വേളൂക്കര പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി
വേളൂക്കര: ആർദ്രം പദ്ധതിയുടെ ഭാഗമായി വേളൂക്കര പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതിന്റെ ഉദ്ഘാടനം മുഖ്യമന്തി പിണറായി വിജയൻ നിർവഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. 15 ലക്ഷം രൂപയുടെ സർക്കാർ ഫണ്ടുപയോഗിച്ചാണു വേളൂക്കര പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയത്. രജിസ്ട്രേഷൻ കൗണ്ടർ, ഒപി വിഭാഗം, ഡോക്ടർമാരുടെ മുറി, പരിശോധന മുറി, ഫാർമസി, ലാബ് എന്നിവയെല്ലാമാണു നവീകരിച്ചിട്ടുള്ളത്. കേന്ദ്രത്തിൽ രോഗി സൗഹൃദ കസേരകൾ, കുടിവെള്ളം, ടെലിവിഷൻ എന്നിവയും ഉണ്ടായിരിക്കും. കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹെൽത്ത് പദ്ധതി നടപ്പിലാക്കും. കേന്ദ്രത്തെ കംപ്യൂട്ടർ ശൃംഖലയുമായി ബന്ധിപ്പിക്കും. ഈ പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രത്തിൽ മൂന്നു ഡോക്ടർമാരുടെയും മൂന്നു സ്റ്റാഫ് നഴ്സുമാരുടെയും സേവനം ലഭ്യമാകും. ഒപി കൗണ്ടർ രാവിലെ എട്ടു മുതൽ വൈകിട്ടു അഞ്ചു വരെ ഉണ്ടായിരിക്കും. യോഗത്തിൽ പ്രഫ. കെ.യു. അരുണൻ എംഎൽഎ ശിലാഫലകം അനാഛാദനം ചെയ്തു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉചിത സുരേഷ് അധ്യക്ഷത വഹിച്ചു. ടി.എൻ. പ്രതാപൻ എംപി മുഖ്യാതിഥിയായിരുന്നു. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ, വേളൂക്കര പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയശ്രീ അനിൽകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ്. സുരേഷ്, വാർഡ് മെമ്പർ ഷാറ്റോ കുര്യൻ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജയ ഹരി, വേളൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. പീറ്റർ, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. താനൂജ എന്നിവർ പ്രസംഗിച്ചു.