന്നാം സ്ഥാനം നേടിയിരുന്നു. വന്യു തലത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് മിന്ന മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഇതേ മത്സരത്തില്‍ എ ഗ്രേഡ് നേടിയിരുന്നു. പാചകത്തെ കേവലം രുചിയുടെ കലയായി കാണാതെ പോഷകാഹാരത്തിന്റെയും ഭക്ഷ്യസംരക്ഷണത്തിന്റെയും സാധ്യതകള്‍ അവതരിപ്പിക്കാനുള്ള വേദിയാക്കി മാറ്റുകയാണ് മിന്നയുടെ ലക്ഷ്യം.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പഞ്ഞിയും കമ്പിയും ചേര്‍ത്ത് പാവകളില്‍ നൃത്തച്ചുവടൊരുക്കി ദിയമരിയ
16-ാമത് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തില്‍ തൃശൂര്‍ ഈസ്റ്റ് ഉപജില്ല ഓവറോള്‍ ചാമ്പ്യന്മാര്
മൂന്നു മണിക്കൂറില്‍ മരത്തില്‍ തീര്‍ത്തത് മൂന്ന് വിസ്മയങ്ങള്‍; ഇഷാല്ദേവിന് കൈയടി
കാര്‍ബണിനെ ഊര്ജസ്രോതസാക്കാം; വളമായും ആല്‍ഗ കൃഷിക്കും ഉപയോഗിക്കാം
കാട്ടൂരില്‍ വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി; 3220 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം
കഷ്ടപ്പാടുകള്‍ക്കിടയിലും കളിമണ്ണില്‍ വിസ്മയം തീര്‍ത്ത് വിശാല്‍ കൃഷ്ണ