ശ്രീനാരായണഗുരുവിനെ നവോത്ഥാന നായകനായും സാമൂഹ്യ പരിഷ്കര്‍ത്താവായും മാത്രമേ ചിത്രീകരിക്കാറുള്ളു, ഗുരുവിന്റെ ഈശ്വരീയതയെക്കുറിച്ച് മൗനം പാലിക്കുകയാണ്- വെള്ളാപ്പള്ളി നടേശന്
ഇരിങ്ങാലക്കുട: ശ്രീനാരായണഗുരുവിനെ നവോത്ഥാന നായകനായും സാമൂഹ്യ പരിഷ്കര്‍ത്താവായും വിപ്ലവകാരിയും മാത്രമേ ചിത്രീകരിക്കാറുള്ളൂവെന്നും ഗുരുവിന്റെ ഈശ്വരീയതയെക്കുറിച്ച് സമൂഹം മൗനം പാലിക്കുകയാണെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്എന്‍ഡിപി യോഗം മുകന്ദപുരം യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ വിശ്വശാന്തി ഹോമത്തിന്റെയും ഹോമമന്ത്ര ശതാബ്ദി സമ്മേളനത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മീയതയും ഭൗതികതയും സമന്വയിപ്പിച്ച് കൊണ്ടുള്ള പ്രവര്‍ത്തന ശൈലിയായിരുന്നു ഗുരു സ്വീകരിച്ചത്.
സര്‍വമത സമ്മേളനത്തിന്റെയും വൈക്കം സത്യാഗ്രഹത്തിന്റെയെല്ലാം ശതാബ്ദി ആഘോഷങ്ങള്‍ നടന്നു വരികയാണ്. മലബാറില്‍ നടന്ന മാപ്പിള ലഹളയെക്കുറിച്ചുള്ള ദുഖവും വൈക്കത്ത് വെച്ച് ഗുരുവിന് ഉണ്ടായ തിക്താനുഭവവുമാണ് ഇതിനെല്ലാം പ്രേരകമായി മാറിയതെന്ന് വിസ്മരിക്കരുതെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ശാന്തിനികേതന്‍ സ്കൂളില്‍ നടന്ന സമ്മേളനത്തില്‍ യൂണിയന് പ്രസിഡന്റ് സന്തോഷ് ചെറാക്കുളം അധ്യക്ഷത വഹിച്ചു. എസ്എന്‍ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം പ്രീതി നടേശന്, ബ്രഹ്മസ്വരൂപാനന്ദസ്വാമികള്‍, യൂണിയന് സെക്രട്ടറി കെ.കെ. ചന്ദ്രന്, യോഗം വനിതാ സംഘം സെക്രട്ടറി സംഗീത വിശ്വനാഥന്, പി.കെ. പ്രസന്നന്, കെ.കെ. ബിനു, യുധി മാസ്റ്റര്‍, സജീവ്കുമാര്‍ കല്ലട, സജിത അനില്‍കുമാര്‍, രമ പ്രദീപ്, ബെന്നി ആര്. പണിക്കര്‍, ശിവദാസ് ശാന്തി, അഡ്വ. ജിനേഷ്, സുബ്രമണ്യന്‍ മുതുപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.