സ്ലാബുകള് ഒന്നിനു പിന്നാലെ തകരുന്നു; ഠാണ ബസ് സ്റ്റാന്ഡ് റോഡില് അപകടക്കെണി
ഇരിങ്ങാലക്കുട ഠാണ ബസ് സ്റ്റാന്ഡ് റോഡില് കാനയ്ക്കു മുകളിലെ കോണ്ക്രീറ്റ് സ്ലാബ് തകര്ന്ന ഭാഗത്ത് എല്ഡിഎഫ് കൗണ്സിലര്മാര് വാഴ നട്ട് പ്രതിഷേധിക്കുന്നു.

ഈ മാസം തന്നെ രണ്ടാമത്തെ സംഭവം; അപകടമൊഴിവാക്കാന് കുഴിയില് വാഴനട്ട് എല്ഡിഎഫ് പ്രതിഷേധം
ഇരിങ്ങാലക്കുട: ഠാണ ബസ് സ്റ്റാന്ഡ് റോഡില് കാനയ്ക്കു കുറുകെയിട്ടിരുന്ന കോണ്ക്രീറ്റ് സ്ലാബ് വീണ്ടും തകര്ന്നു. ഈ മാസം തന്നെ ഇതേ ഭാഗത്ത് സ്ലാബ് തകരുന്ന രണ്ടാമത്തെ സംഭവമാണിത്. നഗരസഭയുടെ പ്രധാന റോഡായ ബസ് സ്റ്റാന്ഡിന് മുന്വശത്തുനിന്ന് ഠാണാവിലേക്കുള്ള റോഡില് ഹെഡ് പോസ്റ്റ് ഓഫീസിന് സമീപമാണ് സ്ലാബ് തകര്ന്ന് അപകടക്കുഴി രൂപപ്പെട്ടത്. കാട്ടൂര് റോഡിലേക്ക് നിര്മിച്ച കാനയ്ക്ക് മുകളിലിട്ടിരുന്ന കോണ്ക്രീറ്റ് സ്ലാബുകളിലൊന്നാണ് കഴിഞ്ഞ ദിവസം തകര്ന്നത്. ഈ മാസം ആദ്യം ഇതിന് സമീപത്തെ മറ്റൊരു സ്ലാബും തകര്ന്നിരുന്നു. അത് മാറ്റി സ്ഥാപിച്ചതിന് പിന്നാലെയാണ് തൊട്ടടുത്ത സ്ലാബും തകര്ന്നത്. അപകടം ഒഴിവാക്കാന് തകര്ന്ന ഭാഗത്ത് ടാര് വീപ്പ സ്ഥാപിച്ചിരിക്കുകയാണ്. കാനയ്ക്ക് മുകളിലെ സ്ലാബുകളെല്ലാം കാലപ്പഴക്കം മൂലം ബലക്ഷയത്തിലാണെന്നും കൂടുതല് സ്ലാബുകള് തകരാന് സാധ്യതയുണ്ടെന്നും നാട്ടുകാര് ചൂണ്ടിക്കാട്ടുന്നു.
സ്ലാബ് തകര്ന്നതില് പ്രതിഷേധിച്ച് എല്ഡിഎഫ് കൗണ്സിലര്മാര് കുഴിയില് വാഴ നട്ട് പ്രതിഷേധിച്ചു. തകര്ന്ന സ്ലാബ് അടിയന്തരമായി മാറ്റി അപകടാവസ്ഥ ഒഴിവാക്കണമെന്ന് എല്ഡിഎഫ് പാര്ലമെന്ററി പാര്ട്ടി ലീഡര് പി.വി. ശിവകുമാര് ആവശ്യപ്പെട്ടു. ബലക്ഷയം സംഭവിച്ച മുഴുവന് സ്ലാബുകളും മാറ്റണമെന്ന ആവശ്യം കൗണ്സില് യോഗത്തിലും ഉന്നയിച്ചിരുന്നു. കൗണ്സിലര്മാരായ സി.സി. ഷിബിന്, വിഷ്ണു പ്രഭാകരന്, പി.എം. നന്ദുലാല്, സിന്ധു ഗിരീഷ് കുമാര്, കെ. പ്രസാദ് എന്നിവരും പ്രതിഷേധത്തില് പങ്കെടുത്തു. ഠാണാവിലെ കനറാ ബാങ്കിന് മുന്പിലും കാനയ്ക്ക് മുകളിലെ സ്ലാബുകള് നേരത്തെ രണ്ടുതവണ തകര്ന്നിരുന്നു. ബലക്ഷയം വന്ന സ്ലാബുകള് മാറ്റുന്നതിനായി പുതിയ സ്ലാബുകള് നിര്മിച്ചിട്ടുണ്ടെന്നും അവ സ്ഥാപിക്കാന് 15 ദിവസം കൂടി വേണ്ടിവരുമെന്നും നഗരസഭ അറിയിച്ചു. ബലക്ഷയം സംഭവിച്ച മുഴുവന് സ്ലാബുകളും മാറ്റി പുതിയവ സ്ഥാപിക്കുമെന്നും നഗരസഭ വ്യക്തമാക്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നൃത്തച്ചുവടുകളില് അരങ്ങുണര്ന്നു; കലയുടെ പൊന്പൂരം കൊടിയേറി…..
പൂമംഗലം പഞ്ചായത്തില് പകല്വീട് തുറന്നു
ടൗണ് അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്സോണ് ഹോക്കി വനിത വിഭാഗത്തില് ജേതാക്കളായി ക്രൈസ്റ്റ് കോളജ് ടീം
ഇരിങ്ങാലക്കുടയുടെ വികസനം: എംഎല്എയുമായി കൂടിക്കാഴ്ച നടത്തി യുവമോര്ച്ച
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില് ശുചീകരണ പ്രവര്ത്തനം നടത്തി