കാട്ടൂരില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം
കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഭീഷണി; ഷെല്‍ട്ടറിന് സ്ഥലം തേടി പഞ്ചായത്ത്
കാട്ടൂര്‍: തെരുവുനായ്ക്കളുടെ കൂട്ടംകൂടിയുള്ള സഞ്ചാരം കാട്ടൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു. പകല്‍ സമയത്തുപോലും റോഡരികില്‍ കൂട്ടമായി തമ്പടിക്കുന്ന നായ്ക്കള്‍ രാത്രിയാകുന്നതോടെ വാഹനയാത്രക്കാര്‍ക്ക് കൂടുതല്‍ അപകടഭീഷണി ഉയര്‍ത്തുകയാണ്. തെരുവുനായ്ക്കളുടെ ശല്യത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി ഡോഗ് ഷെല്‍ട്ടര്‍ നിര്‍മിക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള നടപടികളുമായി പഞ്ചായത്ത് രംഗത്തെത്തി. കാട്ടൂര്‍ സെന്ററിലെ അല്‍ബാബ് സ്കൂള്‍ ജംഗ്ഷന് മുതല്‍ ബാര്‍ വരെയും കൊട്ടക്കടവ് പാലത്തിനു സമീപത്തുമാണ് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. കൊട്ടക്കടവ് പാലത്തിനു സമീപം റോഡരികില്‍ത്തന്നെ പത്തോളം നായ്ക്കള്‍ കൂട്ടമായി തമ്പടിച്ചിരിക്കുകയാണ്. സ്കൂള്‍ ജംഗ്ഷന് മുതല്‍ ബാര്‍ വരെയുള്ള ഭാഗത്തും രാത്രികാലങ്ങളില്‍ നായ്ക്കള്‍ കൂട്ടമായി റോഡിലിറങ്ങുന്നത് പതിവാണ്.
നായ്ക്കള്‍ വാഹനങ്ങള്‍ക്കു പിന്നാലെ പാഞ്ഞടുക്കുന്നതുമൂലം നിരവധി ഇരുചക്രവാഹന യാത്രക്കാര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പെട്ടെന്ന് റോഡിലേക്ക് ചാടിയിറങ്ങുന്ന നായ്ക്കളെ ഒഴിവാക്കാനുള്ള ശ്രമത്തിനിടെയാണ് പലപ്പോഴും അപകടങ്ങളുണ്ടാകുന്നത്. കാല്‍നടയാത്രക്കാരെയും സ്കൂള്‍ വിദ്യാര്‍ഥികളെയും നായ്ക്കളുടെ കൂട്ടം ഭീതിയിലാക്കുന്നുണ്ട്. പഞ്ചായത്തിന്റെ മറ്റു പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ എണ്ണം വര്‍ധിച്ചുവരുന്നതായി പരാതിയുണ്ട്. പൊതുജനങ്ങള്‍ക്ക് ഭീഷണിയാകുന്ന നായ്ക്കളെ നിയന്ത്രിക്കാന്‍ ശാശ്വതമായ സംവിധാനം വേണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് പഞ്ചായത്ത് ഡോഗ് ഷെല്‍ട്ടര്‍ നിര്‍മിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.
നേരത്തെ തെരുവുനായ്ക്കളെ പാര്‍പ്പിക്കുന്നതിനായി ഒരു കേന്ദ്രം ആരംഭിച്ചിരുന്നെങ്കിലും പ്രദേശവാസികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പഞ്ചായത്തുതലത്തില്‍ തെരുവുനായ്ക്കള്‍ക്കായി ഷെല്‍ട്ടര്‍ ഒരുക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സ്ഥലം കണ്ടെത്താനുള്ള നീക്കം. ഷെല്‍ട്ടര്‍ നിര്‍മിക്കുന്നതിന് അനുയോജ്യമായ സ്ഥലം പഞ്ചായത്തിന് വിട്ടുനല്‍കാന്‍ തയാറുള്ളവര്‍ സ്ഥലവുമായി ബന്ധപ്പെട്ട രേഖകള്‍ സഹിതം സമ്മതപത്രം നവംബര്‍ 19നകം പഞചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. സ്ഥലം ലഭ്യമാകുന്നതോടെ തെരുവുനായ്ക്കളുടെ നിയന്ത്രണത്തിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മരിച്ചവരുടെ ഓര്‍മ്മദിനം
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ ക്രോസ് കണ്ട്രി മത്സരം; ചാമ്പ്യന്മാരായി ക്രൈസ്റ്റ് കോളജ് ടീം
പി.കെ. ചാത്തന് മാസ്റ്ററുടെ ജീവചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: കുമ്മനം രാജശേഖരന്
ഇരിങ്ങാലക്കുട നഗരസഭയില്‍ കേരളോത്സവത്തിന് ഉജ്ജ്വല തുടക്കം
ഗ്രേസ് 2026: അധ്യാപകര്‍ക്ക് ആദരവുമായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ്
പെരുമ്പാവൂര്‍ അഭയഭവനില്‍ അറിവകം ലൈബ്രറി ആരംഭിച്ച് ക്രൈസ്റ്റ് കോളജ്