നരേന്ദ്രമോഡി സര്ക്കാരിന്റെ സത്യപ്രതിജ്ഞ; ഇരിങ്ങാലക്കുടയില് വിജയോത്സവം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : നരേന്ദ്രമോഡി സര്ക്കാരിന്റെ സത്യപ്രതിജ്ഞയും തൃശൂര് ലോക്സഭാ മണ്ഡലത്തിലെ ഉജ്ജല വിജയവും ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ മുന്നേറ്റവും ആഘോഷിച്ച് എന്ഡിഎ പ്രവര്ത്തകര്. വാദ്യഘോഷങ്ങളുടെയും കാവടികളുടെയും അകമ്പടിയോടെ ഇരിങ്ങാലക്കുട കൂടല്മാണിക്യം ക്ഷേത്രം കിഴക്കേ നടയില് നിന്നും ആരംഭിച്ച വിജയോല്സവ പ്രകടനം നഗരം ചുറ്റി ബസ് സ്റ്റാന്ഡ് പരിസരത്ത് സമാപിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ചെറാക്കുളം, എന്ഡിഎ നിയോജക മണ്ഡലം ചെയര്മാന് കൃപേഷ് ചെമ്മണ്ട, കണ്വീനര് എ ആര് ജയചന്ദ്രന് തുടങ്ങിയവര് നേത്യത്വം നല്കി.
സുരേഷ് ഗോപിയെ വിജയിപ്പിച്ചതിന് നന്ദിയറിയിച്ച് സുരേഷ് ഗോപിയുടെ കൈയൊപ്പോടെയുള്ള കാര്ഡും മധുരപലഹാരങ്ങളും എല്ലാ വീടുകളിലും വിതരണം ചെയ്യുമെന്നും എന്ഡിഎ നേതൃത്വം അറിയിച്ചു. യു.ഡി.എഫും, എല്.ഡി.എഫും ജനകീയവിഷയങ്ങള് കൈകാര്യം ചെയ്യുന്നതിലുള്ള പിടിപ്പുകേടും രാഷ്ട്രീയ കപടതയും തിരിച്ചറിഞ്ഞ് പൊതുജനം ജാതിമതഭേദമെന്യേ വോട്ടുചെയ്തതാണ് സുരേഷ് ഗോപിയെ വിജയിപ്പിച്ചതെന്ന് എന്.ഡി.എ. നേതാക്കള് പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പില് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ 181 ബൂത്തില് 101 ബൂത്തിലും എന്.ഡി.എ. ഒന്നാമതെത്തി. ഇരിങ്ങാലക്കുടയില് 13,000 ലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്. 2019ലെക്കാള് 17,000 വോട്ടിന്റെ വര്ധന. കരുവന്നൂര് ബാങ്ക് സ്ഥിതിചെയ്യുന്ന പൊറത്തിശ്ശേരി മേഖലയില്നിന്നുമാത്രം 44 ശതമാനം വോട്ട് നേടി. 19 ബൂത്തുകളില് ഒന്നാം സ്ഥാനത്തെത്തി.