മോഹിനിയാട്ടത്തിന്റെ ശൈലിയുടെ ഏകോപനത്തിനായി കലാമണ്ഡലം മുന്നിട്ടിറങ്ങേണ്ടത് കാലത്തിന്റെ ആവശ്യം
ഇരിങ്ങാലക്കുട: മോഹിനിയാട്ടത്തിലെ അടവുകളെ ഏകീകരിച്ചും, ശൈലീഭേദങ്ങളെ സമന്വയിപ്പിച്ചും ആധികാരികത പുനര്നിര്ണയിക്കാന് കലാമണ്ഡലം മുന്കൈ എടുക്കേണ്ടതാണെന്ന് മോഹിനിയാട്ടം സംബന്ധിച്ചുനടന്ന ചര്ച്ചയില് ശക്തമായ അഭിപ്രായം രൂപപ്പെട്ടു. ഡോ. കെ.എന്. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുവര്ഷം നീണ്ടുനില്ക്കുന്ന സുവര്ണ ജൂബിലിയാഘോഷ പരമ്പരയുടെ ഭാഗമായി അമ്മന്നൂര് ചാച്ചുചാക്യാര് സ്മാരക ഗുരുകുലത്തില് സംഘടിപ്പിച്ച കലാമണ്ഡലം ലീലാമ്മ അനുസ്മരണത്തിനോടനുബന്ധിച്ചാണ് ചര്ച്ച നടന്നത്.
പ്രമുഖ മോഹിനിയാട്ടം ആചാര്യ നിര്മ്മലാ പണിക്കര് ഭദ്രദീപം കൊളുത്തി ചടങ്ങുകള്ക്ക് ആരംഭം കുറിച്ചു. മോഹിനിയാട്ടത്തില് ഗുരു കലാമണ്ഡലം ലീലാമ്മ നല്കിയ പുതിയ ചുവടുകളുടെ അംഗസൗഭഗം എന്ന വിഷയത്തെ അധികരിച്ച് ഡോ. ഗീതാ ശിവകുമാര് പ്രബന്ധാവതരണം നടത്തി. തത്സമയം അരങ്ങത്ത് ഡോ. കലാമണ്ഡലം കൃഷ്ണപ്രിയ ചൊല്ലിയാടി. വിഷയാനുബന്ധമായി തുറന്നചര്ച്ചയും ഉണ്ടായി. തുടര്ന്ന് കലാമണ്ഡലം പ്രഷീജ ഗോപിനാഥ് അവതരിപ്പിച്ച മോഹിനിയാട്ടക്കച്ചേരി പ്രേക്ഷകമനസിനെ കീഴടക്കി.
യശ:ശരീരനായ കലാനിലയം ഗോപിനാഥന് എഴുതിയ ഗണപതി ശ്ലോകം, ഊത്തുക്കാട് വെങ്കിടസുബ്ബരയര് ഖണ്ഡ ചാപ്പ് താളത്തില് ഗംഭീരനാട്ട രാഗത്തില് ചിട്ടപ്പെടുത്തിയിട്ടുള്ള ഗണപതി സ്തുതി, നര്ത്തകി മഞ്ജു വി. നായര് രചിച്ച ദ്വിജാവന്ദി രാഗത്തില് ചിട്ടപ്പെടുത്തിയിട്ടുള്ള പദവര്ണം, യാഹിമാധവ യാഹി കേശവ എന്നുതുടങ്ങുന്ന ജയദേവരുടെ 17ാമത് അഷ്ടപദി, നീലക്കാര്മുകില് വര്ണനന്നേരം എന്നുതുടങ്ങുന്ന കീര്ത്തനം, ആനന്ദഭൈരവി രാഗത്തില് ചിട്ടപ്പെടുത്തിയ സ്വാതിതിരുനാളിന്റെ തില്ലാന തുടര്ന്ന് സംഗമേശസ്വാമി ശ്ലോകം എന്നീ ഇനങ്ങളാണ് ഒന്നരമണിക്കൂര് നീണ്ടുനിന്ന മോഹിനിയാട്ടക്കച്ചേരിയില് അവതരിപ്പിച്ചത്. ബിജീഷ് കൃഷ്ണ (വായ്പ്പാട്ട്), സുമ ശരത്ത് (നട്ടുവാങ്കം), കലാമണ്ഡലം ഹരികൃഷ്ണന് (മൃദംഗം), രഘുനാഥന് സാവിത്രി (പുല്ലാങ്കുഴല്) എന്നിവര് പക്കമേളമൊരുക്കി.