തുറവന്‍കുന്ന് സെന്റ് ജോസഫ്സ് തുറവന്‍കുന്ന് ഇടവകയുടെ നേതൃത്വത്തില്‍ അടുപ്പുകൂട്ടി സമരം ചെയ്തു
തുറവന്‍കുന്ന്: സെന്റ് ജോസഫ്സ് തുറവന്‍കുന്ന് ഇടവകയുടെ നേതൃത്വത്തില്‍ എല്ലാ സംഘടനകളേയും ചേര്‍ത്ത് കത്തോലിക്ക കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പെട്രോളിയം ഗ്യാസ് ഉത്പന്നങ്ങളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ചും പള്ളിയങ്കണത്തില്‍ അടുപ്പുകൂട്ടി സമരം ചെയ്തു. എല്ലാ സംഘടനാ അംഗങ്ങളും ചേര്‍ന്ന് റോഡിലൂടെ കാളവണ്ടി വലിച്ചും പട്ടിണി കൂടാതെ ജീവിക്കാന്‍ അനുവദിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധജാഥ നടത്തി. പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം ഇടവക വികാരി ഫാ. ജോജു കോക്കാട്ട് നിര്‍വഹിച്ചു. ഏകോപന സമിതി പ്രസിഡന്റ് ജോസഫ് അക്കരക്കാരന്‍ അധ്യക്ഷത വഹിച്ചു. പ്രതിഷേധത്തില്‍ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജിത സിഎസ്ടി, കേന്ദ്ര സമിതി പ്രസിഡന്റ് കെ.ടി. വര്‍ഗീസ്, ബെന്നി വിന്‍സെന്റ്, ജോണ്സന് മാപ്രാണത്തുക്കാരന്‍, ജിബില്‍ തെക്കേകര, മാതൃസംഘം പ്രസിഡന്റ് ഷിജി ജോര്‍ജ് പ്ലാക്കല്‍, മേരി റപ്പായി, ട്രസ്റ്റിമാരായ വര്‍ഗീസ് കാച്ചപ്പിള്ളി, ടിനോടോമി മങ്കിടിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.