നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ഇടപെടലുകള്‍ എഴുത്തുകാരിയാക്കി- രതീദേവി
നോവല്‍ സാഹിത്യ യാത്ര
ഇരിങ്ങാലക്കുട: നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ഇടപെടലുകളും അനുഭവങ്ങളുമാണ് തന്നെ എഴുത്തുകാരിയായി മാറ്റിയതെന്ന് ബുക്കര്‍ പ്രൈസ് പട്ടികയില്‍ ഇടം നേടിയ മഗ്ദലീനയുടെ (എന്റെയും) പെണ്‍സുവിശേഷം എന്ന നോവലിലൂടെ ശ്രദ്ധ നേടിയ എഴുത്തുകാരി രതീദേവി. എസ്എന്‍ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ എസ്എന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍വെച്ച് 25 മത് നോവല്‍ സാഹിത്യ യാത്രയുടെ ഭാഗമായി സംഘടിപ്പിച്ച ചര്‍ച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. അഭിഭാഷക എന്ന നിലയിലും മനുഷ്യാവകാശ എകോപനസമിതി സംസ്ഥാന ചെയര്‍പേഴ്സണ്‍ എന്ന നിലയിലും സത്യസന്ധമായ ഇടപെടലുകളാണ് നടത്തിയിട്ടുള്ളത്. പല വഴികളിലും ക്രിസ്തുവിനെയും ബുദ്ധനെയുമാണ് താന്‍ കണ്ട് മുട്ടിയതെന്നും മേരി മഗ്ദലീന അതീവ പണ്ഡിതയായ സ്ത്രീ ആയിരുന്നുവെന്നും ആസൂത്രിമായ പുരുഷാധിപത്യമാണ് ഇവരെ തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചതെന്നും അവര്‍ പറഞ്ഞു. എസ്എന്‍ ചന്ദ്രിക എഡ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്മാന് ഡോ. സി.കെ. രവി അധ്യക്ഷത വഹിച്ചു. കാലടി സംസ്കൃത സര്‍വകലാശാലയിലെ ഡോ. പി.വി. ഭാഗ്യലക്ഷ്മി, മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ജോയ് എബ്രഹാം വള്ളുവനാടന്‍, നിഷ ബാലകൃഷ്ണന്, ഹംസ അറയ്ക്കല്‍, കെ. ഹരി, കെ.ആര്. നാരായണന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് ഡയറക്ടര്‍ ജിജോയ് രാജഗോപാല്‍, എസ്എന്‍ പബ്ലിക് ലൈബറി സെക്രട്ടറി പി.കെ. ഭരതന്, എസ്എന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റിട്ട. പ്രിന്‍സിപ്പല്‍ കെ.സി. ബിന്ദു, പി.കെ. അജയഘോഷ് എന്നിവര്‍ പ്രസംഗിച്ചു.