കിടപ്പുരോഗീപരിചരണത്തിന് പ്രൊഫഷണലുകളെ ഒരുക്കാന്‍ നിപ്മര്‍
കല്ലേറ്റുംകര: കിടപ്പുരോഗികള്‍, മുതിര്‍ന്നവര്‍, വിവിധ അപകടങ്ങളില്‍പ്പെട്ട് കിടപ്പിലായവര്‍, മാരകരോഗങ്ങളുള്ളവര്‍, ഗുരുതര ഭിന്നശേഷി പ്രശ്നങ്ങള്‍ നേരിടുന്നവര്‍ എന്നിവരുടെ പരിചരണവും പരിപാലനവും കേരളത്തിലെ പ്രധാന പ്രശ്നങ്ങളിലൊന്നാണ്. കിടപ്പുരോഗികളെ പരിപാലിക്കാന്‍ റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള പ്രൊഫഷണലുകളെ തയ്യാറാക്കി ഈ പ്രശ്നത്തിന് പരിഹാരം കാണുകയാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍ (നിപ്മര്‍). ഇതിനായി റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ പത്തു മാസത്തെ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിംഗ് കെയര്‍ ഗിവിംഗ് എന്ന പേരില്‍ കോഴ്സ് തുടങ്ങുന്നു. പത്താംക്ലാസാണ് അടിസ്ഥാന യോഗ്യത.
സംസ്ഥാനത്തെ ജനസംഖ്യയില്‍ 20 ശതമാനത്തോളം 60 വയസിനു മുകളിലുള്ളവരാണ്. പ്രതിവര്‍ഷം അപകടത്തില്‍പ്പെട്ട് കിടപ്പുരോഗികളാകുന്നവരുടെ എണ്ണവും ഏറെയാണ്. രോഗീപരിചരണത്തിന് ധാരാളം ഏജന്‍സികളുണ്ടെങ്കിലും ഭൂരിഭാഗവും രോഗികളുടെ അവസ്ഥയ്ക്കനുസരിച്ച് പരിപാലിക്കാന്‍ വിദഗ്ധ പരിശീലനം ലഭിച്ച പ്രൊഫഷണലുകളല്ല. കൃത്യമായ പരിപാലനം കിട്ടാത്തത് ഇത്തരം രോഗികള്‍ക്ക് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. കോഴ്സില്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ തുടങ്ങി ഈ രംഗത്തെ പ്രൊഫഷണലുകള്‍ ക്ലാസെടുക്കുകയും പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറുമായി ബന്ധപ്പെട്ട് പ്രായോഗിക പരിശീലനം നല്‍കുകയും ചെയ്യും. കോഴ്സ് പൂര്‍ത്തിയാക്കിയാല്‍ പരീക്ഷ നടത്തി റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സര്‍ട്ടിഫിക്കറ്റ് നല്‍കും.
നിലവില്‍ കേരളത്തില്‍ രോഗീപരിചരണത്തിന് വലിയ സാധ്യതയാണുള്ളതെന്ന് നിപ്മര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് സി. ചന്ദ്രബാബു പറഞ്ഞു. നല്ല പരിശീലനം ലഭിച്ച പ്രൊഫഷണലുകള്‍ക്ക് നാട്ടില്‍ത്തന്നെ അവസരം ലഭിക്കും. ജര്‍മനി, യുകെ, നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് നഴ്സുമാരെക്കൂടാതെ കേരളത്തില്‍നിന്ന് കൂടുതല്‍ ആളുകള്‍ പോകുന്നത് ഇത്തരം മേഖലകളിലേക്കാണ്. സര്‍ക്കാര്‍ അംഗീകൃത കോഴ്സ് പാസായിട്ടുള്ളവര്‍ക്ക് ഈ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നും ചന്ദ്രബാബു പറഞ്ഞു. ജൂണ്‍ അവസാനമോ ജൂലായ് ആദ്യവാരമോ കോഴ്സ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ജൂണ്‍ 14 വെ അപേക്ഷിക്കാം. 30 പേര്‍ക്കാണ് അവസരം.