നൂലിഴകളിലെ വിശുദ്ധ അന്തോണീസ്; തിരുനാള്‍ദിനം മനോഹരമാക്കി യുവജനങ്ങള്‍
ഐക്കരക്കുന്ന്: ഇടവക മധ്യസ്ഥന്റെ ഓര്‍മത്തിരുനാള്‍ വ്യത്യസ്തമാക്കി യുവജനങ്ങള്‍. നൂലിഴകളില്‍ വിശുദ്ധ അന്തോണീസിന്റെ ചിത്രം തയാറാക്കിയാണ് പാദുവനഗര്‍ സെന്റ് ആന്റണീസ് ഇടവകയിലെ കെസിവൈഎം യുവജനങ്ങള്‍ തിരുനാള്‍ ആചരണം വ്യത്യസ്തമാക്കിയത്. ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തില്‍ 20 മണിക്കൂര്‍കൊണ്ട് 6000 നൂലിഴകളിലാണ് ഉണ്ണിയേശുവിനെ കൈകളിലേന്തിയ വിശുദ്ധ അന്തോണീസിന്റെ ത്രെഡ് ആര്‍ട്ട് ചിത്രം തയാറാക്കിയത്. ഇടവക വികാരി ഫാ. റിജോ ആലപ്പാട്ട്, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം ബ്രിന്റോ കുരിയന്‍, കോ-ഓര്‍ഡിനേറ്റര്‍മാരായ എസ്തര് ഡൊമിനി, ഷാരോണ്‍ ഷാജി, എഡ്വേര്‍ഡ് ജീജോ, ആന്റിയ ഫ്രാങ്കോ എന്നിവരുടെ നേതൃത്വത്തില്‍ 20 ഓളം യുവജനങ്ങളാണ് ചിത്രത്തിന് രൂപംനല്കിയത്. ചിത്രത്തിന്റെ അനാഛാദനം ഫാ. ജോമിന് ചെരടായി നിര്‍വഹിച്ചു. നാളെയാണ് പാദുവനഗര്‍ സെന്റ് ആന്റണീസ് ഇടവക ദേവാലയത്തില്‍ ഊട്ടുതിരുനാള് നടക്കുന്നത്. ഫാ. ആന്റോ പാണാടന്‍ തിരുനാള്കര്മങ്ങള്ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.