മൃച്ഛകടികം കൂടിയാട്ടം ബംഗളൂരുവിലെ രംഗശങ്കരയുടെ വേദിയില്‍ നടന്നു

ബംഗളൂരുവിലെ രംഗശങ്കരയുടെ വേദിയില്‍ നടന്ന മൃച്ഛകടികം കൂടിയാട്ടത്തില്‍ വസന്തസേനയായി കപില വേണുവും രോഹസേനനായി അരനും
ഇരിങ്ങാലക്കുട: കൂടിയാട്ടത്തില്‍ ഇദംപ്രഥമമായി ചിട്ടപ്പെടുത്തിയ മൃച്ഛകടികം കൂടിയാട്ടം ബംഗളൂരുവിലെ രംഗശങ്കരയുടെ വേദിയില്‍ നടന്നു. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് മഹാകവി ശൂദ്രകന്‍ രചിച്ച ഈ നാടകം നാടകരചനയിലെ ക്ലാസിക്കുകളിലൊന്നായിട്ട് കരുതപ്പെടുന്നു. ഉജ്ജയിനി നഗരത്തിലെ സാധാരണ ജനങ്ങളുടെ ജീവിതാനുഭവമാണ് ഈ നാടകത്തിലെ ഇതിവൃത്തം എന്നുള്ളതു കൊണ്ടായിരിക്കാം ആഢ്യകലയായ കൂടിയാട്ടം ഈ നാടകത്തെ അകറ്റിനിര്‍ത്തിയിരുന്നത്.
പ്രാചീന ഭാരതീയ വനിതകളില്‍ സ്ത്രീസ്വാതന്ത്ര്യത്തിന്റെ വക്താവായിട്ടാണ് ഈ നാടകത്തിലെ നായികയായ വസന്തസേനയെ ചിത്രീകരിച്ചിട്ടുള്ളത്. മഹാത്മാഗാന്ധിയുടെ നിര്‍ദേശമനുസരിച്ച് ഇന്‍ഡ്യന്‍ സ്ത്രീകളെ തന്റേടമുള്ളവരാക്കാന് അദ്ദേഹത്തിന്റെ ശിഷ്യയും സ്വാതന്ത്ര്യ സമരസേനാനിയും കലാകാരിയുമായ കമലാ ദേവി ചതോപാധ്യായ സ്വയം വസന്തസേനയായി അഭിനിയിച്ചിട്ടുണ്ടെന്നതും കൂടിയാട്ടത്തില്‍ വേണുജി സംവിധാനം ചെയ്ത അഭിജ്ഞാനശാകുന്തളം കൂടിയാട്ടം നിരീക്ഷിച്ച ശേഷം ഈ അഭിനയസങ്കേതങ്ങളില്‍ മൃച്ഛകടികം ചെയ്തു കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് വിഖ്യാത നാടക സംവിധായകന് ഹബീബ് തണ്വീര് ആവശ്യപ്പെട്ടതും ഈ നാടകം കൂടിയാട്ടത്തില്‍ ചെയ്യുവാന്‍ വേണുജിക്ക് പ്രചോദനമായി.
വിഖ്യാത കലാനിരൂപകരായ റുസ്തംഭറൂച, തപതി ചൗധരി കേരളത്തില്‍ നിന്നുള്ള സംസ്കൃത പണ്ഡിതന് കൊടുങ്ങല്ലൂര്‍ ദിലീപ് രാജ തുടങ്ങി ഇന്‍ഡ്യയുടെ നാനാഭാഗത്തു നിന്നും എത്തിയ സദസിലായിരുന്നു കൂടിയാട്ടം അരങ്ങേറിയത്. വസന്തസേനയായി കപില വേണു, ചാരുദത്തനായി സൂരജ് നമ്പ്യാര്‍, മാഥുരനായി മാര്‍ഗി സജീവ് നാരായണ ചാക്യാര്‍, കര്‍ണപൂരകനായി പൊതിയില്‍ രഞ്ജിത്ത് ചാക്യാര്‍, ശര്‍വിലകനായി നേപത്ഥ്യ ശ്രീഹരി ചാക്യാര്‍, വിദൂഷകനായി കലാമണ്ഡലം ജിഷ്ണു പ്രതാപ്, സംവാഹകനായി ശങ്കര്‍ വെങ്കിടേശ്വരന്, മദനികയായി സരിത കൃഷ്ണകുമാര്‍, രദനികയായി മാര്‍ഗി അഞ്ജന എസ്. ചാക്യാര്‍, രോഹസേനയായി അരന് കപില എന്നിവര്‍ അരങ്ങിലെത്തി.
കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരന്, കലാമണ്ഡലം കെ. പി. നാരായണന് നമ്പ്യാര്‍, കലാമണ്ഡലം വിനീഷ് എന്നിവര്‍ മിഴാവിലും കലാനിലയം ഉണ്ണികൃഷ്ണന് ഇടക്കയിലും ഗുരുകുലം അതുല്യ, വിസ്മയ എന്നിവര്‍ താളം പിടിച്ചും വൈശാഖന് കുറുങ്കുഴല്‍ വായിച്ചും പശ്ചാത്തലമേളം നല്കി. കലാനിലയം ഹരിദാസ്, കലാമണ്ഡലം വൈശാഖ് എന്നിവരായിരുന്നു ചമയം നിര്‍വഹിച്ചത്. വേണുജിയുടെ അശീതിയോടനുബന്ിച്ചു നല്കിയ സ്വീകരണത്തില്‍ മുന്‍ കര്‍ണാടക എം. പിയും വിഖ്യാത നാടക നടിയുമായ ബി. ജയശ്രീ, രംഗശങ്കര സ്ഥാപകയും നടിയുമായ അരുന്ധതി നാഗ് എന്നിവര്‍ പങ്കെടുത്തു. ഗുരു അമ്മന്നൂര്‍ അനുസ്മരണ ചടങ്ങില്‍ വേണുജി ആമുഖപ്രഭാഷണം നിര്‍വഹിച്ചു.