മാര്‍തോമാശ്ലീഹായുടെ ഭാരതപ്രവേശനത്തിന്റെ 19-ാം ശതോത്തര പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും കൊടുങ്ങല്ലൂര്‍ മാര്‍ത്തോമ തീര്‍ഥാടനവും ഡിസംബര്‍ ആറിന്
രൂപതയുടെ ലോഗോ.
ഇരിങ്ങാലക്കുട: മാര്‍തോമാശ്ലീഹായുടെ ഭാരതപ്രവേശനത്തിന്റെ അനുസ്മരണമായി ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ മാര്‍ത്തോമ തീര്‍ഥാടനം ഡിസംബര്‍ ആറിന് നടക്കും. വിശുദ്ധ തോമാശ്ലീഹാ ഭാരതത്തില്‍ കാലുകുത്തിയതിന്റെ 19 ാം ശതോത്തര പ്ലാറ്റിനം ജൂബിലിയിലേക്ക് (1975 ാം വര്‍ഷത്തിലേക്ക്) ഭാരതസഭ പ്രവേശിച്ചിരിക്കുകയാണ് എന്നുള്ളതാണ് ഇത്തവണത്തെ മഹാതീര്‍ഥാടന പദയാത്രയുടെ പ്രത്യേകത. ഇരിങ്ങാലക്കുട രൂപതയിലെ 141 ഇടവകകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആറായിരത്തോളം പ്രതിനിധികള്‍ കൊടുങ്ങല്ലൂര്‍ സെന്റ് മേരീസ് ദേവാലയ അങ്കണത്തില്‍ ഒരുക്കിയിരിക്കുന്ന സാന്തോം സ്ക്വയറില്‍ അന്നേദിനം രാവിലെ 11ന് എത്തിച്ചേരും. ഇരിങ്ങാലക്കുട, പുത്തന്‍ചിറ, മാള മേഖലകളില്‍ നിന്നാണ് തീര്‍ഥാടന പദയാത്ര ആരംഭിക്കുന്നത്. ഇരിങ്ങാലക്കുട കത്തീഡ്രലില്‍ നിന്നും രാവിലെ 6.30ന് ആരംഭിക്കുന്ന പദയാത്രയ്ക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നേതൃത്വം നല്‍കും. ഇരിങ്ങാലക്കുട, എടത്തിരുത്തി, കല്‍പ്പറമ്പ്, പറപ്പൂക്കര എന്നീ ഫൊറോനകളില്‍ നിന്നുള്ള തീര്‍ഥാടകര്‍ ഈ കാല്‍നട യാത്രയില്‍ അണിചേരും.
പുത്തന്‍ചിറ ഫൊറോന ദേവാലയാങ്കണത്തില്‍ നിന്നും രാവിലെ 6.45ന് പുറപ്പെടുന്ന തീര്‍ഥാടന പദയാത്രയില്‍ പുത്തന്‍ചിറ, കൊടകര, കുറ്റിക്കാട് എന്നീ ഫൊറോനകളില്‍ നിന്നുള്ള അംഗങ്ങള്‍ ആയിരിക്കും അണിനിരക്കുക. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ പദയാത്ര നയിക്കുന്നതായിരിക്കും. മാള ഫൊറോന ദേവാലയത്തില്‍നിന്നും അന്നേ ദിവസം രാവിലെ ഏഴിന് പുറപ്പെടുന്ന തീര്‍ഥാടനത്തിന് ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ആന്റു ആലപ്പാടന്‍ നേതൃത്വം വഹിക്കും. മാള, അമ്പഴക്കാട്, ചാലക്കുടി ഫൊറോനകളില്‍ നിന്നുള്ളവരായിരിക്കും ഈ പദയാത്രയില്‍ പങ്കെടുക്കുക. ഇരിങ്ങാലക്കുടയില്‍ നിന്നും പുത്തന്‍ചിറയില്‍ നിന്നും പുറപ്പെടുന്ന പദയാത്രകള്‍ കൊടുങ്ങല്ലൂരിന് അടുത്തുള്ള പുല്ലൂറ്റില്‍ സംഗമിക്കും. തുടര്‍ന്ന് വിശ്വാസികളുടെ സാഗരം കൊടുങ്ങല്ലൂരിലെ സാന്തോം സ്ക്വയറിലേക്ക് വിശ്വാസ പ്രഖ്യാപന റാലിയായി എത്തിച്ചേരും. മാളയില്‍നിന്നും പുറപ്പെടുന്ന തീര്‍ഥയാത്ര കൃഷ്ണന്‍കോട്ട വഴി സാന്തോം സ്ക്വയറില്‍ എത്തും. തുടര്‍ന്ന് അവിടെയുള്ള കല്‍വിളക്കില്‍ മത രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ ിരിതെളിക്കും. രാവിലെ 11 മണിക്ക് അര്‍പ്പിക്കപ്പെടുന്ന ആഘോഷമായ ദിവ്യബലിക്ക് സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
