കല്ലംകുന്ന് കോക്കനട്ട് കോംപ്ലക്സ് തീപ്പിടിത്തം: ഡ്രയര്‍ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി
ഇരിങ്ങാലക്കുട: തീപ്പിടിത്തത്തെത്തുടര്‍ന്ന് താല്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയ കല്പശ്രീ വെളിച്ചെണ്ണമില്ലിലെ ഡ്രയര്‍ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാനായി കെഎസ്ഇബി അധികൃതരുടെ അനുവാദം ലഭിച്ചു. അനുവാദം ലഭിച്ചതിനെത്തുടര്‍ന്ന് തീപ്പിടിത്തം ബാധിക്കാത്ത ഡ്രയര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം തിങ്കളാഴ്ച തുടങ്ങാനാകുമെന്ന് കരുതുന്നതായി അധികൃതര്‍ പറഞ്ഞു. ഇതോടെ നാളികേരസംഭരണവും നാളികേരം ഉണക്കി കൊപ്രയാക്കുന്ന പ്രവര്‍ത്തനവും നടക്കും. ഉല്പാദിപ്പിക്കുന്ന കൊപ്ര വെളിച്ചെണ്ണയാക്കാനായി മില്ല് വാടകയ്ക്കെടുത്ത് പ്രവര്‍ത്തിപ്പിക്കാനുള്ള അന്വേഷണവും തുടങ്ങിയിട്ടുണ്ട്. എക്സ്പെല്ലര്‍, റോസ്റ്റിങ്, ഫില്‍റ്റര്‍, പാക്കിങ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും നിലവിലുള്ള മില്ലുകളാണ് അന്വേഷിച്ചുവരുന്നതെന്നും ലഭിച്ചാലുടനെ വെളിച്ചെണ്ണ ഉല്പാദനം തുടങ്ങാനാകുമെന്നും അധികൃതര്‍ അറിയിച്ചു. ഇതിനായി അടഞ്ഞുകിടക്കുന്ന മില്ലുകള്‍ കണ്ടെത്തും. ആവശ്യത്തിന് കൊപ്ര ഇവിടെ സംഭരിച്ചിട്ടുണ്ട്. എക്സ്പെല്ലര്‍ യൂണിറ്റിലെ യന്ത്രങ്ങള്‍ വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കും. ഞായറാഴ്ച രാവിലെയാണ് കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്കിന് കീഴിലുള്ള കോക്കനട്ട് കോംപ്ലക്സിലെ കല്പശ്രീ വെളിച്ചെണ്ണമില്ലിന് തീപിടിച്ചത്. തീപ്പിടിത്തത്തിനുശേഷം പോലീസിന്റെ വിവിധ പരിശോധനകള്‍, ഫോറന്‍സിക് പരിശോധന, കെഎസ്ഇബി ഇന്‍സ്പെക്ടറേറ്റ് ഓഫീസില്‍നിന്നുള്ള പരിശോധനകള്‍ എന്നിവ നടത്തിയിരുന്നു. തീപ്പിടിത്തം നടന്ന ഭാഗത്ത് ബില്‍ഡിങ് വിഭാഗത്തിന്റെ പരിശോധനകൂടി നടക്കാനുണ്ട്. പരിശോധനകള്‍ പൂര്‍ത്തിയായശേഷം മാത്രമേ തീപ്പിടിത്തം നടന്ന ഭാഗം വൃത്തിയാക്കാന്‍ സാധിക്കൂ. ഇതിനായി ഇന്‍ഷുറന്‍സ് കമ്പനിയുടെ അനുവാദം ലഭിച്ചിട്ടുണ്ട്. തീപ്പിടിത്തത്തില്‍ 1.05 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് സംഘം വിലയിരുത്തിയത്.