വിശ്വാസദീപ്തിയില്‍ ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്, തിരുസ്വരൂപം എഴുന്നള്ളിച്ച് വെക്കല്‍ ഭക്തിസാന്ദ്രം
ഇരിങ്ങാലക്കുട: ചരിത്ര പ്രസിദ്ധമായ സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപെരുന്നാളിനു തിരുസ്വരൂപം എഴുന്നള്ളിച്ച് വെക്കല്‍ ഭക്തിസാന്ദ്രം. ഇന്നലെ രാവിലത്തെ ദിവ്യബലിക്കു ശേഷം വീടുകളിലേക്കു അമ്പെഴുന്നള്ളിപ്പ് നടന്നു. വീടുകളുടെ മുന്‍വശം അലങ്കരിച്ച പിണ്ടികള്‍, കൊടിതോരണങ്ങള്‍ എന്നിവ കൊണ്ട് വര്‍ണാഭമാക്കിയിരുന്നു. പിണ്ടികളില് സ്ഥാപിച്ചിരുന്ന പിണ്ടിയില്‍ മണ്‍ചിരാതുകള്‍ തെളിയിച്ചും ദീപാലങ്കാരങ്ങള്‍ തെളിയിച്ചും പൊട്ടിച്ചും ഭക്തിയുടെ നിറവിലാണ് വിശുദ്ധന്റെ തിരുസ്വരൂപം ഭക്തര്‍ വീടുകളിലേക്കു ആനയിച്ചത്. കത്തീഡ്രല്‍ ദേവാലയത്തില്‍ വൈകീട്ട് അഞ്ചിനു നടന്ന രൂപം എഴുന്നള്ളിച്ച് വെക്കലിന് ആയിരങ്ങള്‍ പങ്കുകൊണ്ടു. രൂപം എഴുന്നള്ളിച്ചു വെക്കല്‍, നേര്‍ച്ച വെഞ്ചിരിപ്പ് എന്നീ തിരുകര്‍മങ്ങള്‍ക്ക് ഇരിങ്ങാലക്കുട രൂപതാ വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ദിവ്യബലിക്കു ശേഷം ഭക്തജനങ്ങള്‍ക്ക് ദര്‍ശന പുണ്യം പകര്‍ന്നാണ് വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ പ്രദക്ഷിണമായി പള്ളിചുറ്റി നേര്‍ച്ച പന്തലില്‍ പ്രതിഷ്ഠിച്ചത്.
പിണ്ടിയില്‍ വമ്പന്‍ മാര്‍ക്കറ്റിലെ സിഐടിയു ചുമട്ട് തൊഴിലാളി യൂണിയന് ഉയര്‍ത്തിയ പിണ്ടിക്ക്
ഇരിങ്ങാലക്കുട: പിണ്ടിപെരുന്നാളിന്റെ ഭാഗമായി കത്തീഡ്രല്‍ സിഎല്‍സി നടത്തിയ പിണ്ടി മത്സരത്തില്‍ 25 അടി 8 ഇഞ്ച് ഉയരത്തില്‍ സിഐടിയു ചുമട്ട് തൊഴിലാളി യൂണിയന് മാര്‍ക്കറ്റ് ഒന്നാം സ്ഥാനം നേടി. 25 അടി 5 ഇഞ്ച് ഉയരത്തില്‍ കൂനന്‍ യേശുദാസ് രണ്ടാം സ്ഥാനവും 24 അടി 9 ഇഞ്ച് ഉയരത്തില്‍ സിഐടിയു ചുമട്ട് തൊഴിലാളി യൂണിയന് മാര്‍ക്കറ്റ് മൂന്നാം സ്ഥാനവും 24 അടി 5 ഇഞ്ച് ഉയരത്തില്‍ സിഐടിയു ചുമട്ട് തൊഴിലാളി യൂണിയന് മാര്‍ക്കറ്റ് നാലാം സ്ഥാനവും 23 അടി 9 ഇഞ്ച് ഉയരത്തില്‍ കടങ്ങോട്ട് റോയ് അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്കു തിരുനാള്‍ ദിവ്യബലി മധ്യേ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സമ്മാനങ്ങള്‍ നല്‍കും. കെസിവൈഎം സംഘടിപ്പിച്ച പിണ്ടി അലങ്കാര മല്‍സരത്തില്‍ ചാവറ യൂണിറ്റിലെ ചക്കാലക്കല്‍ ജോസഫ് ജോര്‍ജ് ഒന്നാം സ്ഥാനം നേടി. സെന്റ് ഇഗ്നേഷ്യസ് യൂണിറ്റിലെ കുണ്ടുപറമ്പില്‍ എബിന് കെ ജാക്സണ് രണ്ടാം സ്ഥാനവും സെന്റ് മേരിസ് യൂണിറ്റിലെ റാഫി പൊന്നാരി മൂന്നാം സ്ഥാനവും നേടി.