ജീവനക്കാരെ തിരിച്ചുവിളിച്ചു: കെഎസ്ആര്ടിസി സര്വീസുകള് നിലച്ചു
ആറ് സര്വീസുകള് മാത്രമാണ് ഇരിങ്ങാലക്കുടയില്നിന്ന് ഓപ്പറേറ്റ് ചെയ്തത്
ഇരിങ്ങാലക്കുട: വര്ക്ക് അറേഞ്ച്മെന്റിന്റെ അടിസ്ഥാനത്തില് ലഭിച്ച ഡ്രൈവര്മാരേയും കണ്ടക്ടര്മാരേയും തിരിച്ചുവിളിച്ചതോടെ ഇരിങ്ങാലക്കുട കെഎസ്ആര്ടിസി ഓപ്പറേറ്റിംഗ് സെന്ററില്നിന്നുള്ള സര്വീസുകള് നിലച്ചു. തൃശൂര്, ഗുരുവായൂര്, ചോറ്റാനിക്കര, കണ്ണിക്കര, പാലക്കാട് എന്നിവിടങ്ങളിലേക്കുള്ള ഓരോ സര്വീസും എറണാകുളത്തേക്കുള്ള രണ്ട് സര്വീസുകളുമടക്കം ഏഴുസര്വീസുകളാണ് നിലച്ചത്. വര്ക്ക് അറേഞ്ച്മെന്റിന്റെ അടിസ്ഥാനത്തില് മാര്ച്ച് അവസാനത്തോടെയാണ് ആറു ഡ്രൈവര്മാരേയും അഞ്ചുകണ്ടക്ടര്മാരേയും ഗുരുവായൂര് ഡിപ്പോയില്നിന്ന് ഇരിങ്ങാലക്കുടയിലേക്ക് നല്കിയിരുന്നത്.
ഡ്രൈവര്മാരുടേയും കണ്ടക്ടര്മാരുടേയും കുറവുമൂലം സര്വീസുകള് വെട്ടിക്കുറയ്ക്കേണ്ടിവരുന്നതിനാല് മന്ത്രി ആര്. ബിന്ദു ഗതാഗതമന്ത്രി ഗണേഷ് കുമാറിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വര്ക്ക് അറേഞ്ച്മെന്റിന്റെ ഭാഗമായി ഗുരുവായൂരില്നിന്ന് ഡ്രൈവര്മാരേയും കണ്ടക്ടര്മാരേയും അനുവദിച്ചത്. എന്നാല് കഴിഞ്ഞ ദിവസം ജോലിക്കെത്തിയവരെല്ലാം തിരികെ ഡിപ്പോകളിലേക്ക് ചെല്ലാനുള്ള നിര്ദേശം വന്നതോടെ അവര് മടങ്ങി. ഇതോടെ ആറു സര്വീസുകള് മാത്രമാണ് ഇരിങ്ങാലക്കുടയില്നിന്ന് ഓപ്പറേറ്റ് ചെയ്തത്.
ഡ്രൈവര്മാരുടെ കുറവുമൂലം ഇവിടെ നിന്നുള്ള പല പ്രധാനപ്പെട്ട സര്വീസുകളും വെട്ടിച്ചുരുക്കേണ്ട അവസ്ഥയിലാണ്. ഡ്രൈവര്മാരുടേയും കണ്ടക്ടര്മാരുടേയും കുറവ് നികത്തണമെന്ന് നിരവധി തവണ അധികാരികളുടെ ശ്രദ്ധയില്പ്പെടുത്തിയിട്ടും ഇതുവരെ അനുവദിച്ചുകിട്ടിയിട്ടില്ല. ജനറല് ട്രാന്സ്ഫറില് ഇരിങ്ങാലക്കുടയ്ക്ക് ഡ്രൈവര്മാരെ അനുവദിക്കാമെന്നാണ് അധികാരികള് അറിയിച്ചിരുന്നതെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. ഇരിങ്ങാലക്കുട ഓപ്പറേറ്റിംഗ് സെന്ററിന്റെ പ്രതിസന്ധികളെ കുറിച്ച് മന്ത്രി ആര്. ബിന്ദു കോര്പറേഷന് അധികാരികളുമായി ചര്ച്ച നടത്തിയിരുന്നു. എന്നാല് പ്രശ്നം പരിഹരിക്കപ്പെട്ടില്ല.