അതോടൊപ്പം 19 ാം ശതോത്തര പ്ലാറ്റിനം ജൂബിലി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, മെല്‍ബണ്‍ രൂപതയുടെ പ്രഥമ മെത്രാന് മാര്‍ ബോസ്കോ പുത്തൂര്‍ എന്നിവര്‍ പ്രധാന സഹകാര്‍മികരും രൂപത വൈദികര്‍, സന്യസ്ത വൈദിക പ്രതിനിധികള്‍ എന്നിവര്‍ സഹകാര്‍മികരുമായിരിക്കും. ഇരിങ്ങാലക്കുട രൂപതയിലെ മുഴുവന്‍ സന്യസ്തരും വൈദിക സന്യസ്ത പരിശീലനത്തില്‍ ആയിരിക്കുന്നവരും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും ഇടവക കൈക്കാരന്മാരും കുടുംബ കൂട്ടായ്മ ഭാരവാഹികളും കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളും വിവിധ ഭക്തസംഘടന ഭാരവാഹികളും യുവജന പ്രതിനിധികളും മതബോധന പ്ലസ്ടു വിദ്യാര്‍ഥികളും അവരുടെ അധ്യാപകരും മതബോധന പ്രധാനാധ്യാപകരും മറ്റു അത്മായവിശ്വാസികളും ക്ഷണിക്കപ്പെട്ട അതിഥികളും മാര്‍ത്തോമ്മ തീര്‍ഥാടനത്തില്‍ പങ്കെടുക്കും. വിവിധ ഇടവകകളിലെ കലാകാരന്മാരെ ഉള്‍പ്പെടുത്തിക്കൊണ്ട് കലാവിരുന്നും തീര്‍ഥാടനത്തില്‍ പങ്കെടുക്കുന്ന എല്ാവര്ക്കും സ്നേഹവിരുന്നും ഇതിനോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് അഴിക്കോട് പൊന്തിഫിക്കല്‍ തീര്‍ഥാടന കേന്ദ്രത്തിലെ വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ് വണക്കവും ഉണ്ടാകും.
ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ രക്ഷാധികാരിയും മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ ജനറല്‍ കോര്‍ഡിനേറ്റര്‍ ആയിട്ടുള്ള വിപുലമായ കമ്മിറ്റികള്‍ക്ക് കൊടുങ്ങല്ലൂര്‍ സെന്റ് മേരീസ് ഇടവക വികാരി ഫാ. ജോയ് പെരേപ്പാടന്, ഫിനാന്‍സ് ഓഫീസര്‍ ഫാ. ലിജോ കോങ്കോത്ത്, സെക്രട്ടറി ഫാ. റിജോ ആലപ്പാട്ട്, കാരുണ്യ വര്‍ഷം ഡയറക്ടര്‍ ഫാ. ഷാജു ചിറയത്ത്, കൊടുങ്ങല്ലൂര്‍ ഇടവക ട്രസ്റ്റിമാരായ ജോസ് മാത്യു, ഗില്‍ബര്‍ട്ട് ചിറയ്ക്കല്‍, ബേസില്‍ പടയാട്ടി, കേന്ദ്രസമിതി രൂപത പ്രസിഡന്റ് ജിക്സന് നട്ടേക്കാടന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. പത്രസമ്മേളനത്തില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍, വികാരി ജനറാള്‍മാരായ മോണ്‍. വില്‍സണ്‍ ഈരത്തറ, മോണ്‍. ആന്റു ആലപ്പാടന്‍, കണ്‍വീനര്‍ ഫാ. ഷാജു ചിറയത്ത്, ഫിനാന്‍സ് ഓഫീസര്‍ ഫാ. ലിജോ കോങ്കോത്ത്, കൊടുങ്ങല്ലൂര്‍ പള്ളി വികാരി ഫാ. ജോയ് പെരേപ്പാടന്, സെക്രട്ടി ഫാ. റിജോ ആലപ്പാട്ട്, പബ്ലിസിറ്റി കണ്‍വീനര്‍ ഫാ. ജിജോ വാകപറമ്പില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജിയോ വട്ടേക്കാടന്‍, രൂപത കേന്ദ്രസമിതി പ്രസിഡന്റ് ജിക്സന് നട്ടേക്കാടന്‍, കൊടുങ്ങല്ലൂര്‍ ഇടവക ട്രസ്റ്റി ജോസ് മാത്യു എന്നിവര്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റ് സ്കൂളില്‍ സയോനാര 2കെ26 സംഘടിപ്പിച്ചു
വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറും ഇലക്ട്രിക് സ്കൂട്ടറും സൈക്കിളും കത്തിനശിച്ചു
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ ഷട്ടില്‍ ബാഡ്മിന്റണില്‍ ചാമ്പ്യന്മാരായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്
സെപക് തക്രോയില് തൃശൂരിന്റെ ഇരട്ടത്തിളക്കം; കിരീടം പങ്കിട്ട് സെന്റ് ജോസഫ്സും സെന്റ് മേരീസും
ക്രൈസ്റ്റ് എയ്റോനെസ്റ്റ് അഗ്രോ ഇന്നൊവേഷന് പാര്‍ക്കില്‍ കാര്‍ഷിക പരിശീലനം
നടവരമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കൊയ്ത്തുത്സവം നടത്തി