അറിവ് മുറിവാകരുത്: ജഡ്ജ് ജോമോന് ജോണ്‍
ഇരിങ്ങാലക്കുട: അറിവ് മുറിവാകാതെ തിരിച്ചറിവിലേക്ക് നയിക്കുകയും അതുവഴിയായി വിദ്യാഭ്യാസത്തിന്റെ സമ്പൂര്‍ണ്ണത ഉറപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മണ്ണാര്‍ക്കാട് അഡീഷണല്‍ ജഡ്ജും സ്പെഷ്യല്‍ ജഡ്ജുമായ ജോമോന് ജോണ്‍ അഭിപ്രായപ്പെട്ടു. മുരിയാട് ഗ്രാമ പഞ്ചായത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് നല്കിയ ആദര ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് രതി ഗോപി, ക്ഷേമകാര്യ സമിതി ചെയര്‍പേഴ്സണ്‍ സരിത സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ തോമാസ് തൊകലത്ത്, നിജി വത്സന്, കെ. വൃന്ദ കുമാരി, ജിനി സതീശന്, നിഖിത അനൂപ്, മനീഷ മനീഷ്, റോസ്മി ജയേഷ്, മണി സജയന്, നിത അര്ജുനന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന് സ്വാഗതവും, പഞ്ചായത്ത് അംഗം ശ്രീജിത്ത് പട്ടത്ത് നന്ദിയും പറഞ്ഞു.
പ്ലസ് ടു പരീക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്കും ലഭിച്ച ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂളിലെ യോനാ ബിജുവിനെയും, എസ്എസ്എല്‍സി പരീക്ഷയില്‍ 100% വിജയം കൈവരിച്ച ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, വിവിധ കായിക മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച വിദ്യാര്‍ഥികളെയും ചടങ്ങില്‍ വെച്ച് ആദരിച്ചു