അമര്‍ജവാന്‍ യുദ്ധസ്മാരകത്തിന് സ്റ്റോപ്പ് മെമ്മോ
ഠാണ ജംഗ്ഷനില്‍ നിര്‍മിച്ചുവരുന്ന അമര്‍ജവാന്‍ യുദ്ധസ്മാരകത്തിന്റെ പണികള്‍ നിര്‍ത്തിവച്ച നിലയില്‍.
സ്ഥലം ഏറ്റെടുത്തതാണെന്ന് പൊതുമരാമത്ത് വകുപ്പ്; നഗരസഭയുടേതെന്ന് നഗരസഭ
തറക്കല്ലിട്ടത് കഴിഞ്ഞ ദിവസം; ഉദ്ഘാടനം ജനുവരി 26ന് നടത്താന്‍ തീരുമാനിച്ചിരിക്കെ നിര്‍മാണം നിലച്ചു
ഇരിങ്ങാലക്കുട: ഠാണ ജംഗ്ഷനില്‍ നിര്‍മിച്ചുവരുന്ന അമര്‍ജവാന്‍ യുദ്ധസ്മാരകത്തിന് പൊതുമരാമത്ത് വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്കി. ഠാണ ചന്തക്കുന്ന് റോഡ് വികസനത്തിനായി ഏറ്റെടുത്ത സ്ഥലത്ത് അനുമതിയില്ലാതെ നിര്‍മാണം നടത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് പൊതുമരാമത്ത് വകുപ്പ് സ്ഥലത്ത് സ്റ്റോപ്പ് മെമ്മോ നോട്ടീസ് പതിച്ചത്. ഠാണ ജംഗ്ഷന്റെ തെക്കുകിഴക്കേ മൂലയിലുള്ള നഗരസഭയുടെ നിലവില്‍ ഒഴിഞ്ഞുകിടക്കുന്ന ഒന്നര സെന്റ് സ്ഥലത്താണ് കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗിന്റെ നേതൃത്വത്തില്‍ അമര്‍ജവാന്‍ എന്ന പേരില്‍ യുദ്ധസ്മാരകം നിര്‍മിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സ്മാരകത്തിന് തറക്കല്ലിട്ടത്. 2027 ജനുവരി 26ന് ഉദ്ഘാടനം നടത്താനായിരുന്നു തീരുമാനം. ഇതിനിടെയാണ് നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് രംഗത്തെത്തിയത്.
ഈ സ്ഥലം റവന്യൂ പുറമ്പോക്കാണെന്നും ഠാണ ചന്തക്കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി നേരത്തേ സ്ഥലം ഏറ്റെടുത്തതാണെന്നുമാണ് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ നിലപാട്. ഇവിടെ നഗരസഭ നേരത്തേ നിര്‍മിച്ചിരുന്ന കെട്ടിടം റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുത്തപ്പോള്‍ അതിന് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു. അതിനാല്‍ നിലവില്‍ ഈ സ്ഥലം നഗരസഭയുടെ ഉടമസ്ഥതയിലുള്ളതല്ലെന്നും പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി. എന്നാല്‍, സ്ഥലം നഗരസഭയുടേതുതന്നെയാണെന്ന നിലപാടിലാണ് നഗരസഭ. അമര്‍ജവാന്‍ യുദ്ധസ്മാരകം നിര്‍മിക്കണമെന്ന കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗിന്റെ ആവശ്യം പരിഗണിച്ച് നഗരസഭാ കൗണ്‍സില്‍ ഐകകണ്ഠ്യേന സ്മാരകം നിര്‍മിക്കാന്‍ അനുമതി നല്‍കിയതായും നഗരസഭ അധികൃതര്‍ വ്യക്തമാക്കി.
നഗരസഭയുടെ അനുമതിയുടെ അടിസ്ഥാനത്തിലാണ് നിര്‍മാണ നടപടികളുമായി മുന്നോട്ടുപോയതെന്നും അവര്‍ പറയുന്നു. സ്ഥലം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തതാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നും നഗരസഭയുടെ അനുമതിയോടെയാണ് സ്മാരക നിര്‍മാണത്തിന് തീരുമാനമെടുത്തതെന്നുമാണ് എക്സ് സര്‍വീസസ് ലീഗ് ഭാരവാഹികളുടെ വിശദീകരണം. രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത സൈനികരുടെ സ്മരണയ്ക്കായി നിര്‍മിക്കാനുദ്ദേശിച്ച സ്മാരകത്തിന്റെ നിര്‍മാണം സ്ഥലത്തന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് തുടക്കത്തിലേ നിലച്ചത് നഗരത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം എങ്ങനെ പരിഹരിക്കുമെന്നതും സ്മാരക നിര്‍മാണം എപ്പോള്‍ പുനരാരംഭിക്കാനാകുമെന്നതുമാണ് ഇനി ശ്രദ്ധേയം.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മുരിയാട് പഞ്ചായത്ത് ഭരണസമിതി നെല്‍കൃഷിയിലേക്ക്
കല്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ ദര്‍ശന തിരുനാളിന് കൊടികയറി
16-ാം മത് തൃശൂര്‍ റവന്യൂ ജില്ല സ്കൂള്‍ ശാസ്ത്രോത്സവം നാളെയും മറ്റന്നാളും ഇരിങ്ങാലക്കുടയില്‍
യുവജന കൂട്ടായ്മയുടെ മാതൃകാപരമായ പ്രവര്‍ത്തനം; പൂവത്തുംകടവില് ആധുനിക സൗകര്യങ്ങളോടെ വേറിട്ട ബസ് സ്റ്റോപ്പ്
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി സ്വയം നിര്‍മിച്ച പേപ്പര്‍ ക്യാരിബാഗുകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട ജനമൈത്രി പൊലിസ് ഓപ്പറേഷന് തൂഫാന് ഫുട്ബോള്‍ ടൂര്‍ണമെന്റ്; ക്രൈസ്റ്റ് കോളജ് ജേതാക്കള്‍