കഷ്ടപ്പാടുകള്‍ക്കിടയിലും കളിമണ്ണില്‍ വിസ്മയം തീര്‍ത്ത് വിശാല്‍ കൃഷ്ണ
കളിമണ്ണില്‍ കരവിരുതിന്റെ വിസ്മയം തീര്‍ത്ത പനങ്ങാട് എച്ച്എസ്എസിലെ വിശാല്‍ കൃഷ്ണ.

ഇരിങ്ങാലക്കുട: ജീവിതത്തിലെ പ്രതിസന്ധികള്‍ക്കു മുന്നില്‍ തളരാതെ, കൈകളില്‍ കരുതിയ കലാവൈഭവം കൊണ്ട് കളിമണ്ണില്‍ വിസ്മയങ്ങള്‍ തീര്‍ക്കുകയാണ് വിശാല്‍ കൃഷ്ണ. റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിലെ ക്ലേ മോഡലിംഗ് മത്സരത്തില്‍ വേറിട്ട കലാസൃഷ്ടിയുമായി ശ്രദ്ധേയനായിരിക്കുകയാണ് പനങ്ങാട് എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ഈ കൊച്ചുകലാകാരന്. കളിമണ്ണിന് ജീവന് പകരുന്ന വിരലുകള്‍ക്ക് ചെറുപ്പം മുതലേ ശില്പനിര്മാണത്തോട് പ്രത്യേക താത്പര്യമാണ്. ഉപജില്ലാതല മത്സരങ്ങളില്‍ സമ്മാനങ്ങള്‍ നേടിയിട്ടുള്ള വിശാല്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാനതല മത്സരത്തില്‍ എ ഗ്രേഡ് നേടിയും കഴിവ് തെളിയിച്ചു. ക്ലേ മോഡലിംഗിനൊപ്പം ചിത്രരചനയിലും മികവു പുലര്‍ത്തുന്ന വിശാല്‍ വിവിധ കലാമത്സരങ്ങളിലൂടെ തന്റെ പ്രതിഭ ഇതിനകം അടയാളപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ നടന്ന മത്സരത്തില്‍ കടല്‍ത്തീരത്ത് ഇരിക്കുന്ന അമ്മയുടെയും മകളുടെയും ഹൃദയഹാരിയായ രൂപമാണ് വിശാല്‍ കളിമണ്ണില്‍ ഒരുക്കിയത്.
രൂപങ്ങളുടെ സൂക്ഷ്മതയും സ്വാഭാവികതയും കഥാപാത്രങ്ങളുടെ ഭാവപ്രകടനവും ഒത്തുചേര്‍ന്നപ്പോള്‍ ശില്പം കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി. വെറുമൊരു രൂപനിര്മാണത്തിനപ്പുറം വികാരങ്ങള്‍ക്കു കൂടി ജീവന് നല്കുന്ന കലാവിരുതാണ് വിശാല്‍ തന്റെ സൃഷ്ടിയിലൂടെ പ്രകടമാക്കിയത്. എന്നാല്‍ ഈ കലാപ്രതിഭയുടെ ജീവിതവഴി അത്ര എളുപ്പമുള്ളതല്ല. പഠനത്തിലും കലയിലും ഒരുപോലെ മികവു പുലര്‍ത്തുമ്പോഴും കുടുംബത്തിന്റെ സാമ്പത്തിക പ്രയാസങ്ങള്‍ തിരിച്ചറിഞ്ഞ് ഒഴിവുസമയങ്ങളില്‍ കാറ്ററിംഗ് ജോലികള്‍ക്കും പോകുന്നുണ്ട് വിശാല്‍. കഷ്ടപ്പാടുകള്‍ക്കിടയിലും കലാപരമായ സ്വപ്നങ്ങള്‍ക്ക് അവന് അവധി നല്‍കിയിട്ടില്ല. ഏതാനും ദിവസം മുമ്പ് റോക്കറ്റ് മാതൃക നിര്‍മിച്ച് സ്വകാര്യ വ്യക്തിക്ക് കൈമാറിയതും ഈ മികവിന്റെ മറ്റൊരു ഉദാഹരണമാണ്. കൂലിപ്പണിക്കാരനായ സന്ദീപിന്റെയും സുനിതയുടെയും മകനാണ് വിശാല്‍ കൃഷ്ണ. സഹോദരി വൃന്ദകൃഷ്ണ.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പഞ്ഞിയും കമ്പിയും ചേര്‍ത്ത് പാവകളില്‍ നൃത്തച്ചുവടൊരുക്കി ദിയമരിയ
16-ാമത് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തില്‍ തൃശൂര്‍ ഈസ്റ്റ് ഉപജില്ല ഓവറോള്‍ ചാമ്പ്യന്മാര്
മൂന്നു മണിക്കൂറില്‍ മരത്തില്‍ തീര്‍ത്തത് മൂന്ന് വിസ്മയങ്ങള്‍; ഇഷാല്ദേവിന് കൈയടി
കാര്‍ബണിനെ ഊര്ജസ്രോതസാക്കാം; വളമായും ആല്‍ഗ കൃഷിക്കും ഉപയോഗിക്കാം
കാട്ടൂരില്‍ വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി; 3220 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം
കഥകളിയിലെ പച്ചവേഷം പപ്പറ്റായി; ആവണിക്ക് മികവ്