ബൈക്കിലെത്തി ആറ് പവന് മാല മോഷ്ടിച്ച കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍, മോഷണ മുതല്‍ കണ്ടെടുത്തു
ഇരിങ്ങാലക്കുട: ബൈക്കിലെത്തി ആറ് പവന് മാല മോഷ്ടിച്ച കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍, മോഷണമുതല്‍ കണ്ടെടുത്തു. പാലാ സ്വദേശി അഭിലാഷിനെയാണ് (52) തൃശൂര്‍ റൂറല്‍ എസ്പി നവനീത് ശര്‍മയുടെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട എസ്ഐ എം. അജാസുദ്ദീര്‍ അറസ്റ്റു ചെയ്തത്. ഈ കേസിലെ രണ്ടാം പ്രതി അങ്കമാലി മറ്റൂര്‍ സ്വദേശി വാഴേലിപറമ്പില്‍ വീട്ടില്‍ കിഷോര്‍ (40) മുന്‍പ് പിടിയിലായിരുന്നു. ഇക്കഴിഞ്ഞ ജനുവരി 20ന് രാവിലെ പതിനൊന്നു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന് തെക്കുവശം താമസിക്കുന്ന മാരാത്ത് കലവാണി വീട്ടില്‍ ഗീതയുടെ (57) ആറ് പവന് സ്വര്‍ണ മാലയാണ് ബൈക്കിലെത്തിയ രണ്ടു പേര് പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്.
വീട്ടില്‍ നിന്ന് ഉണ്ണായിവാരിയര്‍ സ്മാരക നിലയം റോഡിലൂടെ അമ്പലത്തിലേക്ക് അയല്‍വാസിയായ സ്ത്രീയോടൊപ്പം നടന്നുപോകുമ്പോഴാണ് സംഭവം. ഈ സമയം അതുവഴി ബൈക്കില്‍ വന്ന കിഷോറും അഭിലാഷും സ്ത്രീകളെ കണ്ടതോടെ കുറച്ചുദൂരം മുന്നോട്ടു പോയി തിരിച്ചെത്തി മാല പൊട്ടിച്ചെടുത്തു കടക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പോലീസ് സംഘത്തിന് അന്നു രാത്രി തന്നെ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിരുന്നു. ജനുവരി 19ന് അങ്കമാലിയില്‍ നിന്ന് മോഷ്ടിച്ച ബൈക്കിലാണ് ഇവര്‍ മാല പൊട്ടിക്കാന്‍ ഇറങ്ങിയത്.
ഇരിങ്ങാലക്കുട, ഗുരുവായൂര്‍ ഭാഗത്ത് കറങ്ങിയ ശേഷം 20ന് രാവിലെ ഇരിങ്ങാലക്കുടയില്‍ ചുറ്റിക്കറങ്ങുന്നതിനിടെയാണ് മാല മോഷണം നടത്തിയത്. സംഭവശേഷം രാത്രി അങ്കമാലിയില്‍ തിരിച്ചെത്തിയ കിഷോറും അഭിലാഷും പോലീസ് തങ്ങളെ തേടി എത്തുമോ എന്നറിയാന്‍ ഏറെ നേരം ടൗണില്‍ തന്നെ കഴിച്ചുകൂട്ടി. അര്‍ധരാത്രിയോടെയാണ് കിഷോറിന്റെ വീട്ടിലെത്തിയത്. പിറ്റേന്ന് തന്ത്രപൂര്‍വ്വം സ്വര്‍ണ മാല വില്‍പ്പന നടത്തി കിട്ടിയ പണം ഇരുവരും പങ്കിട്ടെടുത്ത് പിരിയുകയായിരുന്നു. ഇതിനിടെ രണ്ടു ദിവസത്തിനുള്ളില്‍ ബൈക്ക് മോഷ്ടിച്ച കേസില്‍ കിഷോര്‍ അങ്കമാലി പോലീസിന്റെ പിടിയിലായി.
കിഷോറിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തെങ്കിലും അഭിലാഷിനെ പഴിചാരുകയായിരുന്നു. കിഷോര്‍ പിടിയിലായതറിഞ്ഞതോടെ നാടുവിട്ട അഭിലാഷിനെ തേടി ഒളിവില്‍ പോയ സ്ഥലങ്ങളില്‍ പോലീസ് സംഘം അന്വേഷിച്ചെത്തിയിരുന്നു. പോലീസ് പിടിക്കുമെന്നു ഭയന്ന ഇയാള്‍ പഴനി, മധുര, ട്രിച്ചി ഇവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരികയായരുന്നു. നിരവധി ക്രിമിനല്‍, മോഷണ കേസുകളില്‍ പ്രതികളാണ് കിഷോറും അഭിലാഷും. എന്നും തന്റെ മാല കിട്ടുമോ എന്നു പോലീസുകാരോട് വിളിച്ചു ചോദിക്കാറുള്ള ഗീത ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു. ഈ ദുഃഖവാര്‍ത്തയറിഞ്ഞ് പോലീസുകാരും മനോവിഷമത്തിലായിരുന്നു. എങ്ങിനെയും നഷ്ടപ്പെട്ട സ്വര്‍ണമെങ്കിലും പ്രതികളില്‍ നിന്ന് കണ്ടെത്തി കൊടുക്കണമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു അന്വേഷണ സംഘം. ഇതിനിടെ എറണാകുളത്തെത്തിയ അഭിലാഷിനെ കഴിഞ്ഞയാഴ്ച തൃപ്പുണിത്തുറയില്‍ നിന്ന് ഒരു മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ ഹില്‍പാലസ് പോലീസ് അറസ്റ്റു ചെയ്തു.
ഈ കേസില്‍ ജയിലിലായിരുന്ന ഇയാളെ ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ ഇരിങ്ങാലക്കുടയിലെ മാല മോഷണക്കേസിലും കുറ്റസമ്മതം നടത്തുകയായിരുന്നു. മോഷണം പോയ സ്വര്‍ണവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. രണ്ടാം പ്രതി കിഷോറിന്റെ നേതൃത്വത്തിലായിരുന്നു സ്വര്‍ണം മഞ്ഞപ്രയിലെ ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയത്. വീടു പണിക്കെന്ന ആവശ്യം പറഞ്ഞാണ് മോഷണമുതല്‍ വില്‍പ്പന നടത്തിയത്. കാലടി സ്റ്റേഷനില്‍ പത്തും അങ്കമാലിയില്‍ ആറും കേസ് അടക്കം ഇരിങ്ങാലക്കുട, തടിയിട്ടപറമ്പ്, പെരുമ്പാവൂര്‍ സ്റ്റേഷനകളിലായി ഇരുപതോളം കേസുകളില്‍ കിഷോര്‍ പ്രതിയാണ്.
മതിലകം, അന്തിക്കാട്, കായംകുളം, കൂത്തുപറമ്പ്, എളവംതിട്ട, മണ്ണഞ്ചേരി, അങ്കമാലി, മുളംതുരുത്തി, കാലടി, ഒറ്റപ്പാലം, ആലപ്പുഴ നോര്‍ത്ത്, മരാരിക്കുളം, അരൂര്‍, കതിരൂര്‍, തലശേരി, ഇരിങ്ങാലക്കുട എന്നീ സ്റ്റേഷനുകളില്‍ നിരവധി കേസുകളിലും അഭിലാഷ് പ്രതിയാണ്. ഇരിങ്ങാലക്കുട ഡിവൈഎസ്പി എം.സി. കുഞ്ഞിമോയിന്‍കുട്ടിയുടെ നേതൃത്വത്തില്‍, എസ്ഐ എം. അജാസുദ്ദീന്, കെ.ആര്. സുധാകരന്, സീനിയര്‍ സിപിഒ മാരായ ഇ.എസ്. ജീവന്, എം.ആര്. രഞ്ജിത്ത്, രാഹുല്‍ അമ്പാടന്‍, കെ.എസ്. ഉമേഷ്, എം.സി. ജിനേഷ്, ഷിജിന് നാഥ്, ജിഷ ജോയി എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇരിങ്ങാലക്കുട മുന്‍ ഇന്‍സ്പെക്ടര്‍ അനീഷ് കരീം, എസ്ഐ എം.എസ്. ഷാജന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസിന്റെ ആദ്യഘട്ട അന്വേഷണം.