വായനാശീലം നല്ല സംസ്കാരത്തെയും സമൂഹത്തെയും വളര്‍ത്തിയെടുക്കും.- ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: വായനാശീലം നല്ല സംസ്കാരത്തെയും സമൂഹത്തെയും വളര്ത്തിയെടുക്കമെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹൈസ്കൂളില്‍ നടന്ന ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ രൂപതാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്. കുട്ടികളില്‍ വായനാശീലം വളര്‍ത്തിയെടുക്കണം. അത് അറിവ് നേടുക മാത്രമല്ല വ്യക്തിത്വ വളര്‍ച്ചയ്ക്കും മൂല്യാധിഷ്ഠിത സംസ്കാരം വളര്‍ത്തിയെടുക്കാനും ഏറെ ഉപകരിക്കും. വാര്‍ത്തകളുടെ സത്യസന്ധമായ ആധികാരികത ഇന്നും പത്രങ്ങളിലാണ് നിലനില്‍ക്കുന്നത്. ഇക്കാര്യത്തില്‍ പത്രമുത്തശ്ശിയായ ദീപികയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ സ്കൂള്‍ ലീഡര്‍ സോണി പോളിന് ദീപിക പത്രത്തിന്റെ കോപ്പി നല്‍കികൊണ്ടാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ദീപിക എഡിറ്റിംഗ് കോ ഓര്‍ഡിനേറ്റര്‍ ഫാ. റിന്റോ പയ്യപ്പിള്ളി ആമുഖ പ്രഭാഷണം നടത്തി. സ്കൂള്‍ ചെയര്‍പേഴ്സണ്‍ ആന്‍ഡ്രിയ ജോമി വായനാദിന പ്രതിജ്ഞ ചൊല്ലികൊടുത്തു. അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് പയ്യപ്പിള്ളി, ഹെഡ്മിസ്ട്രസ് റീജ ജോസ്, പിടിഎ പ്രസിഡന്റ് മെഡ്ലി റോയ്, കത്തീഡ്രല്‍ ട്രസ്റ്റി ജോബി അക്കരക്കാരന്‍, സ്റ്റാഫ് പ്രതിനിധി ബിന്ദു വി. റപ്പായി, കെ.എസ് റെറ്റിന എന്നിവര്‍ പ്രസംഗിച്ചു. എംപിടിഎ പ്രസിഡന്റ് സില്‍വി പോള്‍, പിടിഎ ഭാരവാഹികളായ അജോ ജോണ്‍, സൈമണ്‍ കാട്ടൂക്കാരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.