വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള സംഗമേശ്വര എന്‍എസ്എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ പ്രവര്‍ത്തനം നിറുത്തി വച്ചു
ഇരിങ്ങാലക്കുട: വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള സംഗമേശ്വര എന്‍എസ്എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ പ്രവര്‍ത്തനം നിറുത്തി വച്ചു. എതാനും വര്‍ഷങ്ങളായി വിദ്യാര്‍ഥികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ പ്രതിസന്ധിയിലായിരുന്നു സ്കൂള്‍. എല്‍കെജി മുതല്‍ പത്താം ക്ലാസ്സ് വരെയായി കഴിഞ്ഞ അധ്യയന വര്‍ഷം അമ്പതോളം കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പ്രിന്‍സിപ്പല്‍ അടക്കം പതിന്നാല് അധ്യാപകരും. ശമ്പളയിനത്തിലും മറ്റും വരുന്ന ചിലവുകള്‍ നേരിടാന്‍ കഴിയാതെ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് സ്കൂളിന്റെ പ്രവര്‍ത്തനം നിറുത്തി വയ്ക്കാന്‍ തീരുമാനിച്ചതെന്ന് സ്കൂള്‍ മാനേജ്മെന്റ് ചുമതല വഹിക്കുന്ന എന്‍എസ്എസ് മുകുന്ദപുരം താലൂക്ക് യൂണിയന് അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.
1977 ല്‍ അന്നത്തെ എന്‍എസ്എസ് യൂണിയന് ഭാരവാഹികളുടെ ശ്രമഫലമായി ഒരു സ്വകാര്യവ്യക്തിയുടെ വസതിയില്‍ ആരംഭിച്ച സ്കൂള്‍ പിന്നീട് ദേവസ്വം കെട്ടിടത്തിലും തുടര്‍ന്ന് എന്‍എസ്എസ് മുന്‍ യൂണിയന് പ്രസിഡന്റ് രാമന്കുട്ടിമേനോന് കാക്കാത്തുരുത്തി റോഡില്‍ കെഎസ്ഇ കമ്പനിക്ക് അടുത്തായി സംഭാവന നല്കിയ സ്ഥലത്തുമാണ് പ്രവര്‍ത്തിച്ച് വന്നിരുന്നത്. 1986 ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി എം ജേക്കബാണ് നിലവിലെ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. എല്‍പി, യുപി വിഭാഗങ്ങളായി ആരംഭിച്ച സ്കൂള്‍ 2004 ലാണ് ഹൈസ്കൂള്‍ ആക്കി ഉയര്‍ത്തിയത്.
സ്റ്റേറ്റ് സിലബസിലുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ഒരു ഘട്ടത്തില്‍ എണ്ണൂറോളം കുട്ടികള്‍ വരെ ഉണ്ടായിരുന്നതായും എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടി വന്നിരുന്നതായും സ്കൂളിലെ അധ്യാപകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പട്ടണത്തില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള സ്കൂളുകളുടെ എണ്ണം വര്‍ധിച്ചത് കുട്ടികളുടെ എണ്ണം കുറയാന്‍ കാരണമായെന്ന് സ്കൂള്‍ അധികൃതര്‍ സൂചിപ്പിക്കുന്നുണ്ട്. നിലവില്‍ ഉണ്ടായിരുന്ന കുട്ടികള്‍ മറ്റ് സ്കൂളുകളില്‍ പ്രവേശനം നേടിക്കഴിഞ്ഞു. സ്കൂളിന്റെ പ്രവര്‍ത്തനം നിറുത്തി വയ്ക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിനെയും സ്കൂള്‍ അധികൃതര്‍ അറിയിച്ച് കഴിഞ്ഞിട്ടുണ്ട്.