ശാസ്ത്ര നോവല്‍ രചനയില്‍ ശ്രദ്ധനേടി ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി
ഇരിങ്ങാലക്കുട: കുട്ടിക്കാലം മുതല്‍ ഉള്ള വായനയുടെയും കാഴ്ചകളില്‍ നിറഞ്ഞ ശാസ്ത്ര സിനിമകളുടെയും തുടര്‍ച്ചയായി ശാസ്ത്ര നോവല്‍ എഴുതി ശ്രദ്ധ നേടുകയാണ് പത്താം ക്ലാസ്സ് വിദ്യാര്‍ഥിനി. ഇരിങ്ങാലക്കുട തുറവന്‍കാട് ആലപ്പാട്ട് വീട്ടില്‍ ഷിനോയിയുടെയും റിസയുടെയും മകളും ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുമായ സിന്ഡ്രെല്ലയാണ് എബി ഓറാഗേ ബി എന്ന സയന്‍സ് ഫിക്ഷനല്‍ ഫാമിലി ക്ലാസിക് ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഇംഗ്ലീഷ് നോവല്‍ രചിച്ചിരിക്കുന്നത്. ഒന്‍പത് വര്‍ഷം മുമ്പ് വിട പറഞ്ഞ തന്റെ അച്ഛന്റെ ഓര്‍മ്മകളില്‍ കഴിയുന്ന പത്തൊന്‍പതുകാരിയും അസാധാരണമായ സ്വപ്നങ്ങള്‍ കാണുകയും ചെയ്യുന്ന കാതറിന് ആണ് പതിനഞ്ച് അധ്യായങ്ങളിലായിട്ടുള്ള നോവലിലെ മുഖ്യ കഥാപാത്രം.
ഒന്നരമാസം മുമ്പ് കാണാതായ തന്റെ സഹോദരി നൗറയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ കാതറിനെ എബി ഓറാഗേ ബി എന്ന ഗ്രഹത്തിലാണ് കൊണ്ട് എത്തിക്കുന്നതാണ് നോവലിന്റെ ഉള്ളടക്കമായി വരുന്നത്. ബാലപ്രസിദ്ധീകരണങ്ങളില്‍ നിന്നും തുടങ്ങി ഓണ്‍ലൈന്‍ ആപ്പുകള്‍ വഴിയുള്ള നിരന്തരമായ വായനയാണ് മകളുടേതെന്ന് രക്ഷിതാക്കള്‍ പറയുന്നു. ശാസ്ത്ര രചനകളും സമാന സ്വഭാവമുള്ള ചലച്ചിത്രങ്ങളും എറെ ഇഷ്ടപ്പെടുന്ന സിന്‍ഡ്രല്ല ബഹിരാകാശ സഞ്ചാരിയാകാനാണ് ലക്ഷ്യമിടുന്നത്. വായനയും എഴുത്തും തന്റെ അഭിനിവേശമാണെന്ന വ്യക്തമാക്കുന്ന സിന്‍ഡ്രല്ല പുതിയ നോവലിന്റെ പണിപ്പുരയിലാണിപ്പോള്‍.