കുളവാഴയും ചണ്ടിയും നിറഞ്ഞ് നീരൊഴുക്ക് നിലച്ച് ഷണ്മുഖം കനാല്‍; ആശങ്കയില്‍ പടിയൂര്‍ നിവാസികള്‍
ഇരിങ്ങാലക്കുട: മഴക്കാലം വന്നെത്തിയതോടെ ഷണ്മുഖം കനാല്‍ നിവാസികളുടെ നെഞ്ചില്‍ തീയാണ്. ഇടമുറിയാതെ മഴ പെയ്താല്‍ ആരോഗ്യ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുമെന്നാണ് ഷണ്മുഖം കനാല്‍ നിവാസികളുടെ അനുഭവപാഠം. ഈ കനാലിലെ മലിനജലമാണ് സമീപത്തെ കിണറുകളിലേക്കും പറമ്പുകളിലേക്കും ഒഴുകിയെത്തുക. ആയിരത്തോളം കുടുംബങ്ങളാണ് ഈ കനാലിനു ഇരു കരകളിലുമായി താമസിക്കുന്നത്. നഗരത്തിലെ എല്ലാ മാലിന്യങ്ങളും വന്നു ചേരുന്നത് ഈ കനാലിലേക്കാണ്. ചെളിയും ചണ്ടിയും നിറഞ്ഞ് കാട് പിടിച്ച് കിടക്കുകയാണ് കനാലിന്റെ ഭൂരിഭാഗം പ്രദേശങ്ങളും. ഇതു മൂലം നീരൊഴുക്ക് തടസപ്പെട്ടതിനാല്‍ മഴ കനത്താല്‍ വെള്ളക്കെട്ട് രൂക്ഷമാകാനാണ് സാധ്യത.
ഇരിങ്ങാലക്കുട മാര്‍ക്കറ്റ് പരിസരത്തുനിന്നും ആരംഭിച്ച് പടിയൂര്‍, പൂമംഗലം പഞ്ചായത്തുകളിലൂടെ കടന്ന്, കനോലി കനാലില്‍ ചേരുന്ന, ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള ഷണ്മുഖം കനാലിലാണ് ചണ്ടിയും കുളവാഴകളും നിറഞ്ഞുകിടക്കുന്നത്. ഷണ്മുഖം കനാലില്‍ മാലിന്യങ്ങള്‍ വന്നടിയുന്നതുമൂലം സമീപപ്രദേശങ്ങളിലെ കിണറുകളും മലിനമായി മാറുന്ന അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. മാത്രവുമല്ല, കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊതുക് പെറ്റുപരുകാനുള്ള സാധ്യതയുള്ളതിനാല്‍ പകര്‍ച്ചവ്യാധി ഭീഷണിയും നേരിടുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. കനാലില്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടിയിരിക്കുന്ന സ്ഥലങ്ങളില്‍ കൊതുകുകളുടെ പ്രജനനം ഇപ്പോള്‍ തന്നെ അധികമാണെന്നു കണ്ടെത്തിയിട്ടുണ്ട്.
മാലിന്യ നിര്‍മാര്‍ജനം ശക്തമായില്ലെങ്കില്‍ വരാന്‍ പോകുന്ന ദുരന്തത്തിനും സമാനതകള്‍ ഉണ്ടാകില്ലെന്നാണ് വിദഗ്ദപക്ഷം. മഴ ശക്തമായിട്ടും ഷണ്മുഖം കനാലില്‍നിന്ന് ചണ്ടിയും കുളവാഴകളും നീക്കംചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധം. മഴക്കാലമാകുന്നതിനുമുന്‍പേ കനാല്‍ വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് പടിയൂര്‍, പൂമംഗലം പഞ്ചായത്തുകള്‍ ഇറിഗേഷന്‍ വകുപ്പിന് കത്ത് നല്‍കിയിരുന്നെങ്കിലും നടപടിയായിട്ടില്ല. കനോലി കനാലിലേക്ക് ചേരുന്ന പുളിക്കെട്ട് കഴിഞ്ഞയാഴ്ച തുറന്നതോടെ പടിഞ്ഞാറന്‍ പ്രദേശത്തുള്ള കനാലിലെ ചണ്ടിയും കുളവാഴകളും ഒഴുക്കില്‍ കനാലിലേക്ക് പോകുന്നുണ്ടെങ്കിലും എടതിരിഞ്ഞി പാലത്തിന് കിഴക്കുഭാഗത്തിപ്പോഴും ചണ്ടിയും കുളവാഴകളും നിറഞ്ഞ അവസ്ഥയിലാണ്.
2018ലെ വെള്ളപ്പൊക്കത്തിന് ശേഷം സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലോ പഞ്ചായത്തിന്റെ വാര്‍ഷിക ദ്ധതിയിലോ ഉള്‍പ്പെടുത്തി പഞ്ചായത്തിന്റെ കീഴിലുള്ള തോടുകളിലെ മണ്ണ് നീക്കംചെയ്ത് വെള്ളം ഒഴുകിപ്പോകാനുള്ള നടപടികള്‍ എടുത്തിരുന്നു. എന്നാല്‍ ഈ വര്‍ഷം പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയോ മറ്റ് പദ്ധതികളില്‍ ഉള്‍പ്പെടുത്തിയോ തോടുകള്‍ ഒന്നും തന്നെ വൃത്തിയാക്കിയിട്ടില്ല. കനാല്‍ വൃത്തിയാക്കാന്‍ വൈകിയാല്‍ തേമാലിത്തറയുള്പ്പടെയുള്ള താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാകും. കനാല്‍ വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് പടിയൂര്‍, പൂമംഗലം പഞ്ചായത്തുകള്‍ ജലസേചനവകുപ്പിന് കത്തുനല്‍കി.