ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചുമതല പൂര്‍ത്തിയാക്കി; സന്ധ്യ നൈസണ്‍ ഇനി കിടപ്പു രോഗികളുടെ പരിചരണ രംഗത്തേക്ക്
ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചുമതല പൂര്‍ത്തിയാക്കി ഇനി കിടപ്പു രോഗികളുടെ പരിചരണ രംഗത്തേയ്ക്കിറങ്ങുകയാണ് സന്ധ്യ നൈസണ്‍. കഴിഞ്ഞ മൂന്നു വര്‍ഷമായി മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഇന്നലെ മുതല്‍ കിടപ്പ് രോഗികളെ ശാസ്ത്രീയമായി പരിശീലിപ്പിക്കുന്ന നിപ്മറിലെ പത്ത് മാസ കെയര്‍ ഗിവിങ്ങ് കോഴ്സിന് ചേര്‍ന്നു. മുന്‍പ് അഞ്ചു വര്‍ഷം ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നതുള്പ്പടെ എട്ടു വര്‍ഷമായി തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള പാലിയേറ്റിവ് യൂണിറ്റുകളുടെ പ്രവര്‍ത്തനത്തില്‍ നേരിട്ട് പങ്കെടുത്ത് അനുഭവമുണ്ടെന്ന് സന്ധ്യ നൈസണ്‍ പറഞ്ഞു.
പരിചരണം കിട്ടേണ്ടവരുടെ എണ്ണത്തിനനുസരിച്ച് പരിശീലനം ലഭിച്ച പരിചാരകരെ കിട്ടാത്തത് മേഖലയില്‍ വലിയ പ്രതിസന്ധിയാകുന്നുണ്ട്. ചെറുപ്പം മുതലേ ഈ മേഖലയോട് താത്പര്യമുണ്ട്. 13 വര്‍ഷമായി ഭര്‍ത്തൃമാതാവിനെ പരിചരിച്ചിരുന്നു. നിപ്മറിലെ പോലെ റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് പൂര്‍ത്തിയാക്കുന്നതോടെ ശാസ്ത്രീയ പരിചരണം നടത്താന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നുവെന്നും സന്ധ്യ നൈസണ്‍ പറഞ്ഞു. കിടപ്പ് രോഗി പരിചരണ രംഗത്ത് സജീവമാകുന്നതോടൊപ്പം ജനസേവനരംഗത്തും സന്ധ്യ നൈസണ്‍ തുടരും.
ഡോക്ടര്‍മാര്‍, ഫിസിയോ തെറാപ്പിസ്റ്റ്, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ് ന്യുട്രീഷ്യനിസ്റ്റുകള് എന്നിവരുടെ നേതൃത്വത്തിലാണ് കോഴ്സ് നടക്കുകയെന്ന് നിപ്മര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ സി.ചന്ദ്രബാബു പറഞ്ഞു. ഇവിടുത്തെ പരിശീലനം കൂടാതെ തദ്ദേശ സ്ഥാപനങ്ങളിലെ പെയ്ന് ആന്‍ഡ് പാലിയേറ്റിവ് കെയര്‍ യൂണിറ്റുകളില്‍ കൂടി വിപുലമായ പ്രായോഗിക പരിശീലനം നല്‍കും. കേരളത്തില്‍ ആദ്യമായാണ് രോഗീ പരിചരണത്തിനായി വിപുലവും ശാസ്ത്രീയവുമായ കോഴ്സ് ആരംഭിക്കുന്നത് എന്നും ഈ കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിദേശത്തും നാട്ടിലും മികച്ച തൊഴില്‍ സാധ്യതയുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.