കെഎല്‍ഡിസി കനാലില്‍ കോന്തിപുലം പാലത്തിനു സമീപത്തെ താത്കാലിക തടയണ തകര്‍ന്നു, കര്‍ഷകര്‍ ആശങ്കയില്‍
മാപ്രാണം: കെഎല്‍ഡിസി കനാലില്‍ കോന്തിപുലം പാലത്തിനു താഴെ കൃഷി ആവശ്യത്തിനായി വെള്ളം കെട്ടിനിര്‍ത്തിയിരുന്ന താത്കാലിക തടയണ തകര്‍ന്നു. കഴിഞ്ഞ ദിവസം നിര്‍മിച്ച തടയണയാണു തകര്‍ന്നത്. മേഖലയിലെ പാടശേഖരങ്ങളിലേക്കു വെള്ളം എത്തിക്കുന്നതിനായി ഇറിഗേഷന്‍ വകുപ്പ് എല്ലാ വര്‍ഷവും ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിക്കുന്ന താത്കാലിക തടയണയാണിത്. കൃഷി ആവശ്യത്തിനായി സംഭരിച്ചിരുന്ന വെള്ളം ഒഴുകിപ്പോയതോടെ പ്രദേശത്തെ നെല്‍കര്‍ഷകര്‍ ആശങ്കയിലാണ്. മാഞ്ഞാംകുഴിയില്നിന്നും ആനന്ദപുരത്തേക്കു പാറത്തോടുവഴി വരുന്ന വെള്ളം വില്ലേരിചിറയില് സ്ഥിരം ബണ്ടില്‍ തടഞ്ഞശേഷമാണു കോന്തിപുലം ഭാഗത്തേക്കു വരുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെയ്ത മഴയില്‍ വെള്ളം അധികമായി എത്തിയതാണു തടയണ തകരാന്‍ കാരണമായത്. നഗരസഭ, മുരിയാട്, പറപ്പൂക്കര, വേളൂക്കര, ആളൂര്‍ എന്നിവിടങ്ങളിലായുള്ള 4500 ഏക്കര്‍ കോള്‍പ്പാടങ്ങളിലെ കൃഷിക്കായി മേജര്‍ ഇറിഗേഷന്‍ വകുപ്പ് നാലരലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച തടയണയാണു തകര്‍ന്നത്. കര്‍ഷകരെ രക്ഷിക്കാനുള്ള പദ്ധതി ശിക്ഷയായി മാറുകയാണെന്നും സ്ഥിരം സംവിധാനം വേണമെന്ന ആവശ്യവും ഇതോടെ വീണ്ടും സജീവമായിക്കഴിഞ്ഞു. അശാസ്ത്രീയമായ നിര്‍മാണമാണു തകര്‍ച്ചയ്ക്കു കാരണമായതെന്നും സ്ഥിരം തടയണയ്ക്കായി കഴിഞ്ഞ ബജറ്റില്‍ പണം വകയിരുത്തിയിട്ടുണ്ടെങ്കിലും പദ്ധതി തയാറാക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ലെന്നു മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ബി. രാജു മാസ്റ്റര്‍ കുറ്റപ്പെടുത്തി. പണം വകയിരുത്തിയിട്ടും മേജര്‍ ഇറിഗേഷന്‍ വകുപ്പ് ഇന്നുവരെ പദ്ധതി നടപ്പിലാക്കാനുള്ള ഭരണാനുമതി സ്വീകരിച്ചിട്ടില്ലായെന്നും നാലരലക്ഷം ഉപയോഗിച്ചാണ് കഴിഞ്ഞ ആഴ്ച തടയണ നിര്‍മിച്ചിരിക്കുന്നതെന്നത് അവിശ്വസനീയമാണെന്നും രാജു മാസ്റ്റര്‍ ചൂണ്ടിക്കാട്ടി. ബണ്ട് തകര്‍ന്നതിനെ തുടര്‍ന്ന് കൃഷിക്കാവശ്യമായ വെള്ളം കരുവന്നൂര്‍ പുഴയിലേക്കു ഒഴുക്കി കൊണ്ടിരിക്കുകയാണ്. കോന്തിപുലത്ത് സ്ഥിരമായ തടയണ സംവിധാനം വേണമെന്നു വാര്‍ഡ് കൗണ്‍സിലര്‍ ആര്‍ച്ച അനീഷ് ആവശ്യപ്പെട്ടു. കൃഷിക്കാര്‍ക്കു ഉപകാരപ്രദമായ രീതിയില്‍ ശ്വാശത പരിഹാരം കണ്ടെത്തണമെന്നും ആര്‍ച്ച അനീഷ് പറഞ്ഞു. പ്രതിഷേധ സൂചകമായി ബിജെപി പ്രവര്‍ത്തകര്‍ തടയണയില്‍ കൊടി സ്ഥാപിച്ചു. കോന്തിപുലത്ത് ഇത് എല്ലാ വര്‍ഷവും ഇത് ഒരു പതിവ് സംഭവമാണെന്നും തടയണ നിര്‍മിച്ചിരിക്കുന്നതു അടിസ്ഥാനമായിട്ടല്ലെന്നും രക്ഷിക്കുന്നതിനു പകരം ശിക്ഷിക്കുകയാണെന്നും ബന്ധപ്പെട്ട അധികാരികള്‍ ഇതിനു പരിഹാരം കാണണമെന്നും കര്‍ഷകര്‍ പറഞ്ഞു. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് നഗരസഭാധികൃതരും കെഎല്‍ഡിസി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.