പ്രകൃതിയെ അനുനിമിഷം ചൂഷണം ചെയ്ത് ജീവിക്കുന്ന സമൂഹമായി മനുഷ്യര്‍ മാറിക്കഴിഞ്ഞു-പ്രേംകുമാര്‍

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേളയുടെ രണ്ടാം പതിപ്പിന്റെ ഉദ്ഘാടനം ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാര്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: പ്രകൃതിയെ അനുനിമിഷം ചൂഷണം ചെയ്ത് ജീവിക്കുന്ന സമൂഹമായി മനുഷ്യര്‍ മാറി കഴിഞ്ഞെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാര്‍. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേളയുടെ രണ്ടാം പതിപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിക്ക് ഏറ്റവും ആഘാതം സൃഷ്ടിച്ച് കൊണ്ടാണ് മനുഷ്യന് ജീവിക്കുന്നത്.
കാലാവസ്ഥയിലെ താളക്രമങ്ങള്‍ എല്ലാം ഇപ്പോള്‍ നഷ്ടപ്പെട്ടുകഴിഞ്ഞു. എല്ലാ കലാരൂപങ്ങള്‍ക്കും മനുഷ്യമനസ്സുകളില്‍ മാറ്റം വരുത്താന്‍ പ്രാപ്തിയുണ്ട്. സിനിമ ഒരു വിനോദോപാധി മാത്രമല്ല. സാമൂഹ്യ പരിഷ്കരണത്തിനുള്ള ഉപാധിയായി മാറുമ്പോഴാണ് കല എന്ന നിലയ്ക്കുള്ള ദൗത്യം സിനിമ പൂര്‍ത്തിയാക്കുന്നതെന്നും ചലച്ചിത്ര അക്കാദമി ചെയര്മാന് പറഞ്ഞു. സെന്റ് ജോസഫ്സ് കോളജിന്റെ പ്രിന്‍സിപ്പലും ഫിലിം ഫെസ്റ്റിന്റെ ചെയര്‍മാനുമായ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. തൃശൂര്‍ ചലച്ചിത്ര കേന്ദ്ര ചെയര്മാന് ചെറിയാന് ജോസഫ്, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി രക്ഷാധികാരി പി.കെ. ഭരതന്, ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടര്‍ ക്യാപ്റ്റന്‍ ലിറ്റി ചാക്കോ, ഋതു കോര്‍ കമ്മിറ്റി മെമ്പര്‍ എം.എം. നയ്ന, വിദ്യാര്‍ഥി പ്രതിനിധി ഗൗരി നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് ചെന്നൈ സ്വദേശിയായ അരവിന്ദ് മോഹന്‍രാജ് സംവിധാനം ചെയ്ത കാടും അതിരപ്പിള്ളിയിലെ കാടര്‍ വിഭാഗവും മലമുഴക്കി വേഴാമ്പലുകളും തമ്മിലുള്ള ബന്ധം ആവിഷ്ക്കരിക്കുന്ന കാട്, കാടര്‍, ഒങ്കല്‍ എന്ന ചിത്രം ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി വിവിധ ഭാഷകളില്‍ നിന്നുള്ള പതിമൂന്ന് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. തൃശൂര്‍ ചലച്ചിത്ര കേന്ദ്രം, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി, ഇന്ദുചൂഡന് ഫൗണ്ടേഷന് എന്നിവയുടെ സഹകരണത്തോടെയാണ് വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.