കൂടല്‍മാണിക്യം ക്ഷേത്രോല്‍സവം 12 ന് കൊടിയേറി 22 ആറാട്ടോടെ സമാപിക്കും
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിനു 12 നു കൊടിയേറി 22 നു കൂടപ്പുഴ ആറാട്ട് കടവില്‍ ആറാട്ടോടെ സമാപിക്കും. ഏഴു ദിവസം നീണ്ടു നില്ക്കുന്ന കഥകളിയും ചുറ്റമ്പലത്തിനുള്ളിലെ താന്ത്രിക ചടങ്ങുകളും ക്ഷേത്രസംസ്കാരത്തിനും ചേരുന്ന കലാപരിപാടികളും 17 ആനകള്‍ അണിനിരക്കുന്ന ശീവേലി എഴുന്നള്ളത്തും മറ്റു ക്ഷേത്രങ്ങളില്‍ നിന്നും കൂടല്‍മാണിക്യത്തെ വ്യത്യസ്തമാക്കുന്നു. 12 നു രാത്രി 8.10 നും 8.40 നും മധ്യേ ഉത്സവത്തിനു കൊടികയറും. ഒന്നാം ഉത്സവദിനമായ മെയ് 13 നു കൊടിപ്പുറത്ത് വിളക്കാഘോഷത്തിനു ഭഗവാന് ആദ്യമായി പുറത്തേക്കെഴുന്നള്ളും. തുടര്‍ന്ന് ആസ്വാദരകരെ എട്ടു ദിനരാത്രങ്ങളോളം ആനന്ദലഹരിയിലാടിക്കുന്ന പഞ്ചാരിമേളത്തിനു തുടക്കമാവും. രണ്ട് ഉള്ളാനകളടക്കം 17 ഗജവീരന്മാര് രാവിലെ ശീവേലിക്കും വൈകീട്ട് വിളക്കിനും പങ്കെടുക്കും. കൊടിയേറ്റം നടക്കുന്നതോടെ തന്നെ ക്ഷേത്രത്തിനകത്തു വാതില്‍ മാടത്തില്‍ മിഴാവൊലിയുടെ ചാക്യാര്‍കൂത്ത് ആരംഭിക്കും. കൊടിപ്പുറത്ത് വിളക്കിന്റെ അന്ന് വൈകീട്ട് സന്ധ്യാവേലപന്തലില് നാഗസ്വരവും മദ്ദളപറ്റും കുഴല്‍പറ്റും വടക്കുപടിഞ്ഞാറെ പ്രദക്ഷിണ വഴിയില്‍ പാഠകവും പടിഞ്ഞാറെ നടപ്പുരയില്‍ കുറത്തിയാട്ടവും എഴുദിവസവും നടക്കും. ക്ഷേത്രത്തിനകത്ത് വാതില്‍മാടത്തില്‍ ബ്രാഹ്മണിപ്പാട്ടും രാവിലെയും വൈകീട്ടും സോപാനത്ത് അഷ്ടപദിയും അരങ്ങേറും. ക്ഷേത്രത്തിനെ സമ്പൂര്‍ണ പ്രഭാപൂരിതമാക്കുന്ന വലിയവിളക്കാഘോഷം 20 നു നടക്കും. 21 നു പള്ളിവേട്ട ദിനത്തില്‍ രാവിലെ ശീവേലിയോടെ ഉത്സവപാഞ്ചാരിമേളങ്ങള്ക്കു സമാപനമാകും. പഞ്ചാരി മേളത്തിനു പത്മശ്രീ പെരുവനം കുട്ടന്മാരാര് നേതൃത്വം നല്‍കും. വൈകീട്ട് എട്ടോടെ ക്ഷേത്രമതില്‍ക്കെട്ടിനു പുറത്തേക്കു വരുന്ന ഭഗവാന് നിശബ്ദമായി ഗജവീരന്മാരുടെ അകമ്പടിയോടെ പള്ളിവേട്ട ആല്‍ത്തറയിലേക്കു പള്ളിനായാട്ടിനായി എഴുന്നള്ളും. പള്ളിവേട്ടയ്ക്കുശേഷം പരക്കാട് തങ്കപ്പന് മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യവും തുടര്‍ന്നു പാണ്ടിമേളവും നടക്കും. മെയ് 22 നു രാവിലെ എട്ടിനു കൂടപ്പുഴ ആറാട്ടു കടവില്‍ പള്ളിനീരാട്ടനായി ഭഗവാന് മൂന്നു ഗജവീരന്മാരുടെ അകമ്പടിയോടെ യാത്രതിരിക്കും. രാപ്പാളില്‍ ആറാട്ടിനുശേഷം തിരിച്ചെഴുന്നള്ളുന്ന ഭഗവാനെ രാത്രി ഒമ്പതിനു പള്ളിവേട്ട ആല്‍ത്തറയ്ക്കല്‍ നിന്നും പഞ്ചവാദ്യത്തോടെയും തുടര്‍ന്നു പാണ്ടിമേളത്തോടെയും സ്വീകരിച്ചു ക്ഷേത്രത്തിനകത്തു ബാക്കി പ്രദക്ഷിണം പൂര്‍ത്തിയാക്കി ശ്രീലകത്തേക്ക് എഴുന്നള്ളിക്കും. ഇതോടെ 11 ദിവസം നീണ്ടു നില്ക്കുന്ന ഉല്‍സവത്തിനു പരിസമാപ്തിയാകും